- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രാഗ് വെടിവെയ്പ്പിൽ ഔദ്യോഗിക ദുഃഖാചരണം ആചരിച്ച ചെക്ക് റിപ്പബ്ലിക്; ചാൾസ് യൂണിവേഴ്സിറ്റിയിൽ 14 വിദ്യാർത്ഥികളെ കൊലപ്പെടുത്തിയ 24 കാരന് പ്രേരണ നൽകിയത് മുൻപ് നടന്ന റഷ്യൻ ഷൂട്ടിങ്; പൊലീസ് വെടിവെച്ചുകൊന്ന ഘാതകന്റെ ക്രൂരത സ്വന്തം പിതാവിനെ കൊന്നതിന് ശേഷം
പ്രാഗ്: പ്രാഗ് യൂണിവേഴ്സിറ്റിയിൽ നടന്ന വെടിവെപ്പിൽ, ഘാതകന് പ്രചോദനമായത് റഷ്യൻ വെടിവെയ്‌പ്പ് പരമ്പരകളെന്ന് പൊലീസ് സംശയിക്കുന്നു. രാജ്യത്തിന്റെ സമൂഹ മാധ്യമ ആപ്പ് ആയ ടെലെഗ്രാമിൽ പോസ്റ്റ് ചെയ്തതായി കണ്ടെത്തിയ റഷ്യൻ ഭാഷയിലുള്ള സന്ദേശങ്ങളാണ് ഈ സംശയത്തിന് ഇടനൽകിയിരിക്കുന്നത്. അതിൽ ഒരു സന്ദേശം സൂചിപ്പിക്കുന്നത്, റഷ്യയിൽ നേരത്തേ നടന്ന രണ്ട് കൂട്ട വെടിവെയ്‌പ്പുകളാകാം ഈ കൊലയ്ക്ക് പ്രചോദനമായത് എന്നാണെന്ന് ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്യുന്നു.
അതിൽ ഒന്ന് നടന്നത് യുക്രെയിൻ അതിർത്തിക്കടുത്തുള്ള ബ്ര്യാൻസ്‌കിലെ ഒരു സ്‌കൂളിൽ ആയിരുന്നു. ഈ മാസം തന്നെയാണ് അത് നടന്നത്. മറ്റൊന്ന് 2021-ൽ കസാനിൽ നടന്ന വെടിവെയ്‌പ്പാണ്. ഇതിൽ നിന്നും പ്രചോദനമുൾക്കൊണ്ടിട്ടാണെന്ന് സംശയിക്കുന്നു, ഡേവിഡ് കൊസാക്ക് എന്ന 24 കാരൻ പ്രാഗിലെ ചാൾസ് യൂണിവേഴ്സിറ്റിയിൽ വ്യാഴാഴ്‌ച്ച ഉച്ചക്ക് വെടികൾ ഉതിർത്തത്.
നിർത്താതെ വെടിവയ്‌പ്പ് തുടർന്നതോടെ പലരും ജീവനുവേണ്ടി പരക്കം പാഞ്ഞും ചുരുങ്ങിയത് 14 പേരെങ്കിലും മരണമടഞ്ഞതായി കണക്കാക്കപ്പെടുന്നു. 20 ൽ അധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. അക്രമിയെ പിന്നീട് പൊലീസ് വെടിവെച്ചു കൊല്ലുകയായിരുന്നു. യൂണിവേഴ്സിറ്റിയിലെ ചരിത്ര വിദ്യാർത്ഥിയായ കൊസാക്ക് കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്നാണ് വെടിവയ്‌പ്പ് ആരംഭിച്ചത്. അയാൾ നിയമപരമായി കൈവശം വെച്ചിരുന്ന തോക്കുകൾ ഉപയോഗിച്ചായിരുന്നു വെടിവെച്ചതെന്നും പൊലീസ് പറഞ്ഞു.
ഈ കൂട്ടക്കൊലപാതകത്തിന് മുൻപായി ഇയാൾ സ്വന്തം പിതാവിനെയും കൊന്നു എന്നാണ് വിശ്വസിക്കുന്നത്. പ്രാഗിൽ ഒരു പുരുഷനേയും അയാളുടെ നാല് മാസം പ്രായമുള്ള മകളെയും ഒരാഴ്‌ച്ച മുൻപ് കൊസാക്ക് കൊന്നതായി സംശയിക്കുന്നുവെന്ന് പൊലീസ് അറിയിച്ചു. യൂണിവേഴ്സിറ്റിയിലെ കൂട്ട വെടിവെയ്‌പ്പിന് ശേഷം ചെക് റിപ്പബ്ലിക്കിൽ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്. സംഭവത്തിൽ ചെക്ക് പ്രസിഡണ്ട് അതിയായ ദുഃഖവും ഖേദവും രേഖപ്പെടുത്തി. അക്രമിയെ പൊലീസ് വെടിവെച്ചു കൊന്നതായും പ്രസിഡണ്ട് വെളിപ്പെടുത്തി.
വ്യാഴാഴ്‌ച്ച ഉച്ച തിരിഞ്ഞ് 3 മണിക്കായിരുന്നു സെൻട്രൽ പ്രാഗിലെ ചാൾസ് യൂണിവേഴ്സിറ്റിയിലെ ആർട്സ് വിഭാഗം കെട്ടിടത്തിൽ ചാൾസ് കൊസാക്ക് നിറയൊഴിക്കാൻ ആരംഭിച്ചത്. ഭയന്നു വിറച്ച വിദ്യാർത്ഥികളും ജീവനക്കാരും മുറികൾക്കുള്ളിലേക്ക് ഓടിക്കയറുകയും ഫർണീച്ചറുകൾ ഉപയോഗിച്ച് മറ തീർത്ത് ജീവൻ രക്ഷിക്കാൻ ശ്രമിക്കുകയുംചെയ്തു. നേരത്തെ ഏതെങ്കിലും കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ട ചരിത്രം ഉള്ള വ്യക്തിയല്ല കൊസാക്ക് എന്നും ഔദ്യോഗിക കേന്ദ്രങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. കൊലപാതകത്തിന് പിന്നിലെ കാരണം എന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല.
മറുനാടന് ഡെസ്ക്