ഗസ്സ സിറ്റി: ഏതൊരു യുദ്ധം ഉണ്ടായാലും അവിടങ്ങളിലെല്ലാം മനുഷ്യാവകാശങ്ങൾ ചവിട്ടി അരയ്ക്കപ്പെടും. യുദ്ധമുഖങ്ങളിൽ ഏറ്റവും ദുരിതം അനുഭവിക്കുന്നവരുടെ കൂട്ടത്തിൽ കുട്ടികളാകും കൂടുതൽ. ഗസ്സ യുദ്ധമുനമ്പായി മാറിയതോടെ ബോംബ് വീണ് മരിക്കുമെന്ന ഭീതിയിൽ പതിനായിരക്കണക്കിന് കുട്ടികളുണ്ട്. ഇസ്രയേൽ വ്യോമാക്രമണങ്ങൾ കടുപ്പിക്കുമ്പോൾ ബാലാവകാശങ്ങൾക്കെല്ലാം പുല്ലുവിലയാണ് ഉള്ളത്.


ഗസ്സ മുനമ്പ് ലക്ഷ്യമിട്ടുള്ള ഇസ്രയേൽ ആക്രമണങ്ങളിൽ ഇതുവരെ കൊല്ലപ്പെട്ടത് 1700ലധികം കുട്ടികളെന്ന് റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഫലസ്തീൻ കുട്ടികളുടെ സംരക്ഷണത്തിനായുള്ള വേൾഡ് മൂവ്‌മെന്റ് പുറത്തുവിട്ട കണക്കുകൾ പ്രകാരം ഒക്ടോബർ ഏഴ് മുതൽ നടന്ന ഇസ്രയേൽ ആക്രമണങ്ങളിൽ ഗസ്സയിൽ 1700 കുട്ടികളും വെസ്റ്റ് ബാങ്കിൽ 27 കുട്ടികളുമാണ് കൊല്ലപ്പെട്ടത്.

കണക്കനുസരിച്ച് 120 കുട്ടികളാണ് പ്രതിദിനം ഗസ്സയിൽ കൊല്ലപ്പെട്ടത്. തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ 1,400 ഓളം പേരെ കാണാതായതിനാൽ ഗസ്സ മുനമ്പിൽ കുട്ടികളുൾപ്പെടെയുള്ള കൊല്ലപ്പെട്ടവരുടെ എണ്ണം ഇനിയും വർധിച്ചേക്കുമെന്നും വേൾഡ് മൂവ്‌മെന്റ് ചൂണ്ടിക്കാട്ടുന്നു.

അതേസമയം ഇസ്രയേൽ ഇന്ധനം തടഞ്ഞതോടെ ഗസ്സയിലെ വിവിധ ആശുപത്രികളിലെ ഇൻക്യുബേറ്ററുകളിൽ കഴിയുന്ന 120 നവജാത ശിശുക്കളുടെ ജീവൻ അപകടത്തിലാണെന്നാണ് റിപ്പോർട്ടുകൾ. നവജാതശിശുക്കളുടെ എണ്ണം യു.എന്നിന്റെ ചിൽഡ്രൻസ് ഏജൻസിയാണ് പുറത്തുവിട്ടത്. ഇന്ധനക്ഷാമത്തെ തുടർന്ന് ആശുപത്രികളുടെ പ്രവർത്തനം നിലച്ചേക്കുമെന്നതിനാൽ ഗസ്സയിലേക്ക് അടിയന്തരമായി ഇന്ധനം എത്തിക്കണമെന്ന് റെഡ് ക്രസന്റ് ആവശ്യപ്പെട്ടു. യുദ്ധമേഖലയിൽ ആരോഗ്യ പ്രവർത്തകരുടെ സേവനം ആവശ്യമാണെന്നും റെഡ് ക്രസന്റ് അറിയിച്ചു.

നിലവിൽ ഇൻക്യുബേറ്ററുകളിൽ 120 നവജാതശിശുക്കളുണ്ട്. അതിൽ 70 നവജാതശിശുക്കൾ മെക്കാനിക്കൽ വെന്റിലേഷനിലുള്ളതാണ്. ഇത് തീർച്ചയായും ആശങ്കപ്പെടുത്തുന്ന സാഹചര്യമാണ് -യുനിസെഫ് വക്താവ് ജൊനാഥൻ ക്രിക്ക്‌സ് പറഞ്ഞു. ഒക്ടോബർ ഏഴ് മുതൽ ഗസ്സയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണത്തിൽ 1,700ലേറെ കുട്ടികളാണ് കൊല്ലപ്പെട്ടത്. അതേസമയം, ഇസ്രയേൽ ആക്രമണത്തിൽ ഗസ്സയിലെ ആകെ മരണസംഖ്യ 4,651 ആയി. പരിക്കേറ്റവരുടെ എണ്ണം 14,245 ആയി. വെസ്റ്റ് ബാങ്കിൽ 90 പേരും കൊല്ലപ്പെട്ടു

ആക്രമണത്തിൽ ഒരു ഫലസ്തീൻ മാധ്യമപ്രവർത്തകൻ കൂടി കൊല്ലപ്പെട്ടു. റുഷ്ദി സർറാജ് എന്ന മാധ്യമപ്രവർത്തകനാണ് കൊല്ലപ്പെട്ടത്. ഇസ്രയേൽ സൈന്യവും ഹിസ്ബുല്ലയും തമ്മിൽ ആക്രമണം രൂക്ഷമായതോടെ ലെബനനുമായുള്ള രാജ്യത്തിന്റെ വടക്കൻ അതിർത്തിയോട് ചേർന്നുള്ള പട്ടണങ്ങളിൽ നിന്ന് പതിനായിരക്കണക്കിന് ഇസ്രയേലികളെ ഒഴിപ്പിക്കുകയാണ്.

ഇസ്രയേൽ ആക്രമണം തുടരുന്ന ഗസ്സയിലേക്ക് മെഡിക്കൽ ഉപകരണങ്ങളും മറ്റ് അവശ്യവസ്തുക്കളുമായച്ച് ഇന്ത്യ. എയർഫോഴ്‌സിന്റെ ര17 വിമാനമാണ് അവശ്യവസ്തുക്കളുമായി പറന്നുയർന്നത്. 32 ടൺ സാധനങ്ങളാണ് ഇന്ത്യ ഫലസ്തീന് നൽകുന്നത്. ഇതിൽ 6.5 ടണ്ണും മെഡിക്കൽ സഹായമാണ്. റഫ അതിർത്തി വഴി സാധനങ്ങൾ ഗസ്സയിലെത്തിക്കാനാണ് തീരുമാനം.