ബ്രിട്ടനിലെ ഏറ്റവും വലിയ ജയിൽ 2017 ൽ പ്രവർത്തനം ആരംഭിച്ചപ്പോൾ അത് വാഴ്‌ത്തപ്പെട്ടത്, തടവുകാരെ പുനരധിവസിപ്പിക്കുന്നതിനുള്ള 212 മില്യൻ പൗണ്ടിന്റെ പദ്ധതി എന്നായിരുന്നു. എന്നാൽ, ഏഴു വർഷങ്ങൾക്ക് ഇപ്പുറം വടക്കൻ വെയ്ൽസിലെ എച്ച് എം പി ബെർവിൻ ഖ്യാതി നേടുന്നത് മറ്റൊരു കാര്യത്തിനാണ്. പ്രിസൺ സർവ്വീസിനെ തന്നെ കളങ്കപ്പെടുത്തിക്കൊണ്ടുള്ള ലൈംഗിക ബന്ധങ്ങളുടെ തുടർക്കഥകളുടെ പേരിലാണ് ഇപ്പോൾ ഈ ജയിൽ വാർത്തകളിൽ ഇടംപിടിക്കുന്നത്.

ഏതാണ്ട് 2100 തടവുകാരെ പാർപ്പിക്കാൻ സൗകര്യമുള്ള ഈ ജയിലിലെ പുരുഷ വാർഡുകളിൽ സി കാറ്റഗറിയിലെ സൂപ്പർവൈസർമാരായി ജോലി ചെയ്യുന്ന 18 ഓളം വനിതാ ജീവനക്കർ, തടവുകാരുമായുള്ള വഴിവിട്ട ബന്ധത്തിന്റെ പേരിൽ പുറത്താക്കപ്പെടുകയോ രാജി വെയ്ക്കേണ്ടതായി വരികയോ ചെയ്തിട്ടുണ്ട്. ഐഷിയ ഗുൺ എന്ന പ്രൊബേഷണറി ഓഫീസറുടെ കഥ അടുത്തിടയാണ് പുറത്തു വന്നത്. തടവുകാരനായ ഖുറം റസാഖുമായി 1200 ൽ ഏറെ തവണയാണ് ഇവർ ഫോണിൽ സംസാരിച്ചത്. മാത്രമല്ല, അശ്ലീല വീഡിയോകൾ കൈമാറ്റം ചെയ്യുകയും ചെയ്തു. എന്തിനധികം, ഇയാൾക്കായി പുതിയ അടിവസ്ത്രം സ്വന്തം അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്തിക്കൊടുക്കുകയും ചെയ്തുവത്രെ.

ഇവരുടെ സഹപ്രവർത്തകായായ എമിലി വാട്ട്‌സൺ, ക്രിസ്ത്മസ് ദിനത്തിൽ ഒരു തടവുപുള്ളിയുമായി അയാളുടെ സെല്ലിനകത്ത് വെച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായ വാർത്തയും പുറത്തു വന്നിരുന്നു. സെല്ലുകളെ റൂമുകളെന്നും,ബ്ലോക്കുകളെ കമ്മ്യൂണിറ്റികൾ എന്നും വിളിക്കുന്ന ഈ ജയിലിൽ തടവുപുള്ളികൾക്ക് സ്വന്തമായി മൊബൈൽ ഫോണും ലാപ്‌ടോപ്പുമെല്ലാം ഉപയോഗിക്കുന്നതിനുള്ള അനുവാദവും ഉണ്ട്.

ഇത് ഈ ഒരു ജയിലിലെ മാത്രം കഥയല്ല. എച്ച് എം പ്രിസൺ സർവ്വീസിൽ അങ്ങോളമിങ്ങോളം വനിതാ ജീവനക്കാർക്കെതിരെ നിരവധി ആരോപണങ്ങളാണ് ഉയരുന്നത്. തടവുപുള്ളികളുമായി അവിഹിത ബന്ധം ഉണ്ടാക്കുന്ന വനിതാ ജീവനക്കാരുടെ എണ്ണം വർദ്ധിച്ചു വരികയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ മാസമായിരുന്നു, ഒരേ സമയത്ത്, ഒരേ തടവുപുള്ളീയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് അലീഷ ബെയ്റ്റ്‌സ്, എന്ന് 30 കാരിയായ ജീവനക്കാരിയെയും ജോഡീ വിൽക്കിസ് എന്ന 27 കാരിയായ ജീവനക്കാരിയേയും ബോൾട്ടൺ ക്രൗൺ കോടതി വിചാരണ ചെയ്തത്. റോക്ക്‌ഡെയ്ലിലെ ബക്ക്ലി എച്ച് എം പിയിലായിരുന്നു ഈ ത്രികോണ പ്രേമം അരങ്ങേറിയത്.

പ്രിസൺ ഓഫീസർ ആയിരുന്ന ബെയ്റ്റ്‌സ് ആയിരുന്നു മയക്കുമരുന്ന കള്ളക്കടത്തിന് തടവിൽ ആയ പുള്ളിയുമായി ആദ്യം ബന്ധം സ്ഥാപിച്ചത്. നഗ്ന ചിത്രങ്ങളും മറ്റും പങ്കുവച്ച ഇവർ, പ്രതിയുടെ ജയിൽ മോചനാത്തിന് ശേഷം ഒരുമിച്ച് ജീവിക്കാൻ വരെ തീരുമാനിച്ചിരുന്നു. പിന്നീട് 2020 ൽ ഇയാളുടെ ഫോൺ പരിശോധിച്ചപ്പോഴായിരുന്നു വിൽക്കിസുമായുള്ള ബന്ധം പുറത്തു വരുന്നത്. പബ്ലിക് ഓഫീസിലെ സ്വഭാവദൂഷ്യത്തിന് ഇരുവരും ശിക്ഷിക്കപ്പെടുകയും ചെയ്തു. ബെയ്റ്റ്‌സിന് രണ്ട് വർഷം എട്ടു മാസവും തടവ് ശിക്ഷ ലഭിച്ചപ്പോൾ, വിൽക്കിസിന് ലഭിച്ചത് 12 മാസത്തെ ശിക്ഷയായിരുന്നു.

ഇത് പുരുഷ ജയിലുകളിൽ ജോലി ചെയ്യുന്ന വനിതാ ജീവനക്കാരുടെ മാത്രം പ്രശ്നമല്ലെങ്കിലും, 2023 മാർച്ചിൽ അവസാനിച്ച മൂന്ന് വർഷക്കാലത്തിനിടയിൽ പുരുഷ ജയിലുകളിൽ ജോലി ചെയ്യുന്ന വനിതാ ജീവനക്കാരുടെ ഇടയിൽ ഇത്തരം പ്രവർത്തനങ്ങൾ വർദ്ധിച്ചു വരികയാണ്31 വനിതാ ജീവനക്കാരെയാണ് ഈ കാലയളവിൽ ജോലിയിൽ നിന്നു പിരിച്ചു വിട്ടത്. അതിൽ ഒരാൾ ഒരു തടവുപുള്ളിയുടെ കുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. മറ്റൊരു വനിതാ ജീവനക്കാരിയുടെ തുടയിൽ, ഒരു ജയിൽ പുള്ളിയുടെ ഫോൺ നമ്പർ പച്ച കുത്തിയിരുന്നു.

ഈ മൂന്ന് വർഷക്കാലത്തിനിടയിൽ, ഇത്തരത്തിലുള്ള സംഭവങ്ങളിൽ ഉണ്ടായിട്ടുള്ളത് 50 ശതമാനം വർദ്ധനവാണ്. ഈ കണക്കിൽ, ജി 4 എസ്, സേർകോ, സൊഡെക്‌സ്സോ തുടങ്ങിയ കമ്പനികൾ നടത്തുന്ന സ്വകാര്യ ജയിലുകളിൽ നിന്നുള്ള കണക്കുകൾ ഉൾപ്പെടുന്നില്ല. ഇതേകാലയളവിൽ പുരുഷ ജയിലുകളിൽ ജോലി ചെയ്യുന്ന അഞ്ച് പുരുഷ ജീവനക്കാരെയും വനിതാ ജയിലുകളിൽ ജോലി ചെയ്യുന്ന രണ്ട് വനിതാ ജീവനക്കാരെയും അവിഹിത ബന്ധങ്ങളുടെ പേരിൽ പിരിച്ചു വിട്ടിട്ടുണ്ട്. ഈ കണക്കുകൾ എല്ലാം തന്നെ മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നാണ് ഇതിൽ ജോലി ചെയ്തിട്ടുള്ളവർ പറയുന്നത്.