- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആർക്കും ഭൂരിപക്ഷം ഇല്ലാതായതോടെ പാക്കിസ്ഥാൻ തൂക്കുസഭയിലേക്ക്
ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ ഇമ്രാൻ ഖാൻ നയിക്കുന്ന പാക്കിസ്ഥാൻ തെഹ്രികെ ഇൻസാഫ് (പി.ടി.ഐ.) പാർട്ടി നടത്തിയത് അപ്രതീക്ഷിത കുതിപ്പ്. സൈന്യത്തിന്റെ പിന്തുണയോടെ നവാസ് ഷെരീഫ് അട്ടിമറി ശ്രമങ്ങൾ നടത്തിയിട്ടും അതിനെയെല്ലാം അതിജീവിച്ചു കൊണ്ടാണ് പിടിഐ മുന്നേറിയത്. ഇമ്രാൻ ഖാനെ ജയിലിൽ അടച്ചു കൊണ്ടും പാർട്ടിക്ക് ചിഹ്നം അനുവദിക്കാതെയുമെല്ലാം പലവിധത്തിൽ പ്രതിസന്ധികൾ നേരിടേണ്ടി വന്നും ഇമ്രാന്റെ പാർട്ടിക്ക്. എന്നാൽ, ഈ പ്രതിസന്ധികൾ എല്ലാം തരണം ചെയ്തു കൊണ്ടാണ് അപ്രതീക്ഷിത മുന്നേറ്റം പാർട്ടി നടത്തുന്നത്.
പാക്കിസ്ഥാൻ പൊതുതിരഞ്ഞെടുപ്പിൽ, ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ നയിക്കുന്ന പാക്കിസ്ഥാൻ തെഹ്രികെ ഇൻസാഫ് (പി.ടി.ഐ.) പാർട്ടിയുടെ അപ്രതീക്ഷിത മുന്നേറ്റം രാജ്യത്തെ രാഷ്ട്രീയ കാലാവസ്ഥയെ കൂടുതൽ സങ്കീർണമാക്കിയിട്ടുണ്ട്. ആർക്കും ഭൂരിപക്ഷം ഇല്ലാത്ത അവസ്ഥ വന്നതോടെ തൂക്കു സഭയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. അതേസമയം സഖ്യത്തിനില്ലെന്നും തനിച്ചു ഭരിക്കുമെന്നുമാണ് പിടിഐ അവകാശപ്പെടുന്നത്.
97 സീറ്റുകളുമായി പിടിഐ സ്വതന്ത്രരാണ് ഏറ്റവും വലിയ ഒറ്റകക്ഷി. നവാസ് ഷെരീഫിന്റെ പിഎംഎൽഎൻ 72 സീറ്റുകൾ നേടി. ബിലാവൽ ഭൂട്ടോയുടെ പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) 52 സീറ്റും കരസ്ഥമാക്കി. നിലവിൽ പാക്കിസ്ഥാനിലെ സാഹചര്യങ്ങൾ ഇന്ത്യ നിരീക്ഷിക്കുന്നുണ്ട്. നിലവിൽ 252 സീറ്റുകളിലെ ഫലമാണ് പുറത്തുവന്നത്. 133 സീറ്റുനേടിയാൽ സർക്കാരുണ്ടാക്കാം.
വോട്ടെണ്ണുന്നതിലും ഫലം പുറത്തുവിടുന്നതിലും അസാധാരണമായ കാലതാമസവും ആശയക്കുഴപ്പവുമുണ്ടായതോടെ പല കോണുകളിൽനിന്ന് പരാതി ഉയർന്നു. 150-ലേറെ സീറ്റുകളിൽ തങ്ങൾക്ക് ഭൂരിപക്ഷമുണ്ടെന്ന് പി.ടി.െഎ. അവകാശപ്പെട്ടു. ജയം അട്ടിമറിക്കാൻ നീക്കം നടക്കുകയാണ്. ഫലം പുറത്തുവിടുന്നതിൽ അസാധാരണമായ കാലതാമസം വരുത്തുന്നതും മൊബൈൽഫോൺ സേവനങ്ങൾ നിർത്തിവെച്ചതും അതിന്റെ ഭാഗമാണ്-അവർകുറ്റപ്പെടുത്തി. പാക് ചരിത്രത്തിലെ ഏറ്റവും വിശ്വാസയോഗ്യമല്ലാത്ത തിരഞ്ഞെടുപ്പുകളിലൊന്നാണിതെന്ന് രാഷ്ട്രീയനിരീക്ഷകരും പറയുന്നു. വോട്ടെണ്ണൽ വെള്ളിയാഴ്ച രാത്രിയും തുടരുകയാണ്.
നവാസ് ഷരീഫിന്റെയോ ബിലാവലിന്റെയോ പാർട്ടികളുമായി സഖ്യമുണ്ടാക്കില്ലെന്നും സർക്കാരുണ്ടാക്കാൻ തനിച്ച് ഭൂരിപക്ഷം ലഭിക്കുമെന്നും പി.ടി.ഐ. പ്രതികരിച്ചു. അതിനിടെ നവാസ് ഷരീഫും വിജയം അവകാശപ്പെട്ടു. സ്വതന്ത്രരുമായി ചേർന്ന് കൂട്ടുകക്ഷി സർക്കാരുണ്ടാക്കുമെന്നാണ് നവാസിന്റെ പ്രതികരണം.
സ്ഥാനാർത്ഥികളോട് ഫലമറിയുംവരെ വോട്ടെണ്ണൽകേന്ദ്രങ്ങളിൽനിന്ന് മടങ്ങരുതെന്ന് ഇമ്രാൻഖാൻ ജയിലിൽനിന്ന് അഭ്യർത്ഥിച്ചു. മുൻ ക്രിക്കറ്റ് ക്യാപ്റ്റനായ അദ്ദേഹത്തെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് വിലക്കിയിരുന്നു. പാർട്ടിയുടെ ചിഹ്നമായ 'ബാറ്റ്' തിരഞ്ഞെടുപ്പുകമ്മിഷൻ മരവിപ്പിച്ചതിനാൽ പി.ടി.െഎ. സ്ഥാനാർത്ഥികൾ സ്വതന്ത്രരായാണ് മത്സരിച്ചത്. പട്ടാളത്തിന്റെ പിന്തുണയുള്ള നവാസ് വിഭാഗം അധികാരം പിടിക്കുമെന്ന് കരുതിയിരിക്കേ, പി.ടി.െഎ.യുടെ മുന്നേറ്റം രാഷ്ട്രീയകേന്ദ്രങ്ങളിൽ വലിയ അമ്പരപ്പുളവാക്കി.
പി.എം.എൽ.-എൻ. പാർട്ടിയിൽനിന്ന് ജയിച്ചവരിൽ മുൻ പ്രധാനമന്ത്രി നവാസ് ഷരീഫ്, സഹോദരനും മുൻ പ്രധാനമന്ത്രിയുമായ ഷഹബാസ് ഷരീഫ്, നവാസ് ഷരീഫിന്റെ മകൾ മറിയം തുടങ്ങിയവരുണ്ട്. പി.ടി.െഎ.യുടെ ഡോ. യാസ്മിൻ റഷീദിനെതിരേ നവാസ് ഷരീഫ് 55,000-ത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം നേടി.കനത്ത ഏറ്റുമുട്ടലുകൾക്കും ആക്രമണങ്ങൾക്കുമിടയിലാണ് തിരഞ്ഞെടുപ്പ് നടന്നത്. നാലു പ്രവിശ്യാ നിയമസഭകളിലെ 593 സീറ്റിലേക്കും ഇതിനൊപ്പം തിരഞ്ഞെടുപ്പ് നടന്നു. ഔദ്യോഗിക ഫലപ്രഖ്യാപനം രണ്ടാഴ്ചയ്ക്കുശേഷമായിരിക്കും.
പി.ടി.ഐ., പി.പി.പി., പി.എം.എൽ.-എൻ. എന്നീ പാർട്ടികൾ തമ്മിലാണ് പ്രധാനമത്സരമെങ്കിലും മറ്റു ചെറുകക്ഷികളും മത്സരരംഗത്തുണ്ട്.പി.ടി.െഎ. നേതാക്കളായ ഗോഹർ അലി ഖാൻ, ആസാദ് ഖൈസർ തുടങ്ങിയവർ ജയിച്ചു. പി.പി.പി. നേതാവും അന്തരിച്ച മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെ ഭർത്താവുമായ ആസിഫ് അലി സർദാരി, മകനും പാർട്ടി തലവനുമായ ബിലാവൽ ഭൂട്ടോ തുടങ്ങിയവരും ജയിച്ചവരിൽപ്പെടുന്നു. പ്രവിശ്യാനിയമസഭയിലും പി.ടി.െഎ.യും പി.പി.പി.യും നേട്ടമുണ്ടാക്കി.
ഇമ്രാന്റെ പാർട്ടിയുടെ മുതിർന്ന നേതാക്കൾ ജയിലിലാണ്. സൈന്യവും സർക്കാർ സംവിധാനങ്ങളും കോടതിയുമെല്ലാം ചേർന്ന് ഇമ്രാനെ തേജോവധം ചെയ്യുകയാണെന്ന വാദം ജനം അംഗീകരിച്ചെന്നാണ് ഫലം സൂചിപ്പിക്കുന്നത്. അഴിമതിക്കേസിൽപെടുത്തി ഇമ്രാന്റെ പ്രതിച്ഛായ തകർക്കാൻ ശ്രമിക്കുകയാണെന്ന് പാർട്ടി ആരോപിച്ചു. നിക്കാഹ് അനിസ്ലാമികമാണെന്നു പറഞ്ഞ് ഇമ്രാും ഭാര്യ ബുഷറ ബിബിക്കും കഴിഞ്ഞയാഴ്ച ഏഴു വർഷം തടവ് വിധിച്ചിരുന്നു. 2018ൽ നടന്ന വിവാഹത്തിന്റെ പേരിലാണ് ഇപ്പോൾ നടപടിയെടുത്തത്. തോഷഖാന കേസിൽ (ഔദ്യോഗിക പദവിയിലിരിക്കെ ലഭിച്ച സമ്മാനത്തിൽനിന്ന് സാമ്പത്തിക നേട്ടമുണ്ടാക്കി) ഇരുവരും ജയിലിലാണുള്ളത്.
നാലുവർഷത്തെ ലണ്ടൻ പ്രവാസജീവിതം കഴിഞ്ഞ് സൈന്യത്തിന്റെ ആശീർവാദത്തോടെ തിരിച്ചെത്തിയ മുൻ പ്രധാനമന്ത്രി നവാസ് ശരീഫ് ഏകപക്ഷീയമായി ജയിച്ചുകയറുമെന്നായിരുന്നു പ്രവചനം. നവാസ് ശരീഫിന്റെ ജയം മുൻനിശ്ചയിക്കപ്പെട്ട തെരഞ്ഞെടുപ്പ് പ്രഹസനമാണ് നടക്കുന്നതെന്ന് മുൻ പ്രധാനമന്ത്രി ബേനസീർ ഭുട്ടോയുടെ മകനും പാക്കിസ്ഥാൻ പീപ്ൾസ് പാർട്ടി നേതാവുമായ ബിലാവൽ ഭുട്ടോ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ച് ഇമ്രാൻ ഖാന്റെ പാർട്ടിക്കാർ സ്വതന്ത്രരായി മത്സരിച്ച് മുന്നേറുകയായിരുന്നു.