- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന പാക്കിസ്ഥാനും ഇന്ത്യൻ സഹായം വേണം
ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന പാക്കിസ്ഥാനും ഇന്ത്യയുടെ സഹായം തേടുന്നു. ഇന്ത്യയുമായി വ്യാപാരബന്ധം പുനഃസ്ഥാപിച്ചാൽ മാത്രമേ ഇനി രാജ്യത്തിന് പിടിച്ചു നിൽക്കാൻ സാധിക്കുകയുള്ളൂ എന്നാണ് പാക്കിസ്ഥാനിലെ പുതിയ ഭരണകൂടം വിലയിരുത്തിയ കാര്യം. ഇതോടെ ഇന്ത്യയുമായുള്ള വ്യാപാര ബന്ധം പുനഃസ്ഥാപിക്കുന്നത് ഗൗരവമായി പരിഗണിക്കുമെന്ന് പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ഇഷാഖ് ദാർ അറിയിച്ചു.
ബ്രസൽസിൽ നടന്ന ആണവോർജ ഉച്ചകോടിയിൽ പങ്കെടുത്തതിനുശേഷം ലണ്ടനിൽ നടത്തിയ വാർത്തസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2019ൽ ജമ്മു-കശ്മീരിന് പ്രത്യേക അധികാരം നൽകുന്ന ആർട്ടിക്കിൾ 370 കേന്ദ്ര സർക്കാർ റദ്ദാക്കിയതിനു പിന്നാലെയാണ് ഇന്ത്യയുമായുള്ള വ്യാപാരബന്ധം പാക്കിസ്ഥാൻ നിർത്തിവെച്ചത്.
ഇന്ത്യയുമായുള്ള വ്യാപാര ബന്ധം പുനഃസ്ഥാപിക്കണമെന്ന് പാക്കിസ്ഥാനിലെ വ്യാപാരി സമൂഹം ഏറെ നാളായി ആവശ്യപ്പെടുന്നുണ്ട്. ഇന്ത്യയുമായുള്ള നയതന്ത്ര നിലപാടിൽ കാതലായ മാറ്റം വരുത്തുന്നതിന്റെ സൂചനയായാണ് പാക്കിസ്ഥാന്റെ പുതിയ നീക്കത്തെ കാണുന്നത്. ഇന്ത്യയുമായുള്ള വ്യാപാര ബന്ധം പുനഃസ്ഥാപിക്കണമെന്നാണ് പാക്കിസ്ഥാനിലെ വ്യാപാരികൾ ആവശ്യപ്പെടുന്നതെന്ന് ഇഷാഖ് ദാർ പറഞ്ഞു. വലിയ സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുകയാണ് പാക്കിസ്ഥാൻ.
ഇന്ത്യയുമായുള്ള നയതന്ത്ര-വ്യാപാര ബന്ധം നിർത്തിവെച്ചത് പാക്കിസ്ഥാന്റെ സാമ്പത്തിക വളർച്ചയെ കാര്യമായി ബാധിച്ചിരുന്നു. പുതിയ നിക്ഷേപങ്ങൾ കുറഞ്ഞതിനു പിന്നാലെ വിദേശ കടങ്ങൾ തിരിച്ചടക്കാനും പാക്കിസ്ഥാന് സാധിക്കുന്നില്ല. ഇതിനു പിന്നലെയാണ് ഇന്ത്യയുമായി വ്യാപാര ബന്ധം പുനഃസ്ഥാപിക്കാനുള്ള നീക്കം പാക്കിസ്ഥാൻ നടത്തുന്നത്.
പാക്കിസ്ഥാനിൽ രണ്ടാം തവണയും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശഹബാസ് ശരീഫിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദനമറിയിച്ചിരുന്നു. ഇത് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള വ്യാപാരബന്ധത്തിൽ പുരോഗതിയുണ്ടാകുമെന്ന സൂചന നൽകിയിരുന്നു.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും കടക്കെണിയിലും പൊറുതി മുട്ടുകയാണ് പാക് സർക്കാർ. പ്രതിസന്ധി മറികടക്കാൻ ചെലവ് ചുരുക്കൽ നടപടികളാണ് സർക്കാർ കൈക്കൊണ്ടത്. സൈന്യം അടക്കം ചെലവു ചുരുക്കൽ നയത്തിന്റെ വഴിയിലായിരുന്നു. വിദൂര പ്രദേശങ്ങളിലെ സൈനികാഭ്യാസങ്ങളിൽ കുറവ് വരുത്തും. വൈദ്യുതി, ഗ്യാസ്, വെള്ളം എന്നിവയുൾപ്പെടെയുള്ളവയുടെ ഉപയോഗം കുറയ്ക്കാനും പാക്കിസ്ഥാൻ സൈന്യം തീരുമാനമെടുത്തിരുന്നു.