ലണ്ടൻ: വരുന്ന ജൂലായ് 4 ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം തങ്ങളുടെ സർക്കാർ വീണ്ടും അധികാരത്തിൽ എത്തിയാൽ എന്തൊക്കെ ചെയ്യണം എന്ന പട്ടിക തയ്യാറാക്കുകയാണ് പ്രധാനമന്ത്രി ഋഷി സുനക്. 12 മാസം പൂർണ്ണസമയം സൈനിക സേവനാാം അതിൽ ഒന്നാണ് . അതല്ലെങ്കിൽ ഒരു മാസം ഒരു വാരാന്ത്യം വീതം കമ്മ്യൂണിറ്റി സേവനങ്ങൾക്കായി മാറ്റി വയ്ക്കണം. യുവാക്കൾ ഇതിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കുവാൻ നിർബന്ധിതരായേക്കും.

'ഇത് മഹത്തായ ഒരു രാജ്യമാണ്. പക്ഷെ പുതിയ തലമുറകൾക്ക് അവർ അർഹിക്കുന്ന രീതിയിൽ രാജ്യത്തിന്റെ മഹത്വം അനുഭവിച്ചറിയുന്നതിനുള്ള അവസരം ലഭിച്ചിട്ടില്ല. അതു മുതലാക്കി പല ശക്തികളും നമ്മുടെ സമൂഹത്തിൽ വിഭാഗീയത സൃഷ്ടിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.' ഋഷി സുനക് പറയുന്നു. ഈ പ്രശ്നത്തെ ശരിയായ രീതിയിൽ അഭിമുഖീകരിച്ച് അതിനൊരു പരിഹാരം കാണുവൻ ഉതകുന്ന ഉത്തമ മാർഗ്ഗമെന്ന നിലയിലാണ് പുതിയ നിർദ്ദേശം മുൻപോട്ട് വയ്ക്കുന്നതെന്നും ഋഷി പറഞ്ഞു.

ഋഷി സുനകിന്റെ പ്രഖ്യാപനാശേഷം, ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങളുമായി ഹോം സെക്രട്ടറി ജെയിംസ് ക്ലെവർലി മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു. 18 വയസ്സുള്ള യുവാക്കൾ ഒന്നുകിൽ സൈനിക സേവനം അതല്ലെങ്കിൽ സാമൂഹ്യ സേവനം, ഇതിൽ ഏതെങ്കിലും ഒന്നിൽ പങ്കെടുക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഇതിൽ സൈനിക സേവനത്തിനായി 30,000 യുവാക്കളെ തിരഞ്ഞെടുക്കും. ഒരു വർഷമായിരിക്കും ഇവർ സൈന്യത്തിൽ സേവനം അനുഷ്ടിക്കേണ്ടത്.

അതിന് തയ്യാറുള്ളവർ, പ്രത്യേക ആപേക്ഷ നൽകുകയും നിശ്ചിത ടെസറ്റുകൾ പാസ്സാവുകയും വേണം. ഇങ്ങനെ സൈന്യത്തിൽ എടുക്കുന്നവർക്ക് പക്ഷെ യുദ്ധമുഖങ്ങളിൽ നേരിട്ട് പോരാടേണ്ടി വരില്ല, മറിച്ച്, സൈനിക ചരക്കു നീക്കം, സൈബർ സുരക്ഷ, സിവിൽ റെസ്‌പോൺസ് ഓപ്പറേഷനുകൾ എന്നിവിടങ്ങളിലായിരിക്കും ഇവരുടെ പ്രവർത്തനം.

കമ്മ്യൂണിറ്റി സർവ്വീസ് ആണ് രണ്ടാമത്തെ ഓപ്ഷൻ. ഇവിടെ എല്ലാ മാസവും ഒരു വാരാന്ത്യം യുവാക്കൾ കമ്മ്യൂണിറ്റി സേവനത്തിനായി മാറ്റി വയ്ക്കണം. ഇതും ഒരു വർഷത്തേക്കുള്ള പദ്ധതിയാണ്. പൊലീസ്, ഫയർ ഡിപ്പാർട്ട്‌മെന്റ്, എൻ എച്ച് എസ്, ചാരിറ്റി സംഘടനകൾ എന്നിവയോടൊത്ത് ചേർന്നായിരിക്കും ഇവർ പ്രവർത്തിക്കേണ്ടത്.

നിർബന്ധിത സൈനിക/ സാമൂഹ്യ സേവനത്തിൽ നിന്നും ആർക്കെങ്കിലും ഇളവ് ലഭിക്കുമോ എന്നത് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ, രാജകുടുംബത്തിലുള്ളവർക്ക് ഇത് ബാധകമായിരിക്കില്ല എന്ന് സ്ഥിരീകരിച്ചിട്ടൂണ്ട്. ചില ശാരീരിക വൈകല്യമുള്ളവർക്കും ഒഴിവ് ലഭിക്കാാൻ ഇടയുണ്ട്. സ്ത്രീകൾക്കും ഇത് ബാധകമായിരിക്കും.