ധാക്ക: കോടതി വിലക്കിയിട്ടും ഹരേകൃഷ്ണ പ്രസ്ഥാനം എന്നറിയപ്പെടുന്ന ഇസ്‌കോണിനെതിരെ, വേട്ടയാടല്‍ തുടര്‍ന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍. ഇസ്‌കോണിനെ നിരോധിക്കണമെന്ന സ്വകാര്യ ഹര്‍ജി തള്ളി കഴിഞ്ഞ ദിവസം ധാക്ക ഹൈക്കോടതി തള്ളിയിരുന്നു. ഇക്കാര്യത്തില്‍ കൈക്കൊണ്ടിട്ടുള്ള വിശദമായ നിയമ നടപടികള്‍ അധികൃതര്‍ കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ ഇപ്പോള്‍ നിരോധന ഉത്തരവു നല്‍കാനാവില്ലെന്നുമാണ് കോടതി വ്യക്തമാക്കിയത്.

ഇതോടെ, ഷെയ്ഖ് ഹസീന സര്‍ക്കാര്‍ വീണതിനെ തുടര്‍ന്ന് നിരന്തരം ഭീതിയിലായ, ബംഗ്ലാദേശിലെ ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് അല്‍പ്പം ആശ്വാസം വന്നിരുന്നു. ദേശീയ പതാകയെ അപമാനിച്ചുവെന്ന കുറ്റം ചൂണ്ടിക്കാട്ടി അറസ്റ്റിലായ, ഇസ്‌കോണ്‍ നേതാവ് ചിന്‍മോയ് കൃഷ്ണ ദാസിന്റെ ജാമ്യത്തിലടക്കം നടപടിയുണ്ടാവുമെന്നും, കോടതി വിധി വന്നതോടെ സര്‍ക്കാര്‍ അയയുമെന്നാണ് എല്ലാവരും കരുയിയത്. എന്നാല്‍ ഡോ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍, ഹരേ കൃഷ്ണ പ്രസ്ഥാനക്കാര്‍ക്ക് നേരെ നടപടി ശക്തമാക്കുയാണ് ഉണ്ടായത്. ഇപ്പോള്‍ ഇസ്‌കോണുമായി ബന്ധപ്പെട്ട 17 വ്യക്തികളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പാക്കാന്‍ ഉത്തരവ് വന്നിരിക്കയാണ്. ംഗ്ലാദേശ് സെന്‍ട്രല്‍ ബാങ്കിന് കീഴിലുള്ള ബംഗ്ലാദേശ് ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റാണ് നടപടിക്ക് പിന്നില്‍. ഇതോടെ ഇസ്‌കോണ്‍ നടത്തുന്ന സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കുപോലും പണമില്ലാത്ത അവസ്ഥയാണ് വരുന്നത്.

കോടികളുടെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍

എന്നാല്‍ കേരളത്തിലടക്കം കോടികളുടെ സാമൂഹിക പ്രവര്‍ത്തനം നടത്തുന്ന സംഘടനയാണ് തങ്ങളെന്നാണ് ഇസ്‌കോണുമായി ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നത്. തിരുവനന്തപുരം കാന്‍സര്‍ സെന്ററിനു മുന്നില്‍ എല്ലാ ദിവസവും ഹരേ കൃഷ്ണ പ്രസ്ഥാനം നടത്തുന്ന അന്നദാനം നടത്തുന്നുണ്ട്. ഇതുപോലെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അവര്‍ സാമൂഹിക സേവനം തുടരുന്നുണ്ട്.

സാമ്പത്തിക തകര്‍ച്ച നേരിടുന്ന ബംഗ്ലാദേശിലും വലിയ സാമൂഹിക പ്രവര്‍ത്തനമാണ് ഇസ്‌ക്കോണ്‍ നടത്തുന്നത്. ഇതെല്ലാം ജാതിമതഭേദമന്യേ എല്ലാവര്‍ക്കും ലഭ്യമാണ്. പാവപ്പെട്ട നിരവധി ബംഗ്ലാ മുസ്ലീങ്ങളും ആശുപത്രികള്‍ കേന്ദ്രീകരിച്ചുള്ള ഇസ്‌കോണിന്റെ അന്നദാനത്തിന്റെ ഗുണഭോക്താക്കളാണ്. ഈ പ്രസ്ഥാനത്തിന്റെ കീഴിലുള്ള മിക്ക ക്ഷേത്രങ്ങളിലും ഇതര മതസ്ഥര്‍ക്കും അന്നദാനം പതിവാണ്. വെള്ളപ്പൊക്കം പോലെയുള്ള പ്രകൃതി ദുരന്തങ്ങളുടെ സമയത്തും ജാതിയും മതവും നോക്കാതെ ബംഗ്ലാദേശ് ജനതയുടെ കൂടെ നിന്ന സംഘടനയാണ് ഇസ്‌കോണ്‍. കോവിഡ് വ്യാപന സമയത്തും ആളുകള്‍ക്ക് ഭക്ഷണവും കരുതലുമായി ഇവര്‍ മുന്‍പന്തിയിലായിരുന്നുഴ

യുദ്ധ സ്ഥലങ്ങളിലും ആഭ്യന്തര സംഘര്‍ഷങ്ങള്‍ സമാധാന ജീവിതം തകര്‍ത്ത മേഖലകളിലും ലോകത്താകമാനം ആളുകളെ സഹായിക്കാന്‍ ഇവര്‍ ഓടിയെത്താറുണ്ട്. ശാന്തി ദൂതനായ ഭഗവാന്‍ ശ്രീകൃഷ്ണനെയും സ്നേഹത്തിന്റെ പ്രതിരൂപമായ ശ്രീരാമന്റെയും പാത പിന്തുടരുന്ന പ്രസ്ഥാനമാണ് തങ്ങള്‍ എന്നാണ് ഇസ്‌കോണുകാര്‍ പറയാറുള്ളത്. ഇപ്പോള്‍ അക്കൗണ്ട് മരവിപ്പിച്ചതോടെ ഫലത്തില്‍ ബംഗ്ലാദേശിലെ പാവങ്ങളുടെ വയറ്റത്തടിച്ചരിക്കയാണ്.

അതിനിടെ,ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ മാദ്ധ്യമങ്ങള്‍ പെരുപ്പിച്ച് കാണിക്കുന്നതാണെന്ന വാദം ശരിയല്ലെന്ന് വ്യക്തമാക്കി ഇന്ത്യ. എല്ലാ മതന്യൂനപക്ഷങ്ങളെയും സംരക്ഷിക്കേണ്ട ചുമതല മുഹമ്മദ് യൂനുസ് നയിക്കുന്ന ഇടക്കാല സര്‍ക്കാരിനുണ്ടെന്ന് ഇന്ത്യ പ്രതികരിച്ചു. വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാളാണ് ഭാരതത്തിന്റെ നിലപാടറിയിച്ചത്.

ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ അടക്കമുള്ള ന്യൂനപക്ഷങ്ങള്‍ക്ക് നേരെ ഉയരുന്ന ആക്രമണങ്ങളും ഭീഷണികളും അഭിസംബോധന ചെയ്യണമെന്ന് ബംഗ്ലാദേശ് സര്‍ക്കാരിനോട് ഇന്ത്യ പലതവണ ശക്തമായി ആവശ്യപ്പെട്ടതാണ്. രാജ്യത്ത് തീവ്രവാദ ആശയങ്ങള്‍ ബലപ്പെടുന്നതില്‍ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഫലത്തില്‍ ഇന്ത്യാ- ബംഗ്ലാദേശ് ബന്ധം വഷളാവുന്ന നിലക്കാണ് കാര്യങ്ങള്‍ മുന്നോട്ട് പോവുന്നത്.

ഭീതിയില്‍ ന്യൂനപക്ഷ സമൂഹം

പക്ഷേ ബംഗ്ലാദേശിലെ ന്യൂനപക്ഷ സമൂഹം ഇപ്പോഴും ഭീതിയിലാണ്. ഷെയ്ഖ് ഹസീന സര്‍ക്കാര്‍ അട്ടിമറിക്കപ്പെട്ട ശേഷം നടന്ന കലാപങ്ങളില്‍ ബംഗ്ലാദേശിലുടനീളം നിരവധി ഇസ്‌കോണ്‍ ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെട്ടിരുന്നു. ഖുല്‍ന ഡിവിഷനിലെ മെഹര്‍പൂരില്‍ ഇസ്‌കോണ്‍ ക്ഷേത്രം ആക്രമിച്ച് വിഗ്രഹങ്ങള്‍ തകര്‍ത്തിട്ടിരിക്കുന്ന ദൃശ്യങ്ങള്‍ വലിയ തോതില്‍ ചര്‍ച്ചയായിരുന്നു. ഇസ്‌കോണിന്റെ നേതൃത്വത്തില്‍ ഇഫ്താര്‍ പാര്‍ട്ടി ഒരുക്കിയ ക്ഷേത്രങ്ങള്‍ പോലും തകര്‍ക്കപ്പെട്ടു.അന്നദാനത്തിനായി ഭക്ഷണം തയ്യാറാക്കുന്ന സമയത്ത് പോലും ഇസ്‌കോണ്‍ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടു.

ഇസ്‌കോണിനെ നിരോധിക്കണമെന്ന വആവശ്യവുമായി ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകള്‍ നേരത്തെ രംഗത്ത് എത്തിയിരുന്നു. നവംബര്‍ 28 വ്യാഴാഴ്ച ദേശീയ പ്രസ് ക്ലബ്ബിലെ സഹൂര്‍ ഹുസൈന്‍ ചൗധരി ഹാളില്‍ സമാന ചിന്താഗതിക്കാരായ ഇസ്ലാമിക പാര്‍ട്ടികളുടെ കൂട്ടായ്മ സംഘടിപ്പിച്ച പത്രസമ്മേളനത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്.മുസ്ലിം രാഷ്ട്രീയ പാര്‍ട്ടികളുടെ കൂട്ടായ്മയെ പ്രതിനിധീകരിച്ച് ജമിയത്ത് ഉലമ ഇസ്ലാം ബംഗ്ലാദേശ് വൈസ് പ്രസിഡന്റ് അബ്ദുള്‍ റബ്ബ് യൂസഫ് പുറത്തിറക്കിയ രേഖാമൂലമുള്ള പ്രസ്താവനയില്‍ ''ഇസ്‌കോണിന്റെ കെണിയില്‍ വീഴാതിരിക്കാന്‍ ഹിന്ദു സഹോദരങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന്'' ആവശ്യപ്പെട്ടു

ഇസ്‌കോണിനെ ''ഒരു തീവ്ര വിഭാഗീയ സംഘടന'' എന്ന് വിശേഷിപ്പിച്ച യൂസഫ് ഇന്ത്യയില്‍ ഓണ്‍ലൈനായി നടക്കുന്ന മത അവഹേളനങ്ങളില്‍ 90 ശതമാനത്തിനും ഉത്തരവാദി ഇസ്‌കോണ്‍ അംഗങ്ങളാണെന്നും ആരോപിച്ചു. ഇസ്‌കോണിനെ നിരോധിക്കുക എന്നതുള്‍പ്പെടെ മൂന്ന് ആവശ്യങ്ങള്‍ അവര്‍ മുന്നോട്ടു വെച്ചു. എന്നാല്‍ ബംഗ്ലാദേശിലെ ഹിന്ദുവേട്ടക്കെതിരെ ശക്തമായി പ്രതികരിക്കുന്നതുകൊണ്ടാണ്, ചിന്‍മോയ് കൃഷ്ണദാസിനെയും തങ്ങളെയും വേട്ടയാടുന്നത് എന്നാണ് ഹരേ കൃഷ്ണ പ്രസ്ഥാനക്കാര്‍ പറയുന്നത്.

ഷെയ്ഖ് ഹസീന സര്‍ക്കാര്‍ തകര്‍ന്നതിന് ശേഷം അട്ടിമറിയിലൂടെ ഭരണത്തിലേറിയ പട്ടാളവും പിന്നീടുവന്ന ഇടക്കാല സര്‍ക്കാരും രാജ്യത്തെ മതമൗലികവാദികളെയും പ്രീണിപ്പിക്കുന്ന നയങ്ങളായിരുന്നു സ്വീകരിച്ചിരുന്നത്. മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ രാജ്യത്ത് നിന്ന് ഓടിച്ചതിന് പിന്നാലെ ബം?ഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ സമാനതകളില്ലാത്ത ആക്രമണം അഴിച്ചുവിട്ടിരുന്നു. നൂറുകണക്കിന് ക്ഷേത്രങ്ങള്‍ തകര്‍ത്തു. ഹിന്ദുക്കളെ ലക്ഷ്യംവച്ചുള്ള ആക്രമണങ്ങളില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ പ്രതിഷേധിച്ച് സമ്മേളനം നടത്തിയതിനാണ് ഇസ്‌കോണ്‍ സന്യാസി ചിന്‍മയ് കൃഷ്ണ ദാസിനെ അറസ്റ്റ് ചെയ്ത് ജയിലിലാക്കിയത്.