ഇസ്ലാമാബാദ്: തന്റെ ഭാര്യ ബുഷ്റ ബീബിക്ക് ടോയ്ലറ്റ് ക്ലീനർ കലർത്തിയ ഭക്ഷണം നൽകിയെന്ന ആരോപണവുമായി പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. വീട്ടുതടങ്കലിൽ കഴിയുന്ന തന്റെ ഭാര്യക്ക് ടോയ്ലറ്റ് ക്ലീനർ ചേർത്ത ഭക്ഷണം നൽകിയെന്നാണ് ബുഷ്‌റയുടെ ആരോപണം. ആരോപണവുമായി ജയിലിൽ കഴിയുന്ന പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ.

വിഷം കലർന്ന ഭക്ഷണം കഴിച്ച ഭാര്യ വയറ്റിലെ അണുബാധയുമായി പോരാടുകയാണെന്നും ആരോഗ്യം വഷളായതായും അദ്ദേഹം പറഞ്ഞു. റാവൽപിണ്ടിയിലെ അഡിയാല ജയിലിൽ അഴിമതിക്കേസിൽ വാദം കേൾക്കുന്നതിനിടെയാണ് പാക്കിസ്ഥാൻ തെഹ്രീകെ ഇൻസാഫ് പാർട്ടിയുടെ തലവൻ കൂടിയായ ഇമ്രാൻ ആരോപണം ഉന്നയിച്ചത്. വിശദമായ വൈദ്യ പരിശോധന നടത്താൻ ടെസ്റ്റ് നടത്താൻ ഷൗക്കത്ത് ഖാനം ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ നിർദേശിച്ചിട്ടുണ്ടെന്നും ഇമ്രാൻ പറഞ്ഞു.

190 മില്യൺ പൗണ്ടിന്റെ അഴിമതിക്കേസിൽ റാവൽപിണ്ടിയിലെ അഡിയാല ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാൻ ഈ കേസിലെ വാദം കേൾക്കുന്നതിനിടെയാണ് ആരോപണം ഉന്നയിച്ചത്. 49 കാരിയായ ബുഷ്റ ബീബി അടുത്തിടെ അഴിമതിക്കേസിലും ഇമ്രാൻ ഖാനുമായി (71) അനധികൃത വിവാഹം നടത്തിയ കേസിലും ശിക്ഷിക്കപ്പെട്ടിരുന്നു. ഇപ്പോൾ ഇസ്ലാമാബാദിന്റെ പ്രാന്തപ്രദേശത്തുള്ള അവരുടെ ബനി ഗാല വസതിയിൽ തടങ്കലിൽ കഴിയുകയാണ്.

ഷിഫ ഇന്റർനാഷണൽ ഹോസ്പിറ്റലിൽ ബുഷ്‌റ ബീബിയുടെ പരിശോധന നടത്താൻ ഷൗക്കത്ത് ഖാനം ഹോസ്പിറ്റൽ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. അസിം യൂസഫ് നിർദ്ദേശിച്ചതായി ഇമ്രാൻ ഖാൻ പറഞ്ഞു. എന്നാൽ, പാക്കിസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (പിംസ്) ആശുപത്രിയിൽ പരിശോധന നടത്തിയാൽ മതിയെന്ന നിലപാടിൽ ജയിൽ ഭരണകൂടം ഉറച്ചുനിൽക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തുടർന്ന് ഇമ്രാൻ ഖാന്റെയും ബുഷ്റ ബീബിയുടെയും വൈദ്യപരിശോധനയ്ക്ക് ഡോ. യൂസഫിനോട് കോടതി ഉത്തരവിട്ടു. വിചാരണ വേളയിൽ വാർത്താ സമ്മേളനങ്ങൾ നടത്തരുതെന്ന് കോടതി പിന്നീട് ഇമ്രാൻ ഖാനോട് ആവശ്യപ്പെട്ടു. തന്റെ ഭാര്യ ബുഷ്റ ബീബിയെ കള്ളകേസിൽ കുടുക്കി തടവിലിട്ട് ഇല്ലാതാക്കാനാണ് ശ്രമമെന്നും കരസേനാ മേധാവി ജനറൽ അസിം മുനീറാണ് ഇതിന് ഉത്തരവാദിയെന്നും കഴിഞ്ഞ ദിവസം ഇമ്രാൻ ഖാൻ ആരോപിച്ചിരുന്നു.

മാധ്യമ പ്രവർത്തകരോടാണ് സൈനിക മേധാവിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചത്. ഭാര്യക്കെതിരെ കേസെടുക്കുന്നതിൽ കരസേനാ മേധാവി ജനറൽ അസിം മുനീറിന് നേരിട്ട് പങ്കുണ്ട്. വിധി പ്രസ്താവിക്കുന്നതിൽ അസിം ജഡ്ജിനെ സ്വാധീനിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഭാര്യയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ അസിം മുനീറിനെ വെറുതെ വിടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. അഴിമതി, നിയമവിരുദ്ധമായ വിവാഹം തുടങ്ങി കുറ്റങ്ങൾ ചുമത്തിയാണ് ഇമ്രാൻ ഖാന്റെ ഭാര്യയെ തടവിലാക്കിയിരിക്കുന്നത്.

നേരത്തെ സൈനിക മേധാവിക്കെതിരെ രംഗത്തുവന്നിരുന്നു ഇമ്രാൻ ഖാൻ. ഇമ്രാന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ ഇക്കാര്യങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു. "എന്റെ ഭാര്യയെ തടവിലാക്കാൻ നേരിട്ടിടപെട്ടതു ജനറൽ അസിം മുനീറാണ്. ഈ തീരുമാനമെടുക്കാൻ ജഡ്ജിക്കുമേൽ സമ്മർദമുണ്ടായി. എന്റെ ഭാര്യയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ, ഞാൻ ജീവിച്ചിരിക്കുന്ന കാലത്തോളം അസിം മുനീറിനെ വെറുതെ വിടില്ല. അദ്ദേഹത്തിന്റെ അനധികൃതവും ഭരണഘടനാവിരുദ്ധവുമായ നടപടികൾ തുറന്നുകാട്ടും" ഇമ്രാൻ പറഞ്ഞു.

തോഷാഖാന അഴിമതി കേസിൽ ഇമ്രാനും ഭാര്യ ബുഷ്‌റ ബീവിക്കും കോടതി 14 വർഷം തടവുശിക്ഷ വിധിച്ചിരുന്നു. 10 വർഷത്തേക്കു തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും വിലക്കുണ്ട്.