ടെഹ്റാൻ: അസർബയ്ജാനിലെ ജോഫയിൽ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടേയും ഒപ്പമുണ്ടായിരുന്ന വിദേശകാര്യമന്ത്രി അമീർ അബ്ദുല്ലാഹിയാൻ ഉൾപ്പെടെയുള്ളവരുടേയും മൃതദേഹങ്ങൾ വടക്കുപടിഞ്ഞാറൻ ഇറാനിലെ നഗരമായ ടബ്രിസിലേക്ക് കൊണ്ടുപോകും. അപകട സ്ഥലത്തുനിന്ന് റെഡ് ക്രെസന്റ് പ്രവർത്തകർ മൃതദേഹങ്ങൾ കൊണ്ടുപോകുന്ന ദൃശ്യം പുറത്തുവന്നിരുന്നു.

രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ ഇസ്ലാമിക് റിപ്പബ്ലിക് റെഡ് ക്രെസന്റ് സൊസൈറ്റിയുടെ (ഐ.ആർ.സി.എസ്) മേധാവി പിർ ഹൊസൈൻ കൊലിവാന്ദ് ആണ് ടബ്രിസിലെ രക്തസാക്ഷികളെ അടക്കം ചെയ്ത കിഴക്കൻ അസർബൈജാൻ പ്രവിശ്യയിലെ പ്രത്യേക സ്ഥലത്തേക്ക് മൃതദേഹങ്ങൾ കൊണ്ടുപോകുന്ന വിവരം അറിയിച്ചത്. രക്ഷാപ്രവർത്തനം അവസാനിപ്പിച്ചതായും അദ്ദേഹം ടെലിവിഷൻ പ്രസ്താവനയിൽ അറിയിച്ചു.

ഐ.ആർ.സി.എസ്. പ്രവർത്തകരും സൈന്യവും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തിയത്. കാലാവസ്ഥ പ്രതികൂലമായതിനാൽ ഏറെ ദുഷ്‌കരമായിരുന്നു രക്ഷാപ്രവർത്തനം. ഈ സാഹചര്യത്തിൽ തുർക്കി സൈന്യത്തിന്റെ ആളില്ലാവിമാനമാണ് അപകടസ്ഥലം കണ്ടെത്തിയത്. മോശം കാലാവസ്ഥ കാരണം തിങ്കളാഴ്ചയാണ് രക്ഷാപ്രവർത്തകർക്ക് അപകട സ്ഥലത്ത് എത്താനായത്. പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു ഹെലികോപ്ടർ.

ഞായറാഴ്ച വൈകീട്ടുണ്ടായ ഹെലികോപ്റ്റർ അപകടത്തിലാണ് ഇറാന്റെ എട്ടാമത് പ്രസിഡന്റായ ഇബ്രാഹിം റെയ്സിയും വിദേശകാര്യമന്ത്രി അമീർ അബ്ദുല്ലാഹിയാനും കൊല്ലപ്പെട്ടത്. കിഴക്കൻ അസർബയ്ജാനിലെ ജോഫയിലാണ് അപകടമുണ്ടായത്. പ്രതികൂല കാലാവസ്ഥയുടെ സാഹചര്യത്തിൽ മലയിടുക്കിൽ തട്ടിയതാകാം അപകടകാരണമെന്നാണ് വിലയിരുത്തൽ.

അതേസമയം പ്രഥമ വൈസ് പ്രസിഡന്റായ മുഹമ്മദ് മൊഖ്ബർ ഇടക്കാല പ്രസിഡന്റായി ചുമതലയേൽക്കുമെന്ന് ഇറാന്റെ ഗാർഡിയൻ കൗൺസിൽ അറിയിച്ചു. ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ ഭരണഘടന പ്രകാരം പരമോന്നത നേതാവിന്റെ അംഗീകാരത്തോടെയാണ് മൊഖ്ബർ പ്രസിഡന്റായി ചുമതലയേൽക്കുകയെന്നും ഗാർഡിയൻ കൗൺസിൽ വക്താവ് ഹാദി തഹൻ നാസിഫ് അറിയിച്ചു.

ഇതിന് ശേഷം 50 ദിവസത്തിനകം പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് നടത്തും. ഇടക്കാല പ്രസിഡന്റ്, പാർലമെന്റ് സ്പീക്കർ, നീതിന്യായ വിഭാഗം മേധാവി എന്നിവരടങ്ങുന്ന സമിതിയാണ് തിരഞ്ഞെടുപ്പ് നടത്തുക. പ്രസിഡന്റിന്റെ മരണത്തിൽ ഇറാന് ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ഹാദി തഹൻ നാസിഫ് പറഞ്ഞു. രാജ്യത്തിന്റെ ദൈനംദിന പ്രവർത്തനങ്ങളെല്ലാം തടസമില്ലാതെ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹെലികോപ്റ്ററിന്റെ സുരക്ഷാവീഴ്ച

ഇബ്രാഹിം റെയ്‌സിയുടെയും വിദേശകാര്യമന്ത്രി ഹുസൈൻ അമീർ അബ്ദുല്ലാഹിയാന്റെയും, ഒപ്പം സഞ്ചരിച്ച മറ്റ് ഏഴ് പേരുടെയും ജീവനെടുത്ത ഹെലികോപ്റ്ററിന്റെ കാലപ്പഴക്കവും ചർച്ചയാകുന്നുണ്ട്. അപകടത്തിൽപ്പെട്ട ബെൽ 212 ഹെലികോപ്റ്ററിന്റെ സുരക്ഷാവീഴ്ചകൾ മുൻപു തന്നെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഫ്‌ളൈറ്റ് സേഫ്റ്റി ഫൗണ്ടേഷന്റെ കണക്കുകളനുസരിച്ച് എട്ടു മാസം മുൻപും ഒരു ബെൽ ഹെലികോപ്റ്റർ അപകടത്തിൽ പെട്ടിരുന്നു.

കൈവശമുള്ള ഹെലികോപ്റ്ററുകളുടെ അറ്റകുറ്റപ്പണികൾ നടത്താനും പുതിയവ വാങ്ങാനും ഇറാൻ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. സൈന്യത്തിന്റെ പക്കലുള്ള ഹെലികോപ്റ്ററുകളിൽ പലതും കാലഹരണപ്പെട്ടതാണ്. ആവശ്യത്തിനു പുതിയ കോപ്റ്ററുകൾ ഇല്ലാത്തിനാലാകും സുരക്ഷാപ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ള ബെൽ 212 തുടർന്നും ഉപയോഗിച്ചത്.

കൂടുതൽ ഭാരം വഹിക്കാനുള്ള ശേഷിയും ഡബിൾ എൻജിൻ സൗകര്യങ്ങളും ഉണ്ടെങ്കിലും പലപ്പോഴും ഇതിന്റെ രണ്ടാമത്തെ എൻജിൻ പണിമുടക്കാറുണ്ടെന്നാണ് പ്രധാന പരാതി. ഇറാൻ പ്രസിഡന്റ് റെയ്‌സിയുടെ മരണത്തിനു മുൻപ്, 2023 സെപ്റ്റംബറിൽ മറ്റൊരു ബെൽ 212 യുഎഇ തീരത്ത് തകർന്നുവീണിരുന്നു. ആ അപകടം ആരുടെയും ജീവൻ കവർന്നില്ല.

എന്നാൽ 2018ൽ ഉണ്ടായ സമാനസംഭവത്തിൽ നാലുപേർ മരിച്ചതായി ഫ്‌ളൈറ്റ് സേഫ്റ്റി ഫൗണ്ടേഷൻ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 1978 ജൂൺ മൂന്നിന് അബുദാബിയിൽ ഒരു ബെൽ 212 അപകടത്തിൽ 15 പേരുടെ ജീവനാണ് നഷ്ടമായത്.

ഇന്ന് ആഗോളതലത്തിൽ സർക്കാരുകളും സ്വകാര്യ ഓപ്പറേറ്റർമാരും ഉപയോഗിച്ചുവരുന്ന ബെൽ 212 ഹെലികോപ്റ്റർ വിയറ്റ്‌നാം യുദ്ധകാലത്ത് വ്യാപകമായിരുന്ന യുഎച് - 1 എൻ 'ട്വിൻ ഹ്യൂയി'യുടെ സിവിലിയൻ പതിപ്പാണ്.

ഇന്ന് ബെൽ ടെക്സ്ട്രോൺ എന്ന് പേരുള്ള ബെൽ ഹെലികോപ്റ്റർ, 1960 കളുടെ അവസാനത്തിൽ കനേഡിയൻ സൈന്യത്തിനു വേണ്ടി വികസിപ്പിച്ചതാണ്. രണ്ട് ടർബോഷാഫ്റ്റ് എൻജിനുകൾ വന്നതോടെ കൂടുതൽ ഭാരം വഹിക്കാനുള്ള കഴിവ് അതിനുണ്ടായി.

1971ൽ ഔദ്യോഗികമായി പുറത്തിറക്കിയ ബെൽ 212ന് അമേരിക്കയിലും കാനഡയിലും അതിവേഗം ആരാധകരുണ്ടായി. പക്ഷേ ഇന്ന് ബെൽ 212ന് പഴയ പ്രതാപം ഇല്ല. കൂടുതൽ മികച്ച പതിപ്പുകൾ ഇറങ്ങിയതും നിരവധി അപകടങ്ങൾ റിപ്പോർട്ട് ചെയ്തതും ബെല്ലിനെ വില്ലനാക്കി.