ജറുസലം: ഇസ്രയേലിന്റെ ആറംഗ യുദ്ധ കാബിനറ്റ് പിരിച്ചുവിട്ട് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഇസ്രയേലിലെ മുതിർന്ന നേതാവും വാർ കാബിനറ്റ് അംഗവുമായിരുന്ന ബെനി ഗാൻസും സഖ്യകക്ഷിയായ ഗാഡി ഐസെൻകോട്ടും പിൻവാങ്ങി ഒരാഴ്ചക്കുള്ളിലാണ് തീരുമാനം. ഫലസ്തീനുമായുള്ള യുദ്ധം സംബന്ധിച്ച മന്ത്രിസഭാ തീരുമാനങ്ങൾ ഇനിമുതൽ ചെറിയ ഗ്രൂപ്പുകളായി കൂടിയാലോചിച്ച് തീരുമാനിക്കും. കഴിഞ്ഞ ദിവസം വൈകുന്നേരം നടന്ന രാഷ്ട്രീയ സുരക്ഷാ കാബിനറ്റ് യോഗത്തിലാണ് നെതന്യാഹു തീരുമാനം പ്രഖ്യാപിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

"പ്രതിപക്ഷനേതാവ് ബെനി ഗാൻസിന്റെ പ്രത്യേക ആവശ്യപ്രകാരം അദ്ദേഹത്തെ ഉൾപ്പെടുത്തിയാണ് കാബിനറ്റ് രൂപീകരിച്ചത്. അദ്ദേഹം ഒഴിഞ്ഞതോടെ ഇനി അതിന്റെ ആവശ്യമില്ല" നെതന്യാഹു പ്രതികരിച്ചു. പുതിയ മാറ്റം സൈന്യത്തിന്റെ കമാൻഡിങ് ശൃംഖലയെ ബാധിക്കില്ലെന്ന് ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് (ഐഡിഎഫ്) വക്താവ് അറിയിച്ചു.

2023 ഒക്ടോബർ ഏഴിന് ഹമാസ് സംഘാംഗങ്ങൾ ഇസ്രയേൽ അതിർത്തിയിൽ അതിക്രമിച്ച് കടന്ന് നടത്തിയ കൂട്ടക്കൊലയ്ക്ക് പിന്നാലെ ആരംഭിച്ച ഇസ്രയേൽ ഹമാസ് യുദ്ധം ഇന്ന് ഗസ്സയുടെയും റഫായുടെയും ഏതാണ്ട് പൂർണ്ണനാശത്തിലാണ് എത്തി നിൽക്കുന്നത്. യുദ്ധത്തിനെതിരെ അന്താരാഷ്ട്രാ സമ്മർദ്ദം ശക്തമായപ്പോഴാണ് ഇസ്രയേൽ, റഫാ ആക്രമണം കടുപ്പിച്ചതും. ഇതിനിടെയാണ് യുദ്ധത്തിന് മേൽനോട്ടം വഹിച്ചിരുന്ന ഇസ്രയേൽ യുദ്ധമന്ത്രിസഭയെ ബെഞ്ചമിൻ നെതന്യാഹു പിരിച്ചുവിടുന്നത്.

അതേസമയം അടിയന്തരാവസ്ഥാ സർക്കാരിൽ നിന്ന് ബെന്നി ഗാന്റ്‌സിന്റെ രാജിക്ക് പുറകെയാണ് നെതന്യാഹു യുദ്ധ മന്ത്രിസഭ പിരിച്ച് വിട്ടതെന്നും എന്നാൽ, പിന്നാലെ തീവ്രവലതുപക്ഷ സഖ്യകക്ഷികൾ പുതിയ യുദ്ധ മന്ത്രിസഭയ്ക്കായി നെതന്യാഹുവിന്റെ നേൽ സമ്മർദ്ദം ചെലുത്തുകയാണെന്നും അൽജസീറ റിപ്പോർട്ട് ചെയ്തു. മിതവാദി രാഷ്ട്രീയക്കാരനും ദേശീയ ഐക്യ പാർട്ടിയും കഴിഞ്ഞ വർഷമാണ് അടിയന്തര സഖ്യത്തിൽ ചേരുകയും യുദ്ധകാല സർക്കാറിന്റെ ഭാഗമാവുകയും ചെയ്തത്.

ബെന്നി ഗാന്റ്‌സിന്റെ രാജിയോടെ യുദ്ധ മന്ത്രിസഭയുടെ ആവശ്യമില്ലെന്ന് നെതന്യാഹു മന്ത്രിമാരോട് പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്. ആറംഗ യുദ്ധ കാബിനറ്റിലെ ഒരംഗമായ ഗാന്റ്‌സ്, മന്ത്രിസഭയിലെ മൂന്ന് നിരീക്ഷകരിൽ ഒരാളായ ഗാഡി ഐസെൻകോട്ടിനൊപ്പം അടുത്തിടെ രാഷ്ട്രീയ സഖ്യത്തിൽ നിന്നും പിന്മാറിയിരുന്നു. കഴിഞ്ഞ വർഷം നടന്ന തെരഞ്ഞെടുപ്പിൽ ഭരിക്കാനുള്ള ഭൂരിപക്ഷമില്ലാതിരുന്ന നെതന്യാഹു, തീവ്ര വലതുപക്ഷ പാർട്ടികളെ ഒപ്പം കൂട്ടിയാണ് മന്ത്രിസഭ രൂപീകരിച്ചത്.

പ്രതിരോധ മന്ത്രി യോവ് ഗാലന്റ്, യുദ്ധ കാബിനറ്റിൽ ഉണ്ടായിരുന്ന തന്ത്രപ്രധാനകാര്യ മന്ത്രി റോൺ ഡെർമർ എന്നിവരുൾപ്പെടുന്ന ആളുകളുമായി നെതന്യാഹു ഗസ്സ യുദ്ധത്തെക്കുറിച്ച് കൂടിയാലോചനകൾ നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം യുദ്ധ കാബിനറ്റ് പിരിച്ചുവിടുന്നതുകൊണ്ട് സംഘർഷത്തിൽ കുറവുണ്ടാകാൻ സാധ്യതയില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു.

യുദ്ധ തീരുമാനങ്ങളെടുക്കുക സുരക്ഷാ കാബിനറ്റായിരിക്കും. നെതന്യാഹുവിന്റെ തീരുമാനം ഇസ്രേലിൽ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ കടുപ്പിക്കുമെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. നെതന്യാഹുവും മുതിർന്ന ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് കമാൻഡർമാരും തമ്മിലുള്ള അഭിപ്രായ ഭിന്നതകൾക്കിടയിലാണ് അസാധാരണമായ ഇത്തരമൊരു നീക്കമെന്നും ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.