ടെല്‍ അവീവ്: അമേരിക്കയും ഫ്രാന്‍സും ചേര്‍ന്നൊരുക്കിയ സമാധാന നീക്കം തള്ളി ഇസ്രയേല്‍. സര്‍വ്വ ശക്തിയുമെടുത്ത് ഹിസ്ബുള്ളക്കെതിരെ ആഞ്ഞടിക്കാന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സൈന്യത്തോട് ആവശ്യപ്പെട്ടു. ഇതോടെ വെടിനിര്‍ത്തല്‍ സംബന്ധിച്ച് എല്ലാ നീക്കങ്ങളും ഫലത്തില്‍ ഇസ്രയേല്‍ തള്ളിയിരിക്കുകയാണ്. ഇതോടെ പശ്ചിമേഷ്യയില്‍ യുദ്ധ സാധ്യത കൂടുകയാണ്.

ലബനനില്‍ ഇസ്രയേല്‍ വീണ്ടും വര്‍ദ്ധിച്ച വീര്യത്തോടെ ആഞ്ഞടിക്കുകയാണ്. ഇന്നലെ നടത്തിയ വ്യോമാക്രമണത്തില്‍ ഹിസ്ബുളളയുടെ പ്രധാനപ്പെട്ട ഒരു നേതാവ് കൂടി കൊല്ലപ്പെട്ടു. ഭീകരസംഘടനയുടെ ഡ്രോണുകളുടെ ചുമതല വഹിക്കുന്ന കമാന്‍ഡറാണ് കൊല്ലപ്പെട്ട ഹിസ്ബുള്ള നേതാവ്. വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം ഇസ്രയേല്‍ തള്ളിക്കളഞ്ഞത് മേഖലയില്‍ ഒരു യുദ്ധം ആസന്നമായിരിക്കുകയാണോ എന്ന സംശയത്തിന് ശക്തി പകരുന്നതാണ്. അതിനിടെ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം തള്ളിയ ഇസ്രയേലിന് എതിരെ രൂക്ഷ വിമര്‍ശനവുമായി യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്രാസ് രംഗത്തെത്തി.

എല്ലാ നരകവും ഒരുമിച്ച്അഴിച്ചു വിട്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അമേരിക്കയും ഫ്രാന്‍സും മുന്നോട്ട് വെച്ച വെടിനിര്‍ത്തല്‍ നിര്‍ത്തല്‍ നിര്‍ദ്ദേശത്തെ ഐക്യരാഷ്ട്രസഭ പൂര്‍ണമായും പിന്തുണക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. ഇരുപത്തിഒന്ന് ദിവസം നീണ്ടു നില്‍ക്കുന്ന വെടിനിര്‍ത്തല്‍ നിര്‍ദ്ദേശമാണ് ഇരു രാജ്യങ്ങളും മുന്നോട്ട് വെച്ചത്. ഈ നിര്‍ദ്ദേശത്തെ ഇസ്രയേല്‍ ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും പ്രധാനമന്ത്രി നെതന്യാഹു ഇതിനോട് പ്രതികരിക്കേണ്ട കാര്യം പോലുമില്ലെന്നായിരുന്നു ഇസ്രയേല്‍ അധികൃതര്‍ ആദ്യം പ്രതികരിച്ചത്.

അതിനിടെ ഐക്യരാഷ്ട്രസഭയെ അഭിസംബോധന ചെയ്യാനായി അമേരിക്കയില്‍ എത്തിയ നെതന്യാഹു വെടിനിര്‍ത്തല്‍ സംബന്ധിച്ച് ഇസ്രയേലിന്റെ നയം വളരെ വ്യക്തമാണെന്ന് ചൂണ്ടിക്കാട്ടി. ലക്ഷ്യം കാണുന്നത് വരെ പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും വടക്കന്‍ അതിര്‍ത്തിയില്‍ നിന്ന് ഒഴിഞ്ഞ് പോയ ഇസ്രയേല്‍ ജനതയെ എത്രയും വേഗം തിരികെം കൊണ്ടു വരുമെന്നതിനാണ് തങ്ങള്‍ ആദ്യ പരിഗണന നല്‍കുന്നതെന്നും നെതന്യാഹു തുറന്നടിച്ചു.

2006 മുതല്‍ ലബനനില്‍ തുടരുന്ന യു.എന്‍ ദൗത്യ സേന എന്ത് കൊണ്ട് ഹിസ്ബുള്ളയെ തുരത്തിയില്ല എന്നതാണ് ഇസ്രയേല്‍ ഉയര്‍ത്തുന്ന ചോദ്യം. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴാം തീയതി നടന്ന ഹമാസ് ആക്രമണത്തിന് ശേഷം ഹിസ്ബുള്ള ഇസ്രയേലിലേക്ക് ആക്രമണം നടത്തുന്നത് തടയാന്‍ യു.എന്‍ രക്ഷാസേനക്ക് കഴിഞ്ഞില്ലെന്നാണ് ഇസ്രയേലിന്റെ പ്രധാന ആരോപണം.

ഇതിനെ തുടര്‍ന്നാണ് വടക്കന്‍ അതിര്‍ത്തിയിലെ എഴുപതിനായിരത്തിലധികം ഇസ്രയേല്‍ പൗരന്‍മാര്‍ നാട് വിട്ട് പോകേണ്ടി വനനത് എന്നും അവര്‍ കുറ്റപ്പെടുത്തുന്നു. ഈ സാഹചര്യത്തിലാണ് ഒരു കരയുദ്ധം തന്നെ നടത്തി ഹിസ്ബുള്ളയെ തുരത്താന്‍ ഇസ്രയേല്‍ പദ്ധതിയിടുന്നത്. ഈ നീക്കം ഇറാനെ പ്രകോപിപ്പിക്കുമെന്നും അത് ഒരു യുദ്ധത്തിലേക്ക് നയിക്കും എന്നുമാണ് പലരും ഭയപ്പെടുന്നത്. ഇന്നലെ ഇസ്രയേല്‍ സൈന്യം ലബനനില്‍ 75 ഓളം വ്യോമാക്രമണങ്ങളാണ് നടത്തിയത്.

ഹിസ്ബുള്ളയുടെ ആയുധ സംഭരണ കേന്ദ്രങ്ങളൊക്കെ ഈ ആക്രമണത്തില്‍ തകര്‍ന്നടിഞ്ഞു. ലബനില്‍ മൂന്ന് വീടുകളെടുത്താല്‍ അതില്‍ ഒരു വീട്ടിലെങ്കിലും ഹിസ്ബുള്ള ആയുധങ്ങള്‍ സംഭരിച്ചിരിക്കുകയാണ് എന്നാണ് ഇസ്രയേല്‍ ആരോപിക്കുന്നത്. ഹിസ്ബുള്ളയുടെ ഡ്രോണ്‍ ആക്രമണങ്ങളുടെ ചുമതലയുളള മുഹമ്മദ് സുരൂറിനേയും ഇന്നലത്തെ ആക്രമണത്തില്‍ വധിച്ചിരുന്നു. ഇവര്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്മെന്റിന് നേരേയാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന രണ്ട് പേരും കൊല്ലപ്പെട്ടിട്ടുണ്ട്.