സീസർ മാത്രമല്ല, സീസറിന്റെ ഭാര്യയും സംശയത്തിനതീതയായിരിക്കണം എന്ന മഹത്തായ ജനാധിപത്യ ബോധം പല പാശ്ചാത്യ ജനാധിപത്യ രാജ്യങ്ങളും ഉയർത്തിപ്പിടിക്കാറുണ്ട്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചെസ്. തന്റെ ഭാര്യ, ബെഗോണ ഗോമസിനെതിരെ ഒരു കോടതി അന്വേഷണം പുറപ്പെടുവിച്ചതിനെ തുടർന്ന്, സർക്കാരിനെ തുടർന്നും നയിക്കണമോ എന്ന കാര്യം ആലോചിക്കുന്നതിനായി താത്ക്കാലികമായി ചുമതലകളിൽ നിന്നും വിട്ടു നിൽക്കാൻ തീരുമാനിച്ചിരിക്കുകയാണ് സ്പാനിഷ് പ്രധാനമന്ത്രി.

എല്ലാ വശവും ആലോചിച്ച് വരുന്ന തിങ്കളാഴ്ച തീരുമാനം പ്രഖ്യാപിക്കുന്നതു വരെ ഔദ്യോഗിക ചുമതലകളിൽ നിന്നും ഒഴിഞ്ഞു നിൽക്കുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. തനിക്ക് ചിന്തിക്കാൻ സമയം വേണമെന്നാണ് അദ്ദേഹം തന്റെ എക്സ് അക്കൗണ്ടിലൂടെ അറിയിച്ചിരിക്കുന്നത്. തനിക്ക് ഉടനടി ഒരു ഉത്തരം ആവശ്യമാണ്. സർക്കാരിനെ നയിക്കാൻ താൻ തുടരണമോ അതോ ഈ ബഹുമതി ത്യജിക്കണമോ .... അദ്ദേഹം എക്സിൽ കുറിക്കുന്നു. തിങ്കളാഴ്ച മാധ്യമങ്ങൾക്ക് മുന്നിൽ ഹാജരായി തന്റെ തീരുമാനം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തന്റെ സ്വകാര്യ ഇടപാടുകളിൽ, സ്വാധീനം ഉപയോഗിച്ച് സാഞ്ചെസിന്റെ പത്നി അഴിമതി കാണിച്ചു എന്ന ആരോപണത്തിനു മേൽ പ്രാഥമിക അന്വേഷണത്തിന് ഇന്നലെ (ബുധനാഴ്ച) ഒരു സ്പാനിഷ് കോടതി ഉത്തരവിട്ടതിനെ തുടർന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം എത്തിയത്. താനും തന്റെ ഭാര്യയും അഭിമുഖീകരിക്കുന്ന ആക്രമണങ്ങൾക്ക് അളന്നു കുറിച്ചുള്ള പ്രതികരണമാണ് ആവശ്യമെന്നും 52 കാരനായ പ്രധാനമന്ത്രി അറിയിച്ചു.

തീവ്ര വലതുപക്ഷവുമായി അടുത്ത് ബന്ധമുള്ളവർ നേതൃത്വം നൽകുന്ന ക്ലീൻ ഹാൻഡ്‌സ് എന്ന, അഴിമതിക്കെതിരായ സംഘാടന നൽകിയ കേസിലാണ് പ്രാഥമികാന്വേഷണത്തിന് കോടതി ഉത്തരവിട്ടത്. പ്രാഥമികാന്വേഷണം ആയതിനാൽ ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. എന്നിരുന്നാലും, താൻ നടത്തുന്ന ഒരു യൂണിവേഴ്സിറ്റി മാസ്റ്റേഴ്സ് ഡിഗ്രി കോഴ്സിന് പ്രധനമന്ത്രിയുടെ ഭാര്യ എന്ന നിലയിലുള്ള സ്വാധീനം ഉപയോഗിച്ച് സ്പോൺസർമാരെ കണ്ടെത്തി എന്നതാണ് കേസെന്ന് ചില പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

നേരത്തെ ഉണ്ടായിരുന്ന കൺസർവേറ്റീവ് സർക്കാരിനെതിരെയുള്ള അവിശ്വാസ പ്രമേയം പാസ്സായതോടെ 2018 ൽ ആയിരുന്നു സാഞ്ചെസ് പ്രധാനമന്ത്രിയാകുന്നത്. സാമ്പത്തിക വിദഗ്ധൻ കൂടിയായ സാഞ്ചേസ് യു എന്നിൽ ചീഫ് ഓഫ് കാബിനറ്റ് ആയും പ്രവർത്തിച്ചിട്ടുണ്ട്. 2003-ൽ മാഡ്രിഡിൽ കൗൺസിലർ ആയായിരുന്നു അദ്ദേഹം തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്.

പിന്നീട് സോഷ്യലിസ്റ്റ് പാർട്ടിയിൽ പടിപടിയായി ഉയർന്ന അദ്ദേഹം 2014 - ൽ ആദ്യമായി പാർലമെന്റ് അംഗമായി. 2017 ജൂൺ മുതൽ അദ്ദേഹം സോഷ്യലിസ്റ്റ് വർക്കേഴ്സ് പാർട്ടിയുടെ സെക്രട്ടറി ജനറലായും പ്രവർത്തിച്ചു വരുന്നു.