ന്യൂഡൽഹി: യുദ്ധ സാഹചര്യം മുൻനിർത്തി ഇറാനിലേക്കും, ഇസ്രയേലിലേക്കും ഇന്ത്യൻ പൗരന്മാർ യാത്ര അരുതെന്ന് വിദേശകാര്യമന്ത്രാലയത്തിന്റെ നിർദ്ദേശം. സിറിയയിലെ തങ്ങളുടെ ഏംബസിയിൽ, ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിന് തിരിച്ചടിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയ പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാർ നിർദ്ദേശം.

അമേരിക്കയും, റഷ്യയും അടക്കമുള്ള രാജ്യങ്ങളും സമാന യാത്രാ മുന്നറിയിപ്പുകൾ തങ്ങളുടെ പൗരന്മാർക്ക് നൽകി. ഇറാനിലും, ഇസ്രയേലിലുമുള്ള ഇന്ത്യൻ പൗരന്മാർ അതീവ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും, യാത്ര പരിമിതപ്പെടുത്തണമെന്നും വിദേശകാര്യ മന്ത്രാലയം നിർദ്ദേശിച്ചു. ഇവിടങ്ങളിലുള്ള ഇന്ത്യക്കാരോട് ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാനും പേരുവിവരങ്ങൾ രജിസ്റ്റർ ചെയ്യാനും നിർദ്ദേശത്തിൽ പറയുന്നു.

ഇറാൻ തിരിച്ചടിച്ചാൽ, ഹമാസും, ഇസ്രയേലും തമ്മിലുള്ള ആറുമാസത്തെ യുദ്ധം, കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുമെന്ന ആശങ്ക ഉയർന്നിരിക്കുകയാണ്. സൗദി, യുഎഇ, ഖത്തർ, ഇറാഖ് വിദേശകാര്യമന്ത്രിമാർ ഇറാനുമായി സംസാരിച്ച് സംഘർഷം ലഘൂകരിക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു. സിറിയയിലെ ഇറാൻ എംബസിക്കു നേരെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ മുതിർന്ന ഇറാനിയൻ സൈനിക ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതോടെയാണ് സംഘർഷം രൂക്ഷമായത്.

അതേസമയം, മധ്യഗസ്സയിൽ വെള്ളിയാഴ്ച ഇസ്രയേൽ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ടു. രാത്രിയിൽ ഇസ്രയേലി വ്യോമാക്രമണവും, വെടിവെപ്പും ഉണ്ടായെന്ന് ഗസ്സ നിവാസികൾ പറഞ്ഞു. നിരവധി പേർ തെരുവുകളിൽ കൊല്ലപ്പെട്ടു. മൃതദേഹങ്ങൾ ചിതറി കിടക്കുകയാണ്. ഖാൻ യൂനിസിൽ ചെയ്തത് നസ്രേത്തിലും ഇസ്രയേൽ ആവർത്തിക്കുമെന്ന് ഒരു ഗസ്സ നിവാസി പറഞ്ഞു. പലരും ഏറ്റവും തെക്കുള്ള നഗരമായ റഫയിലേക്ക് പലായനം ചെയ്യുകയാണ്.

ഖാൻ യൂനിസിൽ മാസങ്ങളോളം നീണ്ട പോരാട്ടത്തിന് ശേഷം ഇസ്രയേൽ സൈനികർ അവിടെ നിന്ന് പിൻവാങ്ങി. ഇനി അഭയാർഥികൾ കഴിയുന്ന റഫയിൽ ഹമാസിനെ അമർച്ച ചെയ്യാനാണ് അടുത്ത നീക്കം. ദേയർ അൽ ബാ നഗരത്തിൽ ഒരുവീടിന് നേരേയുണ്ടായ വ്യോമാക്രമണത്തിൽ 25 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. അതേസമയം, യുദ്ധം അവസാനിപ്പിക്കാനുള്ള വെടിനിർത്തൽ ചർച്ചകൾ എങ്ങുമെത്താതെ നിൽക്കുകയാണ്.