- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഷ്ട്രീയ അനിശ്ചിതത്വം പതിവായി പാക്കിസ്ഥാനിൽ ആര് ഭരണം പിടിക്കും?
ഇസ്ലാമാബാദ്: രാഷ്ട്രീയ അസ്ഥിരത പതിവായ രാജ്യമാണ് പാക്കിസ്ഥാൻ. വീണ്ടുമൊരു പൊതുതിരഞ്ഞെടുപ്പിന് പാക്കിസ്ഥാൻ ഒരുങ്ങുമ്പോൾ ആര് ഭരണം പിടിക്കുമെന്ന ആകാംക്ഷയാണ് നിലനിൽക്കുന്നത്. പാക്കിസ്ഥാന്റെ 12ാമത് പൊതുതിരഞ്ഞെടുപ്പാണ് നാളെ നടക്കുന്നത്. ദേശീയ അസംബ്ലിയിലെ 272 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇമ്രാൻഖാനെതിരെ സംയുക്തമായി നീങ്ങുന്ന നവാസ് ഷെരീഫിനെയും കൂട്ടരെയുമാണ് ഇക്കുറി തെരഞ്ഞെടുപ്പിൽ കാണാൻ സാധിക്കുക.
വിവിധ കേസുകളിൽ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അറസ്റ്റ്, വിവാദങ്ങൾ, കോടതി വിചാരണകൾ, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ വിഷയങ്ങൾക്ക് നടുക്കാണ് തെരഞ്ഞെടുപ്പു നടക്കുന്നത്. രാജ്യത്തുടനീളം ഭീകരവാദ ഭീഷണിയും അക്രമസാദ്ധ്യതയും നിലനിൽക്കുന്നതിനാൽ ജനങ്ങൾ കനത്ത ഭീതിയിലാണ്. വോട്ടിങ് ശതമാനം കുറയുമെന്ന ആശങ്കയും രാഷ്ട്രീയ കക്ഷികൾക്കുണ്ട്.അതേസമയം, മത്സരരംഗത്തെ പ്രധാനികൾ ആരാണെന്നും അവർക്ക് ഇന്ത്യയോടുള്ള നിലപാട് എന്താണെന്നും അറിയാം.
നവാസ് ഷെരീഫ്, ബിലാവൽ ഭൂട്ടോ, ഇമ്രാൻ ഖാൻ എന്നിവരാണ് മത്സര രംഗത്തെ പ്രമുഖർ. അഴിമതിയുൾപ്പെടെ വിവിധ കേസുകളിൽ ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന് നേരിട്ട് മത്സരിക്കാനാകില്ലെങ്കിലും പാർട്ടിയിലെ വിശ്വസ്തനെ സ്ഥാനാർത്ഥിയാക്കുമെന്നാണ് വിവരം. നവാസ് ഷെരീഫാണ് ഒരു വശത്ത് നായകനാകുന്നത്. മറുവശത്ത് ജയിലിൽ കിടന്നു കൊണ്ട് ഇമ്രാൻഖാനും.
പാക്കിസ്ഥാൻ മുസ്ളീം ലീഗ്- നവാസിന്റെ (പിഎംഎൽ-എൻ) മേധാവിയാണ് നവാസ് ഷെരീഫ്. ഇമ്രാൻ ഖാൻ മത്സര രംഗത്തില്ലാത്തതിനാൽ നിഷ്പ്രയാസം ജയിക്കാമെന്ന പ്രതീക്ഷയിലാണ് നവാസ്. ഇമ്രാനെ തിരഞ്ഞെടുപ്പിൽ നിന്ന് പുറത്താക്കാനുള്ള പാക് സൈന്യത്തിന്റെ തന്ത്രം വിജയിച്ചത് നവാസ് ഷെരീഫിന് ആത്മവിശ്വാസം നൽകുന്നുണ്ട്. നീണ്ടകാലത്തെ പ്രവാസ ജീവിതത്തിനുശേഷം മടങ്ങിയെത്തിയ നവാസ് പാക്കിസ്ഥാൻ മുസ്ലിം ലീഗ് പാർട്ടിയുടെ നേതൃത്വം ഏറ്റെടുക്കുകയായിരുന്നു. നവാസ് ഷെരീഫ് മുൻപ് മൂന്നു തവണ പാക്കിസ്ഥാൻ പ്രധാനമന്ത്രിയായിട്ടുണ്ട്.
രാഷ്ട്രീയ രംഗത്തെ ശക്തനാണെങ്കിലും ഷെരീഫിന് പലതവണ ജയിൽവാസവും ഒളിവ് ജീവിതവും നയിക്കേണ്ടി വന്നിട്ടുണ്ട്.സാമ്പത്തിക ഉദാരവത്കരണത്തിന്റെയും സ്വതന്ത്ര വിപണിയുടെയും ആശയം പ്രചരിപ്പിക്കുന്ന ഷെരീഫ് ഇന്ത്യയോട് വളരെ അടുപ്പം പുലർത്താൻ ഇഷ്ടപ്പെടുന്നു. ഇന്ത്യയുമായി സമാധാന സഖ്യമെന്നത് ഇമ്രാൻ ഖാന്റെ പാർട്ടി പ്രകടനപത്രികയിലും എടുത്ത് പറയുന്നു. എന്നാൽ ആർട്ടിക്കിൾ 370 റദ്ദാക്കിയത് ഇന്ത്യ പിൻവലിക്കണമെന്നാണ് പിഎംഎൽ-എൻ ആവശ്യപ്പെടുന്നത്. അടുത്തിടെ പ്രവാസ ജീവിതത്തിൽ നിന്ന് മടങ്ങിയെത്തിയ ഷരീഫ്, ഇന്ത്യയുടെ പുരോഗതിയെയും ആഗോള നേട്ടങ്ങളെയും അഭിനന്ദിച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ശക്തിപ്പെടുത്തണമെന്നും ഷെരീഫ് ആവശ്യപ്പെട്ടു.
രാജ്യത്ത് ഏറ്റവും ജനപിന്തുണയുള്ള നേതാവാണ് ഇമ്രാൻ ഖാൻ. എന്നാൽ അഴിമതി കേസുകളിൽ ശിക്ഷിക്കപ്പെട്ട് നിലവിൽ ജയിലിൽ കഴിയുന്നതിനാൽ മത്സരിക്കാനാവില്ല. അദ്ദേഹത്തിന്റെ പാർട്ടിയായ പാക്കിസ്ഥാൻ തെഹ്രീക്-ഇ- ഇൻസാഫിന് (പിടിഐ) സ്വന്തം ചിഹ്നമായ ക്രിക്കറ്റ് ബാറ്റിൽ മത്സരിക്കാനും തിരഞ്ഞെടുപ്പ് കമ്മിഷൻ അനുമതി നിഷേധിച്ചിരുന്നു. സ്വതന്ത്ര സ്ഥാനാർത്ഥികളെയാണ് പിടിഐ ഇത്തവണ മത്സരിപ്പിക്കുന്നത്.എന്നാൽ പാക്കിസ്ഥാൻ പട്ടാളവുമായി ഇമ്രാൻ ഖാൻ നല്ല ബന്ധത്തിലല്ല. എന്നിരുന്നാലും തിരഞ്ഞെടുപ്പിൽ വലിയ സ്വാധീനം പിടിഐയ്ക്കുണ്ട്.
പാക്കിസ്ഥാനുമായി സമാധാനത്തിന് അവസരം നൽകണമെന്ന് 2019ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഇമ്രാൻ ഖാൻ അഭ്യർത്ഥിച്ചിരുന്നു. കൂടാതെ 40 സിആർപിഎഫ് ജവാന്മാർ വീരമൃത്യു വരിച്ച പുൽവാമ ആക്രമണത്തെക്കുറിച്ച് രഹസ്യാന്വേഷണം നടത്താൻ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. കൂടാതെ കഴിഞ്ഞവർഷം ജൂണിൽ, ഇന്ത്യയുമായുള്ള ബന്ധത്തിലെ പുരോഗതിയുടെ അഭാവം ഇമ്രാൻ ചൂണ്ടിക്കാട്ടുകയും ചെയ്തു.
പാക് മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെ മകനാണ് 35കാരനായ ബിലാവൽ ഭൂട്ടോ സർദാരി. ഭൂട്ടോ രാജവംശത്തിന്റെ പിൻഗാമിയും പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) നേതാവുമായ ബിലാവൽ സമ്പന്നമായ രാഷ്ട്രീയ പാരമ്പര്യത്തോടെയാണ് തിരഞ്ഞെടുപ്പ് രംഗത്തേക്ക് വരുന്നത്. എന്നാൽ സൈന്യത്തിന്റെ പിന്തുണ നവാസ് ഷെരീഫിനാണ്.രണ്ടുതവണ അധികാരത്തിലെത്തിയ ബേനസീർ ഭൂട്ടോ 2007ലാണ് കൊല്ലപ്പെടുന്നത്. ബിലാവലിന്റെ മുത്തച്ഛനും മുൻ പാക് പ്രധാനമന്ത്രിയുമായ സുൽഫിക്കർ അലി ഭൂട്ടോയെ അധികാരത്തിൽ നിന്ന് താഴെയിറക്കി തൂക്കിക്കൊല്ലുകയായിരുന്നു. ബിലാവലിന്റെ പിതാവ് ആസിഫ് അലി സർദാരി പാക് പ്രസിഡന്റായി അധികാരത്തിലെത്തിയെങ്കിലും നിരവധി അഴിമതിയാരോപണങ്ങൾ നേരിട്ടു. അതേസമയം, ഇന്ത്യയോട് കൃത്യമായ നിലപാട് ബിലാവലിനില്ല.
ഇമ്രാനെ മത്സരചിത്രത്തിൽ നിന്ന് പുറത്താക്കാനുള്ള പാക് സൈന്യത്തിന്റെ തന്ത്രം വിജയിച്ചതോടെ നവാസ് ശരീഫ് തികഞ്ഞ വിജയ പ്രതീക്ഷയിലാണ്. നീണ്ടകാലത്തെ പ്രവാസ ജീവിതത്തിനു ശേഷം മടങ്ങിയെത്തി പാക്കിസ്ഥാൻ മുസ്ലിം ലീഗ് നവാസ് പാർട്ടിയുടെ ന്മേതൃത്വം ഏറ്റെടുത്ത നവാസ് ശരീഫ് മുൻപ് മൂന്നു തവണ പാക്കിസ്ഥാൻ പ്രധാനമന്ത്രി ആയിട്ടുണ്ട്. ബേനസീർ ഭൂട്ടോയുടെ മകൻ ബിലാവൽ ഭൂട്ടോയുടെ പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി മത്സര രംഗത്ത് ഉണ്ടെങ്കിലും സൈന്യത്തിന്റെ പിന്തുണ നവാസ് ശരീഫിനാണ്. ജനാധിപത്യം പലപ്പോഴും പ്രഹസനമായിട്ടുള്ള പാക്കിസ്ഥാനിൽ ഇത്തവണയും പട്ടാളത്തിന്റെ ആശീർവാദത്തോടെ നവാസ് ശരീഫ് തന്നെ അധികാരത്തിൽ എത്തുമെന്ന് മിക്കവരും കരുതുന്നു.