വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഇലക്ഷനായുള്ള റിപ്പബ്ലിക്കൻ പ്രൈമറി തെരഞ്ഞെടുപ്പുകളിൽ മുൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ അപരാജിത കുതിപ്പിന് വിരാമം. വാഷിങ്ടൺ ഡിസി പ്രൈമറിയിലേക്ക് നടന്ന വോട്ടെടുപ്പിൽ ഇന്ത്യൻ വംശജയും യുഎൻ മുൻ അംബാസഡറുമായ നിക്കി ഹാലെയ്ക്ക് വിജയം.

നിക്കി ഹാലെയുടെ ആദ്യ പ്രൈമറി വിജയമാണിത്. 62.9 ശതമാനം വോട്ടുകൾ ഹാലെ നേടി. ട്രംപിന് 33.2 ശതമാനം വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ഹാലെയ്ക്ക് 19 പ്രതിനിധികളെ വിജയിപ്പിക്കാൻ കഴിഞ്ഞു. ഇതിന് മുമ്പ് നടന്ന എട്ട് പ്രൈമറികളിലും ഡോണൾഡ് ട്രംപ് പാർട്ടിയിലെ എതിരാളിയായ നിക്കി ഹാലെക്കെതിരെ മികച്ച വിജയം കരസ്ഥമാക്കിയിരുന്നു.

നേരത്തെ മിസൂറി, മിഷിഗൻ, ഇഡാഹോ സ്റ്റേറ്റുകളിൽ ട്രംപ് വിജയിച്ചിരുന്നു. 15 സ്റ്റേറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്ന 'സൂപ്പർ ചൊവ്വ'യിലേക്ക് അദ്ദേഹത്തിന് ആത്മവിശ്വാസത്തോടെ നോക്കാം. ചൊവ്വാഴ്ചയോടെ ചിത്രം തെളിയും. നവംബറിൽ നടക്കുന്ന അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപ് തന്നെ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയാകാനാണ് സാധ്യത.

അതേസമയം, ചൊവ്വാഴ്ച അത്ഭുതങ്ങൾ സംഭവിക്കുമെന്ന് പറഞ്ഞ ഹാലി പ്രതീക്ഷ കൈവിട്ടിട്ടില്ല. ഡെമോക്രാറ്റുകൾ നിലവിലെ പ്രസിഡന്റ് ജോ ബൈഡനെ തന്നെ രംഗത്തിറക്കും. ഡെമോക്രാറ്റിക് പാർട്ടിയുടെ വാഷിങ്ടൺ പ്രൈമറി ജൂൺ മാസത്തിൽ നടക്കും.

അതിനിടജെ ഇപ്പോൾ തിരഞ്ഞെടുപ്പ് നടന്നാൽ മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിലവിലെ പ്രസിഡന്റായ ജോ ബൈഡനെ അഞ്ച് പോയിന്റിന് പരാജയപ്പെടുത്തുമെന്ന് വ്യക്തമാക്കി പുതിയ സർവേയും പുറത്തുവന്നിരുന്നു. ട്രംപിനെ പിന്തുണയ്ക്കുന്ന കറുത്ത വർഗ്ഗ , ഹിസ്പാനിക് വോട്ടർമാരുടെ പിന്തുണയിലുണ്ടായ വർദ്ധനവാണ് ഇതിന് കാരണം.

ന്യൂയോർക്ക് ടൈംസും സിയീന കോളേജും നടത്തിയ വോട്ടെടുപ്പിൽ 48% പേരുടെ പിന്തുണ മുൻ പ്രസിഡന്റ് ട്രംപിന് കിട്ടിയപ്പോൾ നിലവിലെ പ്രസിഡന്റ് ജോ ബൈഡന് 43% പേർ പിന്തുണ നൽകി. സർവേയിൽ ശേഖരിച്ച ഡാറ്റ അനുസരിച്ച്, ട്രംപ് തന്നെ പരമ്പരാഗതമായി പിന്തുണയ്ക്കുന്ന വോട്ട് ബെയ്സിനേക്കാൾ കൂടുതൽ പിന്തുണ ഇപ്പോൾ നേടിയിട്ടുണ്ട്. വെള്ളക്കാരായ പുരുഷന്മാരാണ് ട്രംപിന്റെ ഉറച്ച വോട്ട് ബേസ്. എന്നാൽ മറ്റ് വംശീയ വിഭാഗങ്ങളും ഇപ്പോൾ ട്രംപിനെ പിന്തുണയ്ക്കാൻ തുടങ്ങിയിട്ടുണ്ട് എന്നാണ് ലഭ്യമായ വിവരങ്ങൾ വ്യക്തമാക്കുന്നത്.

23% കറുത്ത വർഗ്ഗ വോട്ടർമാർ ട്രംപിന് വോട്ടു ചെയ്തു എന്നത് ട്രംപിന് എന്നല്ല റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികൾക്കിടയിൽ ചരിത്രത്തിൽ ഇന്ന് വരെ സംഭവിച്ചിട്ടില്ലാത്തതാണ് , ഇത് റിപ്പബ്ലിക്കന്മാർക്ക് ഗണ്യമായ കുതിപ്പാണ്, അവരുടെ കറുത്ത വർഗ്ഗ വോട്ടർ ബേസ് ശതമാനം ഒരിക്കൽ പോലും ഒറ്റ ആക്കം കടന്നിട്ടില്ല

അതെ സമയം ട്രംപിന് ഇപ്പോൾ കിട്ടുന്ന ജനപ്രീതി അഭൂതപൂർവ്വം ആണെന്നും, ട്രംപിന്റെ മുന്നേറ്റം വ്യക്തമായി മനസിലാക്കാവുന്നതാണെന്നും അതിനാൽ തന്നെ ട്രംപ് മത്സരിക്കാതിരിക്കാൻ ഡമോക്രാറ്റുകൾ എന്തും ചെയ്‌തേക്കാം എന്നും ജനപ്രതിനിധി ജെഫ് വാൻ ഡ്രൂ ന്യൂയോർക്ക് പോസ്റ്റിനോട് പറഞ്ഞു.