ഇസ്ലാമാബാദ്: മുൻ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാന് കനത്ത തിരിച്ചടിയായി കോടതി വിധി. തോഷഖാന കേസിൽ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രിയും തഹ്‌രീകെ ഇൻസാഫ് പാർട്ടി (പി.ടി.ഐ) അധ്യക്ഷനുമായ ഇമ്രാൻ ഖാനും ഭാര്യ ബുഷ്‌റ ബീബിക്കും 14 വർഷം വീതം തടവുശിക്ഷ. ഇസ്ലാമാബാദ് കോടതിയാണ് ശിക്ഷ വിധിച്ചത്. കൂടാതെ, 787 ദശലക്ഷം രൂപ വീതം ഇരുവർക്കും പിഴയും കോടതി ചുമത്തി.

അതോടൊപ്പം, പൊതുപദവി വഹിക്കുന്നതിൽ നിന്ന് ഇംറാന് 10 വർഷം വിലക്കും കോടതി ഏർപ്പെടുത്തി. ഇതോടെ ഇമ്രാന്റെ തെരഞ്ഞെടുപ്പു സ്വപ്‌നങ്ങളും പൊലിഞ്ഞു. പാക്കിസ്ഥാനിൽ പൊതു തെരഞ്ഞെടുപ്പ് നടക്കാൻ എട്ട് ദിവസം മാത്രം ശേഷിക്കെയാണ് കോടതി വിധി പുറപ്പെടുവിച്ചത്. തോഷഖാന അഴിമതി കേസിൽ അഴിമതിക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് മൂന്നു വർഷത്തെ തടവുശിക്ഷ അനുഭവിക്കുന്ന റാവൽപിണ്ടിയിലെ അഡിയാല ജയിലിൽവച്ചാണ് ജഡ്ജി മുഹമ്മദ് ബഷീർ വാദം കേട്ടത്. എന്നാൽ, ഇംറാന്റെ ഭാര്യ ബുഷ്‌റ ബീബി ഇന്ന് കോടതിയിൽ ഹാജരായില്ല.

സമ്മാനമായി ലഭിക്കുന്ന വില കൂടിയ വസ്തുക്കൾ സ്റ്റേറ്റ് ഗിഫ്റ്റ് ഡെപ്പോസിറ്ററിയിൽ (തോഷഖാന) സമർപ്പിക്കണമെന്നാണ് ചട്ടം. ഇംറാൻ അധികാരത്തിലിരിക്കെ അറബ് രാഷ്ട്രങ്ങളിൽ സന്ദർശിച്ചപ്പോൾ ലഭിച്ച വിലയേറിയ സമ്മാനങ്ങൾ തോഷഖാനയിൽ അടച്ചു. പിന്നീട് ഇവിടെ നിന്ന് കുറഞ്ഞ വിലക്ക് വാങ്ങി വൻ ലാഭത്തിൽ മറിച്ചുവിറ്റുവെന്നാണ് ആരോപണം.

ഔദ്യോഗിക രേഖകൾ പരസ്യപ്പെടുത്തിയ സൈഫർ കേസിൽ ഇമ്രാൻ ഖാനും മുൻ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷിക്കും പ്രത്യേക കോടതി ഇന്നലെ 10 വർഷം വീതം തടവുശിക്ഷ വിധിച്ചിരുന്നു. നയതന്ത്രരേഖയിലെ വിവരങ്ങൾ 2022 മാർച്ച് 27ന് നടന്ന പാർട്ടി റാലിയിൽ വെളിപ്പെടുത്തിയെന്നാണ് കേസ്. തന്റെ സർക്കാറിനെ താഴെയിറക്കാൻ അന്താരാഷ്ട്ര ഗൂഢാലോചന നടന്നു എന്നാരോപിച്ചാണ് ഇമ്രാനാണ് രേഖകൾ വെളിപ്പെടുത്തിയത്. അതേസമയം, ഇമ്രാനെതിരെ ചുമത്തിയിട്ടുള്ളത് കള്ളക്കേസാണെന്നാണ് തഹ്‌രീകെ ഇൻസാഫ് പാർട്ടിയുടെ അവകാശവാദം.
വാഷിങ്ടനിലെ പാക്ക് എംബസിക്ക് അയച്ച നയതന്ത്ര രേഖയിലെ വിവരങ്ങൾ 2022 മാർച്ചിൽ നടന്ന പാർട്ടി റാലിയിൽ വെളിപ്പെടുത്തിയെന്നതാണ് കേസ്. ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എഫ്ഐഎ) സമർപ്പിച്ച കുറ്റപത്രത്തിൽ ഇമ്രാന്റെയും ഖുറേഷിയുടെയും പ്രസംഗത്തിന്റെ പൂർണവിവരമുണ്ട്. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് ഈ കേസിൽ ഇമ്രാൻ (71) ഖുറേഷി (67) എന്നിവർ അറസ്റ്റിലായത്. ജയിലിൽവച്ചാണ് വിചാരണ പൂർത്തിയായത്.

2023 ഡിസംബറിൽ അദിയാല ജില്ലാ ജയിലിൽ കേസിന്റെ പുനർവിചാരണ ആരംഭിച്ചിരുന്നു. ഡിസംബർ 13 ന് ഇമ്രാൻ ഖാനും ഖുറൈഷിയും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. നിലവിൽ അഴിമതിക്കേസിൽ ജയിൽശിക്ഷ അനുഭവിക്കുകയാണ് ഇരുവരും. ഇവർക്കു വേണ്ടി ഹാജരാകേണ്ട മുൻ അഭിഭാഷകർ കോടതിയിൽ കൃത്യമായി എത്തിച്ചേരാത്തതിനാൽ പുതിയ അഭിഭാഷകരെ കേസിൽ നിയമിച്ചിരുന്നു. പ്രോസിക്യൂഷനോടൊപ്പം പ്രതിഭാഗവും സർക്കാരിന്റെ പക്ഷത്താണെന്ന് ആരോപിച്ച ഇമ്രാൻ ഖാൻ വിചാരണയെ 'തമാശ' എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.

വിധി പ്രസ്താവനയെ തുടർന്ന് ഇമ്രാൻ ഖാൻ നേതൃത്വം നൽകുന്ന പാക്കിസ്ഥാൻ തെഹരീക്-എ- ഇൻസാഫ് (പിടിഐ) ഇരുനേതാക്കൾക്കും പിന്തുണയുമായി എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ രംഗത്തെത്തി. പാക്കിസ്ഥാൻ ഇമ്രാൻ ഖാനും ഷാ മെഹ്മൂദ് ഖുറൈഷിയക്കും ഒപ്പമാണെന്നും ഈ വിധി അപ്പീൽ കോടതി തള്ളുമെന്നും പിടിഐ പ്രതികരിച്ചു.

ഫെബ്രുവരിയിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കവെയാണ് പിടിഐയുടെ പ്രമുഖനേതാക്കൾക്കെതിരെ ഗൗരവമായ നടപടി ഉണ്ടായിരിക്കുന്നതെന്ന കാര്യം ശ്രദ്ധേയമാണ്. തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അനുമതി തേടി ഇമ്രാൻ ഖാൻ പത്രിക സമർപ്പിച്ചിരുന്നുവെങ്കിലും അത് തള്ളിയിരുന്നു. 2022 ഏപ്രിലാണ് അവിശ്വാസപ്രമേയത്തിലൂടെ ഇമ്രാനെ പുറത്താക്കിയത്. കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിനാണ് ഇമ്രാനെ അറസ്റ്റ് ചെയ്തത്. തുടർന്ന് അറ്റോക്ക് ജില്ലാ ജയിലിൽ പാർപ്പിക്കുകയും ചെയ്തു. ശിക്ഷ ഇസ്ലാമാബാദ് ഹൈക്കോടതി താൽക്കാലികമായി നിർത്തിവെച്ചെങ്കിലും സൈഫർ കേസിൽ അറസ്റ്റു ചെയ്തു.