വാഷിങ്ടൺ: ഇന്ത്യ- യുഎസ് നയതന്ത്ര ബന്ധത്തിൽ ചെറിയൊരു പ്രശ്‌നങ്ങളായി നിലനിന്ന വിഷയമായിരുന്നു ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഗുർപത്‌വന്ത് സിങ് പന്നുവിനെ വധിക്കാൻ ശ്രമിച്ചെന്ന കേസ്. ഇതിന് പിന്നിൽ ഇന്ത്യയാണെന്ന് ആരോപിച്ചു ഇന്ത്യക്കാരൻ നിഖിൽ ഗുപ്തക്കെതിരായ തെളിവുകൾ ഹാജരാക്കാൻ ആവശ്യപ്പെട്ട് യു.എസ് കോടതി. നിഖിൽ ഗുപ്തയുടെ അഭിഭാഷകൻ നൽകിയ ഹരജി പരിഗണിച്ചാണ് നിർദ്ദേശം.

ജനുവരി നാലിനാണ് പ്രതിഭാഗം ഇതുസംബന്ധിച്ച ഹരജി കോടതിയിൽ സമർപ്പിച്ചത്. നിഖിൽ ഗുപ്തക്കെതിരെ ചുമത്തിയ കുറ്റം തെളിയിക്കുന്നതിനുള്ള തെളിവുകൾ ഹാജരാക്കാൻ ഉത്തരവിടണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. തുടർന്ന് മൂന്ന് ദിവസത്തിനുള്ളിൽ തെളിവുകൾ ഹാജരാക്കണമെന്ന് യു.എസ് ജില്ലാ ജഡ്ജി വിക്ടർ മരേരോ ഉത്തരവിട്ടു.

ഇന്ത്യൻ സർക്കാർ ജീവനക്കാരനായ നിഖിൽ ഗുപ്ത ഖലിസ്ഥാനി വിഘടനവാദി നേതാവ് ഗുർപത്‌വന്ത് സിങ് പന്നുവിനെ കൊലപ്പെടുത്താൻ പദ്ധതിയൊരുക്കിയെന്നാണ് ആരോപണം. ഇതുപ്രകാരം കൊലപാതകം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഇയാൾക്കെതിരെ കേസെടുക്കുകയായിരുന്നു.

ചെക്ക് റിപബ്ലിക്കിലായിരുന്ന ഗുപ്തയെ പൊലീസ് അറസ്റ്റ് ചെയ്ത് യു.എസിന് കൈമാറുകയായിരുന്നു. കുറ്റവാളികളെ കൈമാറുന്നതിനായി ചെക്ക് റിപബ്ലിക്കും യു.എസും നിലവിലുള്ള കരാർ പ്രകാരമാണ് നടപടി. 20 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്.

യു.എസ്. പൗരനും വിഘടനവാദ സംഘടനയായ സിഖ് ഫോർ ജസ്റ്റിസിന്റെ നേതാവുമായ പന്നൂനെ വധിക്കാനായി വാടകക്കൊലയാളിയെ ഏർപ്പെടുത്തിയെന്നാരോപിച്ചാണ് ഇന്ത്യൻ പൗരനായ നിഖിൽ ഗുപ്തയെ അറസ്റ്റ് ചെയ്തത്. ഈ വാടകക്കൊലയാളിയെ സംഘടിപ്പിക്കാനായി ന്യൂഡൽഹിയിലുള്ള ഒരു ഇന്ത്യൻ ഉദ്യോഗസ്ഥനാണ് ഗുപ്തയെ നിയോഗിച്ചതെന്നും നവംബർ 29-ന് ഫെഡറൽ കോടതിയിൽ സമർപ്പിച്ച യു.എസിന്റെ കുറ്റപത്രത്തിൽ പറയുന്നു.

ഗുപ്തയും ഇന്ത്യൻ ഉദ്യോഗസ്ഥനുംതമ്മിൽ മെയ് മാസം മുതൽ ടെലിഫോണിലൂടെയും അല്ലാതെയും ആശയവിനിമയം നടത്തിയിരുന്നെന്നും അതിനുശേഷമാണ് വധിക്കാൻ പദ്ധതിയിട്ടതെന്നും ഈ രണ്ടുപേരും ഡൽഹിയിൽ വെച്ച് നേരിട്ട് കണ്ടിട്ടുണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നു. ഇക്കാര്യങ്ങളിലാണ് കോടതി തെളിവാവശ്യപ്പെട്ടത്.

ഇതിനിടെ ഗുപ്തയുടെ കുടുംബത്തിലൊരാൾ ഗുപ്തയുടെ അറസ്റ്റ് നിയമവിരുദ്ധമായിരുന്നുവെന്നും വിഷയത്തിൽ ഇന്ത്യ ഇടപെടണമെന്നും ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കോടതിക്ക് ഇടപെടാൻ അധികാരമില്ലെന്നും ഇന്ത്യയ്ക്ക് പുറത്തുള്ള കോടതിയെ സമീപിക്കണമെന്നും ചൂണ്ടിക്കാട്ടി ഹർജി തള്ളുകയാണുണ്ടായത്.