- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയെ ഇനിയും കണ്ടെത്താനായില്ല
ടെഹ്റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയെ ഇനിയും കണ്ടെത്താനായില്ല. ഇറാൻ പ്രസിഡന്റ് സഞ്ചരിച്ചിരുന്ന ഹെലിക്കോപ്റ്റർ തകർന്ന് വീണിരുന്നു. ഇതിന് ശേഷം പ്രസിഡന്റിനെ കണ്ടെത്താനായിട്ടില്ലെന്നാണ് റിപ്പോർട്ട്. അയൽരാജ്യമായ അസർബൈജാനിൽ നിന്ന് മടങ്ങവേ അതിർത്തിയോടു ചേർന്നുള്ള ജോൽഫ നഗരത്തിലായിരുന്നു അപകടം. മോശം കാലാവസ്ഥയെ തുടർന്ന് പ്രസിഡന്റിന്റെ വിമാനം ഇടിച്ചിറക്കിയെന്ന റിപ്പോർട്ടുകളാണ് ആദ്യം പുറത്തുവന്നത്. സംഭവത്തിന് പിന്നിൽ അട്ടിമറി സംശയവും ഉയരുന്നുണ്ട്. ഹെലികോപ്ടറിന്റെ അടുത്ത് ആർക്കും എത്താനായിട്ടില്ല. ഇതാണ് രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നത്.
അസർബൈജാനും ഇറാനും ചേർന്ന് അരാസ് നദിയിൽ നിർമ്മിച്ച മൂന്നാമത്തെ അണക്കെട്ടിന്റെ ഉദ്ഘാടമായിരുന്നു ഞായറാഴ്ച. ഈ ചടങ്ങിൽ അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അൽയേവിനൊപ്പം ഇബ്രാഹിം റൈസി പങ്കെടുത്തിരുന്നു. അതിന് ശേഷമുള്ള മടക്കത്തിലാണ് അപകടം. മോശം കാലാവസ്ഥ മൂലം രക്ഷാപ്രവർത്തകർക്ക് സ്ഥലത്തേക്കെത്താൻ ബുദ്ധിമുട്ടുണ്ട്. കാറ്റിനൊപ്പം ശക്തമായ മഴയും തുടരുകയാണ്. ഇറാന്റെ പരമോന്നതനേതാവ് അയത്തൊള്ള അലി ഖമീനിയുടെ മാനസപുത്രനായാണ് റൈസിയെ അറിയപ്പെടുന്നത്.
ഇതിനിടെ സഹായത്തിനായി റഷ്യ 47 റെസ്‌ക്യൂ സ്പെഷ്യലിസ്റ്റുകളെയും ഒരു ഹെലിക്കോപ്റ്റും അയക്കുന്നുണ്ടെന്ന് റഷ്യൻ അടിയന്തര സാഹചര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്തു. പ്രസിഡന്റിനു വേണ്ടി പ്രാർത്ഥിക്കാൻ ഇറാനികളോട് അഭ്യർത്ഥിച്ചിരിക്കുകയാണ് വാർത്താ ഏജൻസിയായ ഫാർസ്. അപകടവിവരം ഇറാൻ ആഭ്യന്തര മന്ത്രി അഹ്‌മദ് വാഹിദി സ്ഥിരീകരിച്ചു. അതേസമയം അപകട സ്ഥലത്തു നിന്നു ലഭിക്കുന്ന വിവരങ്ങൾ ആശങ്കാജനകമാണെന്നാണ് സൂചനകൾ. അതീവ ജാഗ്രതയിലാണ് ഇറാൻ. ഇസ്രയേലുമായി ഇറാൻ സംഘർഷത്തിലാണ്. അതുകൊണ്ട് തന്നെ ഈ അപകടം പല തരത്തിലെ ചിന്തകൾക്ക് കാരണമാകുന്നുണ്ട്. പശ്ചിമേഷ്യയെ ആകെ പ്രതിസന്ധിയിലാക്കുന്നതാണ് ഈ ഹെലികോപ്ടർ അപകടം.
ഹെലിക്കോപ്റ്ററിന്റെ സിഗ്‌നൽ ലഭിച്ചതായി റിപ്പോർട്ടുകൾ വന്നെങ്കിലും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. അപകടസ്ഥലം കണ്ടെത്തിയെന്നും ഉസി ഗ്രാമത്തിനടുത്താണ് ഹെലികോപ്റ്റർ ഇറക്കിയതെന്നും വിവരങ്ങളുണ്ട്. കാൽനടയായി മാത്രമേ ഇവിടേക്ക് എത്താൻ സാധിക്കുകയുള്ളൂ. കനത്തമഴയിലാണ് രക്ഷാപ്രവർത്തകർ അങ്ങോട്ടേക്ക് സഞ്ചരിക്കുന്നത്. ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഇറാൻ പുറത്തുവിട്ടിട്ടില്ല. ഇറാൻ സൈന്യത്തിന്റെ പക്കലുള്ള പല വിമാനങ്ങളും ഹെലികോപ്റ്ററുകളും കാലഹരണപ്പെട്ടതാണ്. മധ്യപൂർവദേശ മേഖലയിൽ പ്രധാന ശക്തിയാണ് ഇറാൻ. ഇസ്രയേലിനെതിരെ പോരാടുന്ന ഗസ്സയിലെ ഹമാസിനും ലബനനിലെ ഹിസ്ബുല്ലയ്ക്കും ഇറാൻ ശക്തമായ പിന്തുണയാണു നൽകുന്നത്. ഇതെല്ലാം ഈ ഹെലികോപ്ടർ അപകടത്തിന് പല തലങ്ങൾ നൽകുന്നു.
ഇബ്രാഹിം റൈസിക്കൊപ്പം വിദേശകാര്യ മന്ത്രി ഹുസൈൻ ആമിർ അബ്ദുല്ലാഹിയാൻ, കിഴക്കൻ അസർബൈജാൻ പ്രവിശ്യയുടെ ഗവർണർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരും ഹെലിക്കോപ്റ്ററിൽ ഉണ്ടായിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. മൂന്നു ഹെലികോപ്റ്ററുകൾ അദ്ദേഹത്തിന്റെ വ്യൂഹത്തിലുണ്ടായിരുന്നുവെന്നും രണ്ടെണ്ണം ലക്ഷ്യസ്ഥാനത്ത് സുരക്ഷിതമായെത്തിയെന്നും തസ്നിം വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. ഇറാന്റെ തലസ്ഥാനമായ തെഹ്‌റാനിൽനിന്ന് 600 കിലോമീറ്ററോളം അകലെയാണ് അപകടം.
1960-ൽ ജനിച്ച റൈസി, തെഹ്റാനിലെ പ്രോസിക്യൂട്ടർ ജനറലും നിയമകാര്യവിഭാഗത്തിന്റെ ഉപമേധാവിയും രാജ്യത്തിന്റെ പ്രോസിക്യൂട്ടർ ജനറലുമായിരുന്നശേഷമാണ് പ്രസിഡന്റായത്. ജുഡീഷ്യറിയുടെ തലവനായിരിക്കെ 2021ൽ ഇറാൻ പ്രസിഡന്റായ റെയ്‌സി, ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ പിൻഗാമിയാകുമെന്നുവരെ കരുതപ്പെടുന്ന കരുത്തുറ്റ നേതാവുമാണ് റൈസി.