ന്യൂയോർക്ക്: ബിസിനസ് രേഖകളിൽ കൃത്രിമം കാട്ടിയെന്ന കേസിൽ യു.എസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ന്യൂയോർക്ക് ജ്യൂറിയുടേതാണ് കണ്ടെത്തൽ. കൃത്രിമം കാട്ടിയെന്ന് ആരോപിക്കപ്പെട്ട 34-എണ്ണത്തിലും കുറ്റക്കാരനാണെന്നാണ് കണ്ടെത്തൽ. ജൂലൈ 11-നാണ് ശിക്ഷ വിധിക്കുക. പോൺ താരം സ്റ്റോമി ഡാനിയേൽസുമായുള്ള ലൈംഗികബന്ധം മറച്ചുവെക്കാൻ പണം നൽകിയെന്നും ഇതിനായി രേഖകളിൽ കൃത്രിമം കാട്ടിയെന്നുമാണ് കോടതി കണ്ടെത്തുന്നത്. ഏകകണ്ഠമായാണ് ജൂറി ട്രംപ് കുറ്റക്കാരനെന്ന് വിധിച്ചത്. വിവാഹേതര ബന്ധം വെളിപ്പെടുത്താതിരിക്കാൻ പോൺതാരത്തിന് പണം നൽകിയെന്ന കേസാണ് ഡ്രംപിന് വിനയാകുന്നത്.

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് ജോ ബൈഡനുമായി ഒരിക്കൽകൂടി ഏറ്റുമുട്ടാനിരിക്കേയാണ് വിധി വന്നത്. ഡെമോക്രാറ്റിക് പാർട്ടിയിൽ ജോ ബൈഡനും റിപ്പബ്ലിക് പാർട്ടിയിൽ ഡൊണാൾഡ് ട്രംപും നവംബറിൽ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥിത്വം ഉറപ്പിച്ചിരുന്നു. ഈ കോടതി വിധി അതുകൊണ്ട് തന്നെ ട്രംപിന് നിർണ്ണായകമാണ്. ട്രംപിന്റെ സാധ്യതകളെ ഈ വിധി ബാധിച്ചേക്കും. അതേസമയം, കേസ് കെട്ടിചമച്ചതെന്ന് ട്രംപ് പ്രതികരിച്ചു. രാഷ്ട്രീയ എതിരാളിയെ നേരിടാനുള്ള ബൈഡന്റെ നീക്കമാണിതെന്നും രാജ്യം നരകത്തിലേക്കാണെന്നും താൻ നിരപരാധിയാണെന്നും ട്രംപ് പറഞ്ഞു.

ട്രംപുമായി 2006-ലുണ്ടായ ലൈംഗികസമാഗമം വിശദമായി കോടതിയിൽ സ്റ്റോമി ഡാനിയൽസ് വിവരിച്ചിരുന്നു. സ്റ്റോമിയുമായുള്ള ഈ ബന്ധം മറച്ചുവെക്കാൻ 2016-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കവേ ട്രംപ് 1.30 ലക്ഷം ഡോളർ സ്റ്റോമിക്കു നൽകിയെന്നും ഇതിനായി ബിസിനസ് രേഖകളിൽ കൃത്രിമം കാട്ടി എന്നുമാണ് കേസ്. ന്യൂയോർക്കിലെ കോടതിയിൽ ഹാജരായ സ്റ്റോമി, 2006-ൽ ലേക്ക് ടാഹോയിലെ ഗോൾഫ് മത്സരവേദിയിലാണ് ട്രംപിനെ കണ്ടുമുട്ടിയതെന്നും വിരുന്നിനുള്ള അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ചെന്നും സ്റ്റോമി പറഞ്ഞിരുന്നു.. അന്ന് റിയൽ എസ്റ്റേറ്റ് രംഗത്തായിരുന്ന ട്രംപ് 'ദ അപ്രന്റിസ്' എന്ന റിയാലിറ്റി ഷോയുടെ അവതാരകനായിരുന്നു. അതിൽ അവസരം നൽകാമെന്നു വാഗ്ദാനംചെയ്ത് താനുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു. എന്നാൽ, വാഗ്ദാനം പാലിക്കപ്പെടില്ലെന്നു മനസ്സിലായതോടെ താൻ ട്രംപുമായുള്ള ബന്ധം ഉപേക്ഷിച്ചുവെന്നും വെളിപ്പെടുത്തി.

2016-ൽ ട്രംപ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുവെന്ന് അറിഞ്ഞപ്പോൾ ഈ കഥ തന്റെ ഓർമ്മക്കുറിപ്പിന്റെ വിൽപ്പനയ്ക്ക് ഉപകരിക്കുമെന്ന് പുസ്തകത്തിന്റെ പ്രചാരണമേറ്റെടുത്ത കീത്ത്് ഡേവിഡ്‌സൺ പറഞ്ഞു. എന്നാൽ, അതു പുറത്തുപറയാതിരിക്കാൻ ഡേവിഡ്‌സണും ട്രംപിന്റെ അഭിഭാഷകൻ മൈക്കൽ കോഹനും കരാറുണ്ടാക്കി. അതനുസരിച്ചാണ് തനിക്ക് 1.30 ലക്ഷം ഡോളർ നൽകിയതെന്നും സ്റ്റോമി വിശദീകരിച്ചിരുന്നു. നേരത്തെയും ട്രംപിനെതിരെ ആരോപണങ്ങളുമായി സ്റ്റോമി രംഗത്ത് വന്നിട്ടുണ്ട്. 2006-ൽ കാലിഫോർണിയയിലെ ലേക്ക് ടോഹോ ഹോട്ടലിൽവെച്ച് ട്രംപ് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു സ്റ്റോമിയുടെ വെളിപ്പെടുത്തൽ. ഈ വിഷയം ഒത്തുതീർപ്പാക്കുന്നതിനായാണ് ട്രംപ് അവർക്ക് പണം നൽകിയതെന്നാണ് ഈ കേസിലെ ആരോപണം. ഇതിനുപുറമെ ഇത്തരമൊരു ആവശ്യത്തിനായി അദ്ദേഹം ഉപയാഗിച്ച പണം തിരഞ്ഞെടുപ്പ് ഫണ്ടിൽ നിന്ന് വകമാറ്റിയതാണെന്നും ആരോപണമുണ്ട്.

അശ്ലീല ചലച്ചിത്ര വ്യവസായ രംഗത്ത് പരിചയസമ്പന്നയാണ് സ്റ്റോമി ഡാനിയേൽ. 17 വയസ്സുള്ളപ്പോൾ ഒരു സ്ട്രിപ്പ് ക്ലബിന്റെ ഭാഗമാകുന്നതോടെയാണ് ഈ രംഗത്തേക്ക് സ്റ്റോമി കടന്നുവരുന്നത്. തുടർന്ന് പിന്നീടുള്ള ജീവിതത്തിൽ എണ്ണമറ്റ നീലച്ചിത്രങ്ങളുടെ ഭാഗമായി അവർ. നീലച്ചിത്രങ്ങളിലെ അഭിനേത്രി എന്ന നിലയിലും സംവിധായിക എന്ന നിലയിലും അമേരിക്കയിൽ അറിയപ്പെടുന്ന ആളാണ് അവർ. ഈ രംഗത്ത് ജോലി ചെയ്യുന്ന മറ്റ് പല പ്രമുഖരെയും പോലെ സ്റ്റോമി ഡാനിയേൽ എന്നുള്ളത് അവർ തിരഞ്ഞെടുത്ത പേരാണ്. യഥാർഥ പേര് സ്റ്റെഫാനി ക്ലിഫോർഡ്.

പ്രശസ്ത അമേരിക്കൻ സംഗീതജ്ഞൻ നിക്കി സിക്സിന്റെ മകളുടെ പേരായ സ്റ്റോമിൽ നിന്നും അവരുടെ പ്രിയപ്പെട്ട മദ്യ ബ്രാൻഡായ ജാക്ക് ഡാനിയേൽസിൽ നിന്നുമുള്ള സ്വാധീനമാണ് ഇത്തരമൊരു പേരിലേക്ക് നിക്കിയെ നയിച്ചതെന്നാണ് അമേരിക്കൻ മാധ്യമങ്ങൾ വ്യക്തമാക്കുന്നത്.