- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിമിഷപ്രിയയ്ക്ക് നയതന്ത്രതലത്തിൽ സാധ്യമായ എല്ലാ സഹായവും നൽകും; യെമനിലെ നിയമപ്രശ്‌നമായതിന്റെ പരിമിതിയുണ്ട്; എങ്കിലും എല്ലാവിധത്തിലും ബന്ധപ്പെട്ടു കൊണ്ടിരിക്കയാണെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി; നിമിഷപ്രിയക്ക് തൂക്കുമരം ഒഴിവാകുമോ?
ന്യൂഡൽഹി: യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ അപ്പീൽ യെമൻ സുപ്രീം കോടതി തള്ളിയതോടെ തൂക്കുമരമാണ് മലയാളി യുവതിക്ക് മുന്നിലുള്ളത്. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വിഷയത്തിൽ ഇനി ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയ്ക്ക് നയതന്ത്രതലത്തിൽ സാധ്യമായ എല്ലാ സഹായവും നൽകുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
നിമിഷപ്രിയയുടെ അപ്പീൽ യെമൻ സുപ്രീംകോടതി തള്ളിയതായി വിവരം ലഭിച്ചുു. യെമനിലെ നിയമപ്രശ്‌നമായതിന്റെ പരിമിതിയുണ്ട്. എങ്കിലും എല്ലാവിധത്തിലും ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി. യെമൻ കോടതിയുടെ വധശിക്ഷയ്ക്കെതിരെ മലയാളി യുവതി നിമിഷപ്രിയ സമർപ്പിച്ച അപ്പീൽ യെമൻ സുപ്രീം കോടതി തള്ളിയതായി കേന്ദ്രസർക്കാരാണ് ഡൽഹി ഹൈക്കോടതിയെ അറിയിച്ചത്.
നിമിഷപ്രിയയുടെ ശിക്ഷയിൽ ഇളവു നൽകണമെങ്കിൽ ഇനി യെമൻ പ്രസിഡന്റിന് മാത്രമേ കഴിയൂവെന്നും കേന്ദ്രസർക്കാരിന്റെ അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചു. ഇതു തങ്ങൾക്ക് കിട്ടിയ വിവരമാണെന്നും കേന്ദ്രസർക്കാരിന്റെ അഭിഭാഷകൻ അറിയിച്ചു. മോചനത്തിനായി യെമനിലേക്ക് പോകാൻ അനുമതി തേടി നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് കേന്ദ്രസർക്കാർ അഭിഭാഷകൻ ഇക്കാര്യം അറിയിച്ചത്. നിമിഷപ്രിയയുടെ അമ്മയുടെ അപേക്ഷ കിട്ടിയാൽ ഒരാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്ന് ഡൽഹി ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
യെമൻ പൗരൻ തലാൽ അബ്ദുമഹ്ദിയെ കൊലപ്പെടുത്തിയ കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമൻ ജയിലിൽ കഴിയുന്നത്. 2017 ലായിരുന്നു കേസിനാസ്പദമായ സംഭവം. യെമൻ തലസ്ഥാനമായ സനായിലെ ജയിലിലാണു നിമിഷപ്രിയ. നിമിഷപ്രിയയുടെ ഹർജി നേരത്തെ യെമൻ കോടതി തള്ളിയിരുന്നു.
നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക്ക് തുടങ്ങാൻ തലാൽ നിമിഷപ്രിയയ്ക്ക് സഹായവാഗ്ദാനം നൽകിയെന്നും ഇതിന്റെ മറവിൽ മലയാളി യുവതിയുടെ പാസ്പോർട്ട് പിടിച്ചു വെച്ച് ഭാര്യയാക്കി വെക്കുകയായിരുന്നുവെന്നുമാണ് നിമിഷപ്രിയയുടെ അഭിഭാഷകൻ പറയുന്നത്. ക്ലിനിക്കിൽ ജോലി ചെയ്തിരുന്ന മറ്റു രണ്ടു പേരുടെ നിർദ്ദേശപ്രകാരം അമിത അളവിൽ മരുന്നു കുത്തിവെയ്ക്കുകയും ഇത് മരണത്തിന് ഇടയാകുകയും ചെയ്തെന്നുമാണ് അഭിഭാഷകൻ വാദിക്കുന്നത്. നിമിഷപ്രിയയും യെമൻ സ്വദേശിയായ സഹപ്രവർത്തക ഹനാനും ചേർന്ന് തലാലിനെ കൊലപ്പെടുത്തുകയും മൃതദേഹം വാട്ടർ ടാങ്കിനുള്ളിൽ ഒളിപ്പിക്കുകയും ചെയ്തെന്നാണ് ആരോപണം. തലാലിനൊപ്പം യെമനിൽ ഒരു ക്ലിനിക്ക് നടത്തുകയായിരുന്നു നിമിഷപ്രിയ. യെമൻകാരിയായ സഹപ്രവർത്തക ഹനാനും കേസിൽ വിചാരണ നേരിടുന്നുണ്ട്.
സനയിലെ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയ്ക്ക് ശരിഅത്ത് നിയമ പ്രകാരമേ മോചനം ലഭിക്കൂ എന്ന് അമ്മ പ്രേമകുമാരി പറയുന്നു. ഇതിനായുള്ള ചർച്ചക്ക് യെമനിലേക്ക് പോകാനുള്ള സൗകര്യം ഒരുക്കാൻ കേന്ദ്രസർക്കാറിനോട് നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ടാണ് പ്രേമ കുമാരി ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. വധശിക്ഷയിൽ ഇളവു നൽകണമെന്ന നിമിഷ പ്രിയയുടെ ആവശ്യം നേരത്തെ യമൻ കോടതി തള്ളിയിരുന്നു. ഇതിനെതിരായ അപ്പീൽ യമൻ സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നായിരുന്നു പൊതുവേയുള്ള പ്രതീക്ഷ. എന്നാൽ അപ്പീൽ തള്ളിയെന്ന് ഇപ്പോഴാണ് അറിയുന്നത്.
ശരിഅത്ത് നിയമ പ്രകാരമുള്ള ബ്ലഡ് മണി തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ മാത്രമേ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യതയുള്ളു. ഇതിനായി തലാൽ അബ്ദുമഹ്ദിന്റെ കുടുംബവുമായി ചർച്ച ആവശ്യമാണ്. ഈ ചർച്ചകൾക്ക് യമനിലേക്ക് പോകാൻ തനിക്കും അടുത്ത കുടുംബാംഗങ്ങൾക്കും സേവ് നിമിഷപ്രിയ ഫോറത്തിന്റെ ഭാരവാഹികൾക്കും അനുമതി നൽകാൻ കേന്ദ്ര സർക്കാരിനോട് നിർദ്ദേശിക്കണെമെന്ന് ആവശ്യപ്പെട്ടാണ് പ്രേമകുമാരി ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്.
പ്രേമകുമാരിക്കും സേവ് നിമിഷപ്രിയ ഫോറത്തിന്റെ ഭാരവാഹികൾക്കും യമൻ സന്ദർശിക്കാനുള്ള സൗകര്യം ഒരുക്കാൻ ഉചിതമായ നടപടികൾ സ്വീകരിക്കാൻ നേരത്തെ കേന്ദ്ര സർക്കാരിനോട് ഡൽഹി ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ, ഇതിൽ കാര്യമായ പുരോഗതി ഉണ്ടാകാത്തതിനാലാണ് പുതിയ ഹർജി. പുതിയ ഹർജിയിലെ കോടതി നിർദ്ദേശം അമ്മയ്ക്ക് യെമനിൽ പോകാൻ വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ. പാലക്കാട് കൊല്ലങ്കോട് സ്വദേശിയാണ് നിമിഷ. യെമൻ പൗരൻ തലാൽ അബ്ദു മഹ്ദിയെ കൊലപ്പെടുത്തി മൃതദേഹം വീട്ടിലെ വാട്ടർ ടാങ്കിൽ ഒളിപ്പിച്ചെന്നാണ് കേസ്. കൊലയ്ക്ക് കൂട്ടുനിന്ന നഴ്‌സ് ഹനാനെ നേരത്തെ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചിരുന്നു.
ബ്ലഡ് മണി നൽകി പ്രശ്‌നം ഒത്തുതീർപ്പാക്കാനും ശ്രമം നടന്നിരുന്നു. ജീവൻ രക്ഷിക്കണമെന്ന അഭ്യർത്ഥനയുമായി നിമിഷപ്രിയ സംസ്ഥാന സർക്കാരിന് കത്തയച്ചിരുന്നു.പീഡനങ്ങളും ദുരിതങ്ങളും സഹിക്കാനാവാതെ കൊലപാതകത്തിനു നിർബന്ധിതയായെന്നാണ് നിമിഷപ്രിയ സംസ്ഥാന സർക്കാരിന് അയച്ച കത്തിൽ പറഞ്ഞിരുന്നത്. യെമനിൽ തലാൽ അബ്ദു മഹ്ദിയുമൊന്നിച്ചു ക്ലിനിക്ക് നടത്തുകയായിരുന്നു നഴ്സ് ആയ നിമിഷപ്രിയ. തലാൽ തന്നെ വഞ്ചിച്ച് ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്തെന്നും പാസ്പോർട്ട് പിടിച്ചുവച്ചു നാട്ടിൽ വിടാതെ പീഡിപ്പിച്ചെന്നും ലൈംഗിക വൈകൃതങ്ങൾക്കായി ഭീഷണിപ്പെടുത്തിയെന്നും ഇവർ പരാതി നൽകിയിരുന്നു.
നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക്ക് തുടങ്ങാൻ 2014 ൽ ആണു നിമിഷപ്രിയ തലാലിന്റെ സഹായം തേടിയത്. പിന്നീടു ഭീഷണിപ്പെടുത്തി മതാചാരപ്രകാരം തലാൽ വിവാഹം കഴിക്കുകയായിരുന്നെന്നും നിമിഷപ്രിയ പറയുന്നു. ഒരു നിമിഷ നേരത്തെ ചിന്തകൊണ്ട് മാറിമറിഞ്ഞുപോയതാണ് നിമിഷ പ്രിയയുടെ ജീവിതം. എല്ലാ പ്രവാസികളെയും പോലെ കഠിനാദ്ധ്വാനം കൊണ്ട് ജീവിതം പച്ച പിടിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷയും യെമനിലേക്ക് വിമാനം കയറുന്നത്. കൊടും ക്രൂരത സഹിക്കവയ്യാതെ ചെയ്ത കടുംകൈ വധശിക്ഷയിലേക്ക് കാര്യങ്ങളെത്തിക്കുകയായിരുന്നു.
നിരന്തരം കൊടുംക്രൂരത കാട്ടിയ യെമൻ പൗരനായ തലാൽ അബ്ദു മഹദിയെ 2017 ജൂലൈ 25നാണ് നിമിഷയും സഹപ്രവർത്തകയും ചേർന്ന് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം എന്തു ചെയ്യണമെന്നറിയാതെ മാനസികമായി തളർന്നു. രക്ഷപ്പെടുന്നതിനായി മൃതദേഹം വാട്ടർ ടാങ്കിൽ ഒളിപ്പിച്ചു. കേസിൽ നിമിഷ പിടിക്കപ്പെട്ടു. വധശിക്ഷയാണ് കേസിൽ കോടതി നിമിഷയ്ക്ക് വിധിച്ചത്. തലാൽ അബ്ദു മഹദിയുടെ ഉപദ്രവം സഹിക്കാനാവാതെ വന്നതോടെയാണ് കൊലപാതകം നടത്തിയതെന്നാണ് നിമിഷ പ്രിയ നേരത്തെ കുറ്റസമ്മതത്തിൽ പറഞ്ഞിരുന്നത്. അതിക്രൂരമായ പീഡനങ്ങൾക്കിരയായെന്നും നിമിഷ പ്രിയ കോടതിയെ ധരിപ്പിച്ചിരുന്നു.
മറുനാടന് ഡെസ്ക്