ബാഗ്ദാദ്: ഇസ്രയേൽ-ഹമാസ് യുദ്ധവുമായി ബന്ധപ്പെട്ട് പശ്ചിമേഷ്യയിൽ ഉടലെടുത്ത സംഘർഷം കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നു. ഷിയാ വിഭാഗങ്ങളും ഇസ്രയേലിനെ ഉന്നം വെച്ചു തുടങ്ങിയതോടെ തിരിച്ചടിക്കാൻ അമേരിക്കയും കളത്തിലിറങ്ങിയിട്ടുണ്ട്. ഇതോടെ കനത്ത നാശമാണ് ഈ പക്ഷത്ത് ഉണ്ടായിരിക്കുന്നത്. ഇറാഖ് തലസ്ഥാനമായ ബഗ്ദാദിൽ പോപുലർ മൊബിലൈസേഷൻ ഫോഴ്‌സ് (പി.എം.എഫ്) കമാൻഡർ മുഷ്താഖ് താലിബ് അൽ സൈദിയടക്കം രണ്ടുപേരെ അേമരിക്ക ഡ്രോൺ ആക്രമണത്തിൽ കൊലപ്പെടുത്തി. ഷിയാ നേതാവാണ് അൽ സൈദി.

കിഴക്കൻ ബഗ്ദാദിൽ സംഘടനയുടെ ആസ്ഥാനത്തിനുനേരെയുണ്ടായ റോക്കറ്റാക്രമണത്തിലാണ് മുഷ്താഖ് താലിബ് അൽസെയ്ദി കൊല്ലപ്പെട്ടത്. ഗസ്സയിൽ ഇസ്രയേൽ ആക്രമണം ആരംഭിച്ചശേഷം ഇറാഖിലെ യുഎസ് സേനാത്താവളങ്ങൾക്കുനേരെ തുടർച്ചയായി നടന്ന ആക്രമണങ്ങൾക്കുള്ള തിരിച്ചടിയാണിതെന്ന് യുഎസ് വ്യക്തമാക്കി. ഇറാഖിലെ ഷിയാസംഘടനകളുടെ കൂട്ടായ്മയുടെ ഉപമേധാവിയാണു കൊല്ലപ്പെട്ട അൽസെയ്ദി.

ഓഫിസിലേക്ക് വരുന്നതിനിടെ ഗാരേജിന് സമീപമാണ് അദ്ദേഹം സഞ്ചരിച്ച കാറിനെ ലക്ഷ്യമിട്ട് ആക്രമണം നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം പിന്നീട് അമേരിക്ക ഏറ്റെടുത്തു. ഇസ്രയേൽ-ലബനാൻ അതിർത്തിയിലെ നാഖൂറയിൽ ബുധനാഴ്ച രാത്രി നടത്തിയ വ്യോമാക്രമണത്തിലാണ് നാല് ഹിസ്ബുല്ല ഭീകരരും കൊല്ലപ്പെട്ടിരുന്നു. ഒരാൾ പ്രാദേശിക നേതാവാണ്. അറൂറിയുടെ കൊലപാതകത്തെ ശക്തമായി അപലപിച്ച ഹിസ്ബുല്ല നേതാവ് ഹസൻ നസ്‌റുല്ല, ഹീനമായ കുറ്റകൃത്യത്തിന് പ്രതികാര നടപടിയുണ്ടാകുമെന്ന് പ്രഖ്യാപിച്ചു.

ലബനാനിൽ ഇനിയും ആക്രമണം നടത്താനാണ് പദ്ധതിയെങ്കിൽ പോരാടാൻ തയാറാണെന്നും ഇസ്രയേൽ വലിയ വില നൽകേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം ലബനൻ തലസ്ഥാനമായ ബെയ്‌റൂട്ടിൽ ഡ്രോൺ ആക്രമണത്തിൽ ഹമാസ് ഉപമേധാവി സാലിഹ് അൽ അരൂരി കഴിഞ്ഞ ദിവസമാണ് കൊല്ലപ്പെട്ടത്. ഹമാസിന്റെ മറ്റ് നേതാക്കളെയും വകവരുത്തുമെന്നാണ് ഇസ്രയേൽ ആവർത്തിക്കുന്നത.

ഗസ്സയിൽ രാത്രി മുഴുവനും ബോംബാക്രമണവും പകൽ പീരങ്കിയാക്രമണവും രൂക്ഷമായി തുടരുന്നു; 24 മണിക്കൂറിൽ ഇസ്രയേൽ ആക്രമണത്തിൽ 125 ഫലസ്തീൻകാർ കൊല്ലപ്പെട്ടു. 318 പേർക്കു പരുക്കേറ്റു. തെക്കൻ ഗസ്സയിലെ ഖാൻ യൂനിസിലെ അൽ മവാസിയിൽ അഭയാർഥി ക്യാംപുകൾക്കു നേരെയുണ്ടായ ഷെല്ലാക്രമണത്തിൽ 9 കുട്ടികൾ അടക്കം 14 ഫലസ്തീൻകാർ കൊല്ലപ്പെട്ടു.

അധിനിവേശ വെസ്റ്റ് ബാങ്കിൽ നൂറുൽ ഷംസം അഭയാർഥി ക്യാംപിൽ കടന്നുകയറിയ ഇസ്രയേൽ സൈന്യം 120 യുവാക്കളെ അറസ്റ്റ് ചെയ്തു. 3 വീടുകൾ ഇടിച്ചുനിരത്തി. അറസ്റ്റിലായ ചെറുപ്പക്കാരെ കണ്ണുകെട്ടി കൊണ്ടുപോകുന്ന വിഡിയോ പുറത്തുവന്നു. 3 മാസത്തോടടുക്കുന്ന സംഘർഷത്തിൽ ഗസ്സയിൽ ഇതുവരെ 22,438 ഫലസ്തീൻകാർ കൊല്ലപ്പെട്ടു. ലബനൻ അതിർത്തിയിൽ ഇസ്രയേൽ സൈന്യം നടത്തിയ ബോംബാക്രമണത്തിൽ 9 ഹിസ്ബുല്ല അംഗങ്ങൾ കൊല്ലപ്പെട്ടു. ഹമാസ് നേതാവ് അരൂരിയുടെ കബറടക്കം പതിനായിരങ്ങളുടെ സാന്നിധ്യത്തിൽ ബെയ്‌റൂട്ടിൽ നടന്നു.

അതേസമയം, ഹമാസ് നേതാക്കൾ എവിടെപ്പോയി ഒളിച്ചാലും പിന്തുടർന്ന് വധിക്കുമെന്ന പ്രഖ്യാപനവുമായി മൊസാദ് വീണ്ടും രംഗത്തുവന്നു. മൊസാദ് മേധാവി ഡേവിഡ് ബർണിയയാണ് ഇക്കാര്യം ആവർത്തിച്ചു രംഗത്തുവന്ത്. അറൂറി വധം വൈറ്റ്ഹൗസിനെ അറിയിക്കാതെ ഇസ്രയേൽ ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്ന് യു.എസ് അധികൃതർ സ്ഥിരീകരിച്ചതായി അസോസിയേറ്റഡ് പ്രസ് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. എന്നാൽ, ഇസ്രയേലും അമേരിക്കയും ഇക്കാര്യം അംഗീകരിച്ചിട്ടില്ല.