- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'രണ്ടാം ലോകമഹാ യുദ്ധത്തിന്റെ കെടുതികൾ കണ്ട നേതാക്കൾ സമാധാനത്തിനായി പ്രയത്‌നിച്ചു'; ഇപ്പോൾ നമ്മുടെ ഊഴമെന്ന് ലോകനേതാക്കളോട് പ്രധാനമന്ത്രി; ജി 20 ഉച്ചകോടിയിലെ അത്താഴവിരുന്നിൽ സൗഹൃദം പങ്കിട്ട് മോദിയും ഷി ചിൻപിങ്ങും; ഗൽവാൻ അതിർത്തി പ്രശ്‌നങ്ങൾക്ക് ശേഷം ആദ്യം

ജക്കാർത്ത: ബാലിയിൽ നടക്കുന്ന ജി 20 ഉച്ചകോടിയിലെ അത്താഴവിരുന്നിനിടെ ഹസ്തദാനം നൽകി സൗഹൃദം പങ്കിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിൻ പിങ്ങും. ഇരുവരും ഹസ്തദാനം ചെയ്യുന്നതിന്റേയും സംഭാഷണത്തിൽ ഏർപ്പെടുന്നതിന്റേയും വീഡിയോ പുറത്തുവന്നു. ഇൻഡൊനീഷ്യയുടെ പ്രസിഡന്റ് ജോകോ വിഡോഡോ ആയിരുന്നു അത്താഴവിരുന്നിന് ആതിഥേയത്വം വഹിച്ചത്.
പരമ്പരാഗത വേഷത്തിലാണ് മോദിയും ഷീയും അത്താഴവിരുന്നിനെത്തിയത്. ബുധനാഴ്ച വിവിധ രാജ്യങ്ങളുടെ നേതാക്കളുമായി നരേന്ദ്ര മോദി ഉഭയകക്ഷി ചർച്ച നടത്തുമെന്നാണ് വിവരം. എന്നാൽ ചൈനീസ് പ്രസിഡന്റുമായി ചർച്ച നടത്തുമോ എന്ന കാര്യം വ്യക്തമല്ല.
2020-ൽ കിഴക്കൻ ലഡാക്കിലെ ഗൽവാൻ അതിർത്തി പ്രശ്‌നങ്ങൾക്ക് ശേഷം ഇരു നേതാക്കളും തമ്മിൽ സൗഹൃദ സംഭാഷണങ്ങളിൽ ഏർപ്പെട്ടിരുന്നില്ല. ഇതിന് മുമ്പ് സെപ്റ്റംബറിൽ നടന്ന ഷാങ്ഹായ് ഉച്ചകോടിയിൽ ഇരുവരും പങ്കെടുത്തിരുന്നു. എന്നാൽ അവിടെ നിന്നുള്ള ദൃശ്യങ്ങളിൽ ഹസ്തദാനം ചെയ്യുന്നതോ സംഭാഷണത്തിൽ ഏർപ്പെടുന്നതിന്റേയോ ദൃശ്യങ്ങളൊന്നും തന്നെ പുറത്തു വന്നിരുന്നില്ല.
#WATCH | Prime Minister Narendra Modi meets Chinese President Xi Jinping and US Secretary of State Antony Blinken at G20 dinner hosted by Indonesian President Joko Widodo in Bali, Indonesia.
- ANI (@ANI) November 15, 2022
(Source: Reuters) pic.twitter.com/nZorkq4R1Y
ലോകത്തെ പ്രധാന സാമ്പത്തികശക്തികളായ 19 രാഷ്ട്രങ്ങളുടെ ഭരണാധികാരികളും യൂറോപ്യൻ യൂണിയൻ പ്രതിനിധികളും പങ്കെടുക്കുന്ന ദ്വിദിന സമ്മേളനത്തിനായാണ് പ്രധാനമന്ത്രി ബാലിയിൽ എത്തിയത്. ഉഭയകക്ഷി ചർച്ചകൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ബുധനാഴ്ച ഉച്ചഭക്ഷണത്തിന് ക്ഷണിച്ചിട്ടുണ്ട്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെയും ജി20 ഉച്ചകോടിക്കിടെ മോദി കണ്ടു.
രണ്ടാം ലോകമഹായുദ്ധകാലത്തെ വിനാശം ജി20 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓർമ്മിപ്പിച്ചു. ചർച്ചയിലൂടെ റഷ്യ യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള വഴി കണ്ടെത്തണമെന്നും മോദി ആവശ്യപ്പെട്ടു . യുദ്ധം അവസാനിപ്പിച്ച് നയതന്ത്രതലത്തിൽ റഷ്യ - യുക്രൈൻ പ്രശ്‌നത്തിനുള്ള പരിഹാരം കണ്ടെത്തണമെന്ന നിലപാടാണ് ജി20 അധ്യക്ഷ പദവി ഏറ്റെടുക്കാനിരിക്കെ ഇന്ത്യ ആവർത്തിച്ചത് .
രണ്ടാം ലോകമഹായുദ്ധത്തിന്റെ കെടുതികൾ കണ്ട അക്കാലത്തെ നേതാക്കൾ സമാധാനത്തിനായി പ്രയത്‌നിച്ചു. ഇപ്പോൾ നമ്മുടെ ഊഴമാണെന്നായിരുന്നു ലോകനേതാക്കളോടുള്ള മോദിയുടെ ആഹ്വാനം. ബുദ്ധന്റെയും ഗാന്ധിയുടെയും നാട്ടിൽ അടുത്ത ഉച്ചകോടി നടക്കുന്‌പോൾ സമാധാനത്തിന്റെ ശക്തമായ സന്ദേശം നൽകാൻ ആകണമെന്നും മോദി പറഞ്ഞു.
രാസവള ദൗർലഭ്യം ഭക്ഷ്യക്ഷാമത്തിന് കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയ മോദി കോവിഡ് കാലത്തെ ഇന്ത്യയുടെ നേട്ടങ്ങളും ഭക്ഷ്യസുരക്ഷയെ കുറിച്ചുള്ള സെഷനിൽ ഉയർത്തിക്കാട്ടി. ജോ ബൈഡൻ ഉൾപ്പടെ വിവിധ രാജ്യതലവന്മാരുമായി പ്രധാനമന്ത്രി ഉച്ചകോടിക്കിടെ ഹ്രസ്വ ചർച്ച നടത്തി. 2020 ൽ ഇന്ത്യയും ചൈനയും തമ്മിലുണ്ടായ ഗൽവാൻ സംഘർഷത്തിന് ശേഷം ആദ്യമായാണ് ഷീ ചിൻപിങുമായി മോദി സംസാരിക്കുന്നത്.
ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ഇന്ത്യൻ വംശജൻ റിഷി സുനകിനേയും മോദി യോഗത്തിനിടെ കണ്ടു. ആഗോള വെല്ലുവിളി നേരിടാൻ ഐക്യരാഷ്ട്ര സഭക്ക് കഴിയുന്നില്ലെന്ന വിമർശനവും ഉച്ചകോടിയിൽ മോദി ഉന്നയിച്ചു . അടുത്തവർഷം ഇന്ത്യയിൽ നടക്കുന്ന ജി 20 സമ്മേളനത്തിന് നേതാക്കളെ ക്ഷണിക്കുന്നതും പ്രധാനമന്ത്രിയുടെ അജൻഡയിലുണ്ട്. ഡിസംബർ ഒന്നുമുതലാണ് ജി20 യോഗത്തിന്റെ അധ്യക്ഷ സ്ഥാനം ഇന്ത്യ ഏറ്റെടുക്കുന്നത്. വ്‌ളാഡിമിർ പുടിൻ എത്താത്തിനാൽ യുക്രെയിൻ സംഘർഷം തീർക്കാനുള്ള ചർച്ചകൾ ബാലിയിൽ ഉണ്ടാകാനിടയില്ല.


