ബെയ്‌റൂട്ട്: ഹിസ്ബുളളക്കെതിരെ വീണ്ടും ലബനനില്‍ ശക്തമായി ആക്രമണവുമായി ഇസ്രയേല്‍. തെക്കന്‍ ബെയ്റൂട്ടിലെ ദഹിയയില്‍ ഹിസ്ബുളള തലവന്‍ ഹസന്‍ നസറുള്ളയെ ലക്ഷ്യമിട്ടായിരുന്നു ആക്രമണംഎന്നാണ് സൂചന. നാല് വന്‍ കെട്ടിടങ്ങള്‍ ആക്രമണത്തില്‍ തകര്‍ന്നടിഞ്ഞു. ഇവിടെയാണ് ഹിസ്ബുള്ളയുടെ ആസ്ഥാനമായ സെന്‍ട്രല്‍ കമാന്‍ഡ് സ്ഥിതി ചെയ്യുന്നത്. ഹസന്‍ നസറുള്ള ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തില്‍ ഇനിയും സ്ഥിരീകരണം ഉണ്ടായിട്ടില്ല. എന്നാല്‍ 6 പേര്‍ കൊല്ലപ്പട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റു. സ്ഫോടനത്തിന്റെ ആഘാതത്തില്‍ കിലോമീറ്ററുകള്‍ അകലെയുള്ള കെട്ടിടങ്ങള്‍ പോലും

കുലുങ്ങിയതായി ദൃക്സാക്ഷികള്‍ പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച ദഹിയയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിലാണ് ഹിസ്ബുള്ളയുടെ മുതിര്‍ന്ന കമാന്‍ഡറായ ഇബ്രാഹിം അഖീല്‍ കൊല്ലപ്പെട്ടത്. ഐക്യരാഷ്ട്ര പൊതുസഭയില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു തീവ്രവാദ സംഘടനക്ക് എതിരെ ശക്തമായ പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ച അതേ ദിവസം ത്ന്നെയാണ് ഇസ്രയേല്‍ സൈന്യം ബെയ്റൂട്ടിലെ ഹിസ്ബുള്ളയുടെ ആസ്ഥാന മന്ദിരത്തിന് നേരേ ആക്രമണം നടത്തിയത്. എന്നാല്‍ ആക്രമണത്തില്‍ ഹസന്‍ നസറുള്ള കൊല്ലപ്പെട്ടിട്ടില്ലെന്നും സുരക്ഷിതനാണം എന്നുമാണ് ഹിസ്ബുളള വൃത്തങ്ങള്‍ അറിയിച്ചത്. ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

ബെയ്റൂട്ടില്‍ ഇന്നലെ വൈകുന്നേരത്തോടെയാണ് ഇസ്രയേല്‍ സൈന്യം ആക്രമണം ആരംഭിച്ചത്. ദഹിയയിലെ ഹിസ്ബുള്ള ആസ്ഥാനം ആക്രമിച്ചതായി ഇസ്രയേല്‍ സൈനിക വൃത്തങ്ങളും അറിയിച്ചിട്ടുണ്ട്. ലബനനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തെ ഇറാന്‍ എംബസി ശക്തമായി പ്രതിഷേധിച്ചു. ഇസ്രയേല്‍ കാട്ടുന്നത് ക്രിമിനല്‍ കുറ്റമാണെന്നും ഇതിന് തക്കതായ ശിക്ഷ ലഭിക്കുക തന്നെ ചെയ്യുമെന്നും എംബസി പ്രസ്താവനയില്‍ വ്യക്തമാക്കി. എന്നാല്‍ ഹിസ്ബുള്ള തീവ്രവാദികള്‍ ബെയ്റൂട്ടിലെ ജനവാസ മേഖലകളിലെ കെട്ടിടങ്ങളില്‍ ആയുധങ്ങള്‍ സംഭരിച്ചിരുന്നതായി വീണ്ടും ആരോപിച്ചു. ബെയ്റൂട്ടിലെ സിവിലിയന്‍ വിമാനത്താവളം സൈനിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് ഇസ്രയേല്‍ സൈനിക വക്താവ് ഡാനിയല്‍ ഹഗാറി വ്യക്തമാക്കി. ഇറാനില്‍ നിന്ന് ഹിസ്ബുള്ളക്കായി കപ്പലുകളില്‍ ആയുധങ്ങള്‍ കൊണ്ട് വരുന്നത് ഇസ്രയേല്‍ തടഞ്ഞിരുന്നു. തുടര്‍ന്നാണ് അസമയങ്ങളില്‍ വിമാനങ്ങളില്‍ വലിയ പെട്ടികള്‍ എത്തുന്നതായി ശ്രദ്ധയില്‍ പെട്ടത്.

തുടര്‍ന്നാണ് ഇറാന് ഇസ്രയേല്‍ ഇത്തരത്തില്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തങ്ങളുടെ ശത്രുരാജ്യത്ത് നിന്ന് ആയുധങ്ങള്‍ കടത്തിക്കൊണ്ട് വരാനുള്ള ഒരു ശ്രമവും അനുവദിക്കില്ലെന്ന് ഡാനിയല്‍ ഹഗാറി വീണ്ടും വ്യക്തമാക്കിയിട്ടുണ്ട്. ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു കഴിഞ്ഞ ദിവസം ഐക്യരാഷ്ട്ര പൊതുസഭയെ അഭിസംബോധന ചെയ്യുന്ന ദിവസമായതിനാല്‍ ഇസ്രയേല്‍ സൈന്യം ലബനനില്‍ ആക്രമണം നടത്തില്ല എന്നാണ് ഹിസ്ബുളള തീവ്രവാദികള്‍ കരുതിയിരുന്നത്. എന്നാല്‍ തന്ത്രപൂര്‍വ്വം നെതന്യാഹുവിന്റെ പ്രസംഗം അവസാനിച്ചതിന് തൊട്ടു പിന്നാലെയാണ് ഇസ്രയേല്‍ വ്യോമസേന ബെയ്റൂട്ടില്‍ ആക്രമണം നടത്തിയത് ഹിസ്ബുളളയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു.

ഹിസ്ബുള്ളയുടെ ടോപ് കമാന്‍ഡര്‍മാരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. പ്രധാനമായും ഹിസ്ബുള്ളയുടെ തലവനായ സയ്യിദ് ഹസന്‍ നസ്‌റല്ലയെ കൊലപ്പെടുത്തുകയായിരുന്നു ഇസ്രായേലിന്റെ ലക്ഷ്യം. ഹിസ്ബുള്ളയുടെ മിസൈല്‍ ആയുധശേഖരത്തിന്റെ പകുതിയോളം ഇല്ലാതാക്കിയെന്നാണ് ഇസ്രായേലിന്റെ വിലയിരുത്തല്‍. ഇസ്രായേലും ഹിസ്ബുല്ലയും തമ്മിലുള്ള വെടിനിര്‍ത്തല്‍ ലക്ഷ്യമിട്ട് അമേരിക്കയും ഫ്രാന്‍സും മധ്യസ്ഥതയ്ക്ക് ശ്രമിച്ചിരുന്നു. എന്നാല്‍, ഇസ്രായേല്‍ ഇതിന് തയ്യാറല്ലെന്ന് വ്യക്തമാക്കുകയാണ് ഉണ്ടായത്. ലബനില്‍ ഇതുവരെ ഇസ്രായേല്‍ വ്യോമാക്രമണങ്ങള്‍ മാത്രമാണ് നടത്തിയിരുന്നത്.

എന്നാല്‍, കഴിഞ്ഞ ദിവസങ്ങളില്‍ ഇസ്രായേല്‍ സൈന്യം കൂടുതല്‍ ടാങ്കുകളും കവചിത വാഹനങ്ങളും ലെബനനുമായുള്ള വടക്കന്‍ അതിര്‍ത്തിയില്‍ വിന്യസിച്ചിട്ടുണ്ട്. കര ആക്രമണത്തിന് തയ്യാറെടുക്കുന്നതിന്റെ സൂചനയാണ് ഇസ്രായേല്‍ ഇതിലൂടെ നല്‍കുന്നത്.