ടെഹ്‌റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു. ഇബ്രാഹിം റൈസിയും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റർ പൂർണമായും കത്തിനശിച്ച നിലയിൽ കണ്ടെത്തിയതിനു പിന്നാലെയാണ് പ്രസിഡന്റ് ഉൾപ്പെടെ ഹെലികോപ്റ്ററിലുണ്ടായിരുന്ന ഒൻപതു യാത്രക്കാരും മരിച്ചതായി സ്ഥിരീകരണം വന്നത്. ഇറാൻ വിദേശകാര്യ മന്ത്രി അമീർ അബ്ദുല്ലാഹിയാനും കൊല്ലപ്പെട്ടു. ഉന്നത ഉദ്യോഗസ്ഥരും പ്രവശ്യാ ഗവർണ്ണറും ഹെലികോപ്ടറിലുണ്ടായിരുന്നു. ഇവരുടെ മരണം ഔദ്യോഗികമായി ഇറാൻ സ്ഥിരീകരിച്ചിട്ടില്ല. ഡി എൻ എ പരിശോധനാ ഫലം പുറത്തു വന്ന ശേഷമേ സ്ഥിരീകരണമുണ്ടാകൂ. എന്നാൽ പ്രസിഡന്റിന്റേയും മറ്റും കത്തികരിഞ്ഞ മൃതദേഹം രക്ഷാപ്രവർത്തകർ കണ്ടെത്തിയിട്ടുണ്ട്.

ഇറാൻ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല. എന്നാൽ ദേശീയ മാധ്യമങ്ങളെല്ലാം പ്രസിഡന്റിന്റെ മരണം റിപ്പോർട്ട് ചെയ്യുന്നുണ്ട്. വാഹനങ്ങൾക്ക് എത്താൻ കഴിയാത്ത സ്ഥലത്താണ് വിമാനം തകർന്നത്. അതുകൊണ്ട് തന്നെ മൃതദേഹങ്ങൾ പുറത്തെത്തിക്കാൻ സമയം എടുക്കും. അതിന് ശേഷമേ ഇറാൻ ഔദ്യോഗിക സ്ഥിരീകരണത്തിന് തയ്യാറാകൂ. ഇറാനെ സംബന്ധിച്ചിടത്തോളം വലിയ പ്രതിസന്ധിയാണ് ഈ സംഭവം. അതുകൊണ്ട് തന്നെ ഇനി ഇറാനിലുണ്ടാകുന്ന ഓരോ തീരുമാനവും നിർണ്ണായകമാണ്. ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനിയെടുക്കുന്ന തീരുമാനം നിർണ്ണായകമാകും. അടിയന്തര യോഗം അദ്ദേഹം വിളിച്ചിട്ടുണ്ട്.

14 മണിക്കൂറോളം വൈകിയാണ് രക്ഷാപ്രവർത്തകർക്ക് അപകടസ്ഥലത്ത് എത്താനായാത്. പ്രതികൂല കാലാവസ്ഥയായിരുന്നു പ്രധാന വെല്ലുവിളി. ഇതും പ്രസിഡന്റിന്റെ ജീവൻ രക്ഷിക്കുന്നതിന് തടസ്സമായി. തുർക്കിയുടെ ഡ്രോൺ സംഘമാണ് ഹെലികോപ്റ്റർ കണ്ടെത്തിയത്. മലയിടുക്കുകളിൽ തട്ടിയാണ് അപകടം സംഭവിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. അട്ടിമറിയില്ലെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. പ്രവിശ്യാ ഗവർണർ മാലിക് റഹ്‌മതി, ഇറാൻ പരമോന്നത നേതാവിന്റെ പ്രതിനിധി ആയത്തുല്ല മുഹമ്ദ് അലി അലെഹഷെം എന്നിവരും ഹെലികോപ്റ്റിൽ റെയ്‌സിക്ക് ഒപ്പമുണ്ടായിരുന്നു. ഇവരെല്ലാം കൊല്ലപ്പെട്ടു. 3 ഹെലികോപ്റ്ററുകളാണ് പ്രസിഡന്റിന്റെ യാത്രാസംഘത്തിലുണ്ടായിരുന്നത്. മറ്റു 2 ഹെലികോപ്റ്ററുകളും സുരക്ഷിതമാണ്.

ഇറാൻ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്ടറിന്റേതെന്ന് സംശയിക്കുന്ന കണ്ടെത്തിയതായി റെഡ്ക്രസന്റും അറിയിച്ചു കോപ്ടറിലെ യാത്രക്കാർ ആരും ജീവനോടെയില്ലെന്നാണ് സൂചനയെന്ന് സ്റ്റേറ്റ് ടി.വി റിപ്പോർട്ട് ചെയ്തു . ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽനിന്ന് ഏകദേശം 600 കിലോമീറ്റർ വടക്ക് പടിഞ്ഞാറ് അസർബൈജാൻ അതിർത്തിയിലെ ജോൽഫ നഗരത്തിന് സമീപമാണ് അപകടം നടന്നത്. തബ്രീസിലേക്ക് പുറപ്പെട്ട ഹെലികോപ്ടർ ജുൽഫയിലെ വനമേഖലയിൽ ഇടിച്ചിറക്കുകയായിരുന്നു.

ജുഡീഷ്യറിയുടെ തലവനായിരിക്കെ 2021ൽ ഇറാൻ പ്രസിഡന്റായ റെയ്‌സി, ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനിയുടെ വത്സലശിഷ്യനും അദ്ദേഹത്തിന്റെ പിൻഗാമിയാകുമെന്നുവരെ കരുതപ്പെടുന്ന കരുത്തുറ്റ നേതാവുമായിരുന്നു. എല്ലാ അർത്ഥത്തിലും ഇറാന്റെ കരുത്തുള്ള നേതാക്കളിൽ ഒരാളായിരുന്നു റൈസി. ഇറാൻഅസർബൈജാൻ അതിർത്തിയിൽ ഇന്നലെ ക്വിസ് കലാസി അണക്കെട്ട് ഉദ്ഘാടനത്തിനായാണു റെയ്‌സി എത്തിയത്. അസർബൈജാൻ പ്രസിഡന്റ് ഇൽഹഹം അലിയേവും പങ്കെടുത്തിരുന്നു. കടുത്ത നിലപാടുകൾ സ്വീകരിച്ചിരുന്ന പാരമ്പര്യവാദിയായിരുന്നു റൈസി.

അപകടത്തിന് പിന്നിൽ അട്ടിമറി സാധ്യതയുണ്ടോ എന്നത് സംബന്ധിച്ച സൂചനകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. അപകടത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് ഇസ്റാഈൽ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.