സ്‌കോട്ടിഷ് പാർലമെന്റിൽ എസ് എൻ പി സർക്കാരിനെതിരെ ലേബർ പാർട്ടി കൊണ്ടു വന്ന പ്രമേയം പരാജയപ്പെട്ടു. എം പിമാർ ആരും തന്നെ വിട്ടുനിൽക്കാതിരുന്ന വോട്ടിംഗിൽ 58 ന് എതിരെ 70 വോട്ടുകൾക്കാണ് പ്രമേയത്തെ പരാജയപ്പെടുത്തിയത്. അതുകൊണ്ടു തന്നെ ഫസ്റ്റ് മിനിസ്റ്റർ ഹംസ യൂസഫിന് ഉടനടി സ്ഥാനം ഒഴിയേണ്ടി വരില്ല. ഇതിനോടകം രാജി പ്രഖ്യാപിച്ച അദ്ദേഹത്തിന് പകരക്കാരനെ കണ്ടെത്തുന്നതു വരെ സ്ഥാനത്ത് തുടരാം. മാത്രമല്ല,28 ദിവസങ്ങൾക്കുള്ളിൽ പുതിയ നേതാവിനെ കണ്ടെത്തണമെന്ന നിയമപരമായ ബാദ്ധ്യതയിൽ നിന്നും എസ് എൻ പി ഒഴിയുകയും ചെയ്തു.

സ്‌കോട്ടിഷ് നിയമമനുസരിച്ച്, ഫസ്റ്റ് മിനിസ്റ്റർ പുറത്താക്കപ്പെട്ടാൽ 28 ദിവസങ്ങൾക്കുള്ളിൽ പുതിയ ആളെ തിരഞ്ഞെടുക്കണം. അത് കഴിയാതെ വന്നാൽ രാജ്യം വീണ്ടും പൊതു തെരഞ്ഞെടുപ്പിലേക്ക് പോ)കും. അവിശ്വാസ പ്രമേയത്തെ അതിജീവിക്കുക വഴി ഇപ്പോൾ എസ് എൻ പി ഒരു പൊതു തെരഞ്ഞെടുപ്പ് കൂടി ഒഴിവാക്കിയിരിക്കുകയാണ്. കഴിഞ്ഞയാഴ്ച ഭരണകക്ഷിയായ എസ് എൻ പി ക്കുള്ള പിന്തുണ പിൻവലിച്ച സ്‌കോട്ടിഷ് ഗ്രീൻസ് പാർട്ടിയും അവിശ്വാസ പ്രമേയത്തെ എതിർത്ത് വോട്ടു ചെയ്യുകയായിരുന്നു.

ഇതുവഴി വലിയൊരു സന്ദേശമാണ് ഗ്രീൻസ് പാർട്ടി എസ് എൻ പിക്ക് നൽകിയിരിക്കുന്നത്. ഭാവിയിൽ ആര് ഫസ്റ്റ് മിനിസ്റ്റർ ആയാലും ഗ്രീൻസ് പാർട്ടിയുമായി നല്ലൊരു ബന്ധം കാത്തു സൂക്ഷിക്കണം എന്നതാണ് ആ മുന്നറിയിപ്പ്. പാർലമെന്റിൽ ഒറ്റക്ക് ഭൂരിപക്ഷമില്ലാത്ത എസ് എൻ പി, ഗ്രീൻസ് പാർട്ടിയുടെ പിന്തുണയോടെയായിരുന്നു ഭരിച്ചിരുന്നത്. ഭരണം പങ്കിടാനായി ഇരു പാർട്ടികളും തമ്മിൽ ഉണ്ടാക്കിയ ബ്യൂട്ട് ഹൗസ് കരാറിൽ നിന്നും ഗ്രീൻസ് പിന്മാറിയെങ്കിലും, അവർക്കു കൂടി സമ്മതനായ ഒരു ഫസ്റ്റ് മിനിസ്റ്റർ വന്നാൽ വീണ്ടും അവർ എസ് എൻ പിയെ പിന്തുണച്ചേക്കാം.

അവിശ്വാസ പ്രമേയത്തിന്റെ ചർച്ചക്കിടയിൽ ഹംസ യൂസഫിന് പകരം മുതിർന്ന എസ് എൻ പി നേതാവ് ജോൺ സ്വിനിയെ ഫസ്റ്റ് മിനിസ്റ്റർ ആക്കുന്നതിനെ കുറിച്ചു പരിഹാസപൂർണ്ണമായ പരാമർശമുണ്ടായി. ഇതിനോടകം തന്നെ എസ് എൻ പി നേതാവായി നാല് വർഷം പൂർത്തിയാക്കിയ സ്വിനി, നിക്കോളാ സ്റ്റർജന്റെ മന്ത്രിസഭയിൽ ഡെപ്യൂട്ടി ഫസ്റ്റ് മിനിസ്റ്ററും ആയിരുന്നു. സ്വിന്നി നേതൃത്വത്തിലെത്തിയാൽ നിക്കോള സ്റ്റർജന്റെ കളിപ്പാവയായി ഭരിക്കും ഏന്നായിരുന്നു പ്രതിപക്ഷം ആരോപിച്ചത്.

നേരത്തെ സ്വിന്നി എഡ്യൂക്കേഷൻ സ്സെക്രട്ടറിയായി കൂടി പ്രവർത്തിച്ചിരുന്നു. അതിനെ പരാമർശിച്ച്, സ്വിനി അധികാരത്തിലെത്തിയാൽ, സ്‌കോട്ട്‌ലാൻഡ് എൻ എച്ച് എസ്സിനെ നശിപ്പിച്ച വ്യക്തിയിൽ നിന്നും സ്‌കോട്ട്‌ലാൻഡിലെ വിദ്യാഭ്യാസ മേഖലയെ നശിപ്പിച്ച വ്യക്തിയിലേക്കായിരിക്കും അധികാര കൈമാറ്റം നടക്കുക എന്നും ലേബർ നേതാക്കൾ പരിഹസിച്ചു.