ഹാൻഡ്‌ലോവ: സ്ലോവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് നിരവധി തവണ വെടിയേറ്റു. ഗുരുതര പരിക്കേറ്റ അദ്ദേഹത്തെ ഉടനടി ആശുപത്രിയിലേക്ക് കൊണ്ടു പോയി. ഹാൻഡ്‌ലോവയിലെ സർക്കാർ യോഗത്തിന് ശേഷമാണ് സംഭവം. യൂറോപ്യൻ യൂണിയൻ. ആക്രമണത്തെ ശക്തമായി അപലപിച്ചു.

റഷ്യയുമായി സൗഹൃദം പുലർത്തുന്ന ഫികോ, കഴിഞ്ഞ വർഷമാണ് പ്രധാനമന്ത്രിയായത്. സർക്കാർ സോഷ്യൽ മീഡിയ കുറിപ്പിലൂടെ വിവരം ലോകത്തെ അറിയിച്ചു. 'സ്ലോവാക് റിപ്പബ്ലിക് പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് നേരേ വധശ്രമം ഉണ്ടായി. അദ്ദേഹത്തെ ഹെലികോപ്ടറിൽ ബാൻസ്‌ക ബൈസ്ട്രികയിലേക്ക് കൊണ്ടുപോയി' എന്നായിരുന്നു അറിയിപ്പ്.

ഫികോയ്ക്ക് നേരേ അക്രമി പലതവണ വെടിവച്ചു. പൊലീസും ആക്രമണം സഥിരീകരിച്ചു. ആക്രമണത്തിന് ശേഷമുള്ള ആദ്യ മിനിറ്റുകളിൽ പ്രധാനമന്ത്രിയുടെ സുരക്ഷാ ഗാർഡുകൾ അദ്ദേഹത്തെ ശരവേഗത്തിൽ വാഹനവ്യൂഹത്തിലേക്ക് മാറ്റി. അക്രമിയെ ദൃക്‌സാക്ഷികൾ പിടിച്ചുവച്ചു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്തു വരികയാണ്. തലസ്ഥാന നഗരമായ ബ്രാട്ടിസ്ലാവയിൽനിന്നു 150 കിലോമീറ്ററോളം അകലെയാണ് ഹാൻഡ്ലോവ.

പ്രധാനമന്ത്രിയെ ഉന്നമിട്ട് അക്രമി നാലു തവണ വെടിയുതിർത്തതായാണ് റിപ്പോർട്ട്. തങ്ങളുടെ വാസ്‌കുകലർ സർജറി ക്ലിനിക്കിൽ വേണ്ട ശുശ്രൂഷ നൽകിയെന്ന് ഹാൻഡ്‌ലോവ പ്രാദേശിക ആശുപത്രി ഡയറക്ടർ മാർത്ത എക്ഹാർതോവ പറഞ്ഞു.

ആക്രമണത്തെ സ്ലോവാക് പ്രസിഡന്റ് സുസാന കാപുതോവ അപലപലിച്ചു. വാർത്ത ഞെട്ടിച്ചുവെന്ന് ചെക്ക് പ്രധാനമന്ത്രി പീറ്റർ ഫിയാല പ്രതികരിച്ചു.

നിലവിലെ കാലാവധി കൂടാതെ ഫികോ 2006-10 വരെയും, 2012 -18 വരെയും സർക്കാരിനെ നയിച്ചിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിൽ തിരഞ്ഞെടുക്കപ്പെട്ട ശേഷം ഫികോ നടത്തിയ ചില പ്രസ്താവനകൾ സ്ലോവാക്യയും അയൽക്കാരായ യുക്രെയിനും തമ്മിലുള്ള ബന്ധം വഷളാക്കി.

യുക്രെയിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതും, റഷ്യയുമായി അനുരഞ്ജനത്തിൽ എത്താൻ ആവശ്യപ്പെടുകയും ചെയ്യുന്ന പ്രസ്താവനകളാണ് വിവാദമായത്. പൊതുടെലിവിഷന്റെയും റേഡിയോയുടെും നിഷ്പക്ഷതയെ ഇല്ലാതാക്കുന്ന മാധ്യമ മാരണനിയമവും വലിയ പ്രതിഷേധങ്ങൾ ക്ഷണിച്ചുവരുത്തി.