ഇസ്ലാമബാദ്: പാക്കിസ്ഥാനിലെ ദേശീയ തിരഞ്ഞെടുപ്പിൽ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് വിജയം അവകാശപ്പെട്ടു. തന്റെ പാർട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയായെന്നും മുന്നണി സർക്കാർ രൂപീകരിക്കുന്നത് ചർച്ച ചെയ്യുമെന്നും അറിയിച്ചു.

തന്റെ പാർട്ടി എത്ര സീറ്റുകൾ ജയിച്ചുവെന്ന് നവീസ് ഷെരീഫ് വെളിപ്പെടുത്തിയില്ല. വോട്ടെണ്ണൽ ഇപ്പോഴും തുടരുകയാണ്. 265 സീറ്റിൽ, പാക്കിസ്ഥാൻ മുസ്ലിം ലീഗ് നവാസ്( പി എം എൽ-എൻ) 61 സീറ്റ് നേടിയെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നത്. 133 സീറ്റുകളാണ് സർക്കാർ രൂപീകരിക്കാൻ വേണ്ട സംഖ്യ.

പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടിയുടെ ആസിഫ് അലി സർദാരി അടക്കമുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തി തീരുമാനം എടുക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇമ്രാൻ ഖാന്റെ പാക്കിസ്ഥാൻ തെഹ്‌റിരികി ഇൻസാഫ് പാർട്ടി പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥികൾ മുന്നേറ്റം കാഴ്ചവച്ചെങ്കിലും, ഭൂരിപക്ഷത്തിന് വേണ്ട സംഖ്യയില്ല. ചുരുക്കി പറഞ്ഞാൽ പാക്കിസ്ഥാനിൽ തൂക്കുസഭയാണ് വരാൻ പോകുന്നത്.

201 സീറ്റ് എണ്ണിയപ്പോൾ സ്വതന്ത്ര സ്ഥാനാർത്ഥികൾക്ക് 86 സീറ്റ് കിട്ടിയെന്നാണ് സൂചന.പി എം എൽ എന്നും പിപിയും 60, 45 സീറ്റുകൾ വീതം നേടി പിന്നിലാണ്. പി എം എൽ എന്നുമായോ, ബിലാവൽ ഭൂട്ടോയുടെ പിപിപിയുമായോ സഖ്യമില്ലെന്ന് പ്രഖ്യാപിച്ച പിടിഐ ചെയർമാൻ ഗോഹർ അലി ഖാനും തങ്ങൾ സർക്കാർ രൂപീകരിക്കുമെന്ന് അവകാശപ്പെട്ടു.

പാർട്ടി ചിഹ്നമായ ക്രിക്കറ്റ് ബാറ്റ് വിലക്കിയതിനാൽ സ്വതന്ത്രരായാണ് ഇമ്രാന്റെ പാർട്ടിയിലെ സ്ഥാനാർത്ഥികൾ മത്സരിച്ചത്.ലാഹോറിൽ 55,000 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ നവാസ് ഷെരീഫ് വിജയിച്ചെന്നാണ് പാക്കിസ്ഥാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചിരുന്നു. നാഷനൽ അസംബ്ലി 123ൽ ഷെഹ്ബാസ് ഷെരീഫ് 63,953 വോട്ടുകൾ നേടി വിജയിച്ചപ്പോൾ ഇമ്രാൻ ഖാൻ പിന്തുണച്ച സ്വതന്ത്ര സ്ഥാനാർത്ഥി അഫ്‌സൽ അസീം 48,486 വോട്ടുകൾ നേടി. അതേസമയം, ഇമ്രാൻ ഖാന്റെ പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച സമിയുല്ല ഖാൻ ഖൈബർ പഖ്തൂൺഖ്വയിൽനിന്നും 18,000ത്തിലധികം വോട്ടുകൾ നേടി വിജയിച്ചു. പിടിഐയുടെ തന്നെ പിന്തുണയുള്ള സ്വതന്ത്രസ്ഥാനാർത്ഥി ഫസൽ ഹക്കീം ഖാൻ 25,330 വോട്ടുനേടി വിജയിച്ചു. സ്വാത്ത് പി.കെ നാലു മണ്ഡലത്തിൽ പിടിഐ പിന്തുണയുള്ള അലിഷായും വിജയിച്ചു

അടുത്ത പ്രധാനമന്ത്രിക്ക് സത്യപ്രതിജ്ഞ ചെയ്യണമെങ്കിൽ 169 വോട്ടുകൾ വേണം. മൂന്നുപ്രധാന മത്സരാർഥികളാണ് കളത്തിലുള്ളത്. നവാസ് ഷെരീഫ് നയിക്കുന്ന പി എം എൽ എൻ, ഇമ്രാന്റെ തെഹ്രീരികി ഇൻസാഫ്, ബിലാവൽ ഭൂട്ടോയെപ്രധാനമന്ത്രി സ്ഥാാനാർഥിയായി ഉയർത്തി കാട്ടുന്ന പിപിപിയും. ഫെബ്രുവരി എട്ടിനാണ് വോട്ടെടുപ്പ് പൂർത്തിയായത്. അതേസമയം പാക് തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെ യൂറോപ്യൻ യൂണിയൻ ചോദ്യം ചെയ്തിട്ടുണ്ട്.