- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വേലുപ്പിള്ള പ്രഭാകരന്റെ മകൾ ദ്വാരക ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ? ദ്വാരകയുടെ പ്രസംഗം ഇന്ന് സംപ്രേഷണം ചെയ്യുമെന്ന് യൂറോപ്പിലെ തമിഴ് കോഓർഡിനേഷൻ കമ്മിറ്റി; മുന്നറിയിപ്പുമായി അന്താരാഷ്ട്ര രഹസ്യാന്വേഷണ ഏജൻസികൾ; സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതായി ശ്രീലങ്ക
ലണ്ടൻ: എൽടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരൻ പിടിയിലാകും മുൻപ് ദ്വാരക യൂറോപ്പിലേക്ക് കടന്നിരുന്നുവെന്ന തിയറികൾ കുറച്ചുകാലമായി നിലനിൽക്കുന്നുണ്ട്. ദ്വാരക പിതാവിനൊപ്പം കൊല്ലപ്പെട്ടു എന്ന വാർത്തകൾ വന്നപ്പോഴാണ് അത്തരമൊരു പ്രചരണം ശക്തമായത്. ഇപ്പോൾ എൽടിടിഇ എന്ന സംഘടന പേരിൽ മാത്രമാണുള്ളത്. ശ്രീലങ്കയിൽ സംഘടന നാമാവശേഷമായെങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘടനെ അനുകൂലിക്കുന്നവർ ഇപ്പോഴുമുണ്ട്.
ഇതിനിടെയാണ് വേലുപ്പിള്ള പ്രഭാകരന്റെ മകൾ ദ്വാരകയുടെ പ്രസംഗം ഇന്ന് സംപ്രേഷണം ചെയ്യുമെന്ന് യൂറോപ്പിലെ തമിഴ് കോഓർഡിനേഷൻ കമ്മിറ്റി പ്രഖ്യാപിച്ചത്. ലണ്ടനിലും സ്‌കോട്ലന്റിലും വീഡിയോ സംപ്രേഷണം ചെയ്യുമെന്നാണ് അറിയിപ്പ്. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ടുള്ള പോസ്റ്റർ തമിഴ് കോഓർഡിനേഷൻ കമ്മിറ്റി പുറത്തുവിട്ടു. വീരന്മാരുടെ ദിനം ആയി നവംബർ 27 തമിഴ് പുലികൾ ആചരിച്ചിരുന്നു. ഈ ദിവസം വേലുപിള്ള പ്രഭാകരൻ അനുയായികളെ അഭിസംബോധന ചെയ്യുന്നത് പതിവായിരുന്നു.
ഇതിനു സമാനമായി പ്രഭാകരന്റെ മകൾ ദ്വാരകയുടെ പ്രസംഗം സംപ്രേഷണം ചെയ്യാൻ യുകെ കേന്ദ്രമായി പ്രവർത്തിക്കുന്ന എൽടിടിഇ അനുകൂല സംഘടനകൾ പദ്ധതിയിടുന്നതായാണ് വിവരം. എന്നാൽ ഇന്ന് വേലുപിള്ള പ്രഭാകരന്റെ മകളുടേതെന്ന അവകാശവാദത്തോടെ പുറത്തുവിടാൻ പോകുന്ന ദൃശ്യങ്ങളുടെ ആധികാരികതയിൽ സംശയങ്ങൾ ഉയർന്നിട്ടുണ്ട്. നിർമ്മിത ബുദ്ധി (എഐ) സഹായത്തോടെ നിർമ്മിച്ച വീഡിയോ ആയിരിക്കും പുറത്തുവിടുന്നതെന്നാണ് സംശയം.
ഇക്കാര്യം അന്താരാഷ്ട്ര രഹസ്യാന്വേഷണ ഏജൻസികൾ സംശയിക്കുന്നുണ്ട്. 2009-ൽ വേലുപിള്ള പ്രഭാകരനൊപ്പം മകൾ ദ്വാരകയെയും ലങ്കൻ സൈന്യം കൊലപെടുത്തിയെന്നായിരുന്നു റിപ്പോർട്ടുകൾ. അതേസമയം പ്രഭാകരൻ പിടിയിലാകും മുൻപ് ദ്വാരക യൂറോപ്പിലേക്ക് കടന്നിരുന്നുവെന്ന വാദവും അന്ന് മുതലേ സജീവമാണ്. ഇപ്പോഴത്തെ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതായി ലങ്കൻ പ്രതിരോധ വക്താവ് പ്രതികരിച്ചിട്ടുണ്ട്. ഇത്തരക്കാരെ സജീവമാക്കാനുള്ള നീക്കമാണ് യുകെ കേന്ദ്രീകരിച്ചു നടക്കുന്നതെന്നാണ് അന്വേഷണോദ്യോഗസ്ഥരുടെ വിലയിരുത്തൽ.
അതേസമയം തമിഴ് ഈഴം വിടുതലൈപ്പുലികൾ (ലിബറേഷൻ ടൈഗേഴ്‌സ് ഓഫ് തമിഴ് ഈഴം-എൽ ടി ടി ഇ) തോൽവി സമ്മതിച്ചത് 2009 മെയ് 17നാണ്. ശ്രീലങ്കൻ സേന തങ്ങളെ സൈനികമായി പരാജയപ്പെടുത്തിയെന്ന് എൽ ടി ടി ഇ പ്രഖ്യാപിച്ചതിനു പിന്നാലെ തലവൻ പ്രഭാകരൻ ആത്മഹത്യ ചെയ്യുകയോ കൊല്ലപ്പെടുകയോ ചെയ്തുവെന്നാണു കരുതുന്നത്. പ്രഭാകരൻ മരണപ്പെട്ടുവെന്ന് മെയ് 18നു ശ്രീലങ്കൻ സേന പ്രഖ്യാപിച്ചു. മൃതദേഹ ചിത്രങ്ങൾ ശ്രീലങ്കൻ സേന പ്രസിദ്ധീകരിച്ചിരുന്നു.
എന്നാൽ, എൽടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരൻ ജീവനോടെയുണ്ടെന്ന അവകാശവാദവുമായി തമിഴ് നാഷ്ണലിസ്റ്റ് മൂവ്മെന്റ് നേതാവ് പി നെടുമാരൻ അടുത്തിടെ രംഗത്തുവന്നിരുന്നു. വേലുപ്പിള്ള പ്രഭാകരൻ ജീവനോടെയുണ്ടെന്നും തക്ക സമയത്ത് പൊതുജനത്തിന് മധ്യത്തിൽ എത്തുമെന്നുമാണ് പി നെടുമാരൻ അവകാശപ്പെട്ടിരിക്കുന്നത്. തന്റെ കുടുംബം പ്രഭാകരനും കുടുംബവുമായി ബന്ധം പുലർത്തുന്നുണ്ടെന്നാണ് നെടുമാരൻ അവകാശപ്പെട്ടിരുന്നത്. എന്നാൽ നിലവിൽ പ്രഭാകരൻ താമസിക്കുന്നത് എവിടെയാണെന്ന് വ്യക്തമാക്കാൻ സാധിക്കില്ലെന്നും നെടുമാരൻ വിശദമാക്കിയിരുന്നു.
നിലവിലെ ശ്രീലങ്കയിലെ സാഹചര്യം തമിഴ് ഈഴം ദേശീയ നേതാവിന് തിരിച്ച് വരാനുള്ള മികച്ച അവസരമാണെന്നും നെടുമാരൻ പറയുന്നു. പ്രഭാകരൻ ആരോഗ്യവാനായി ഇരിക്കുന്നുവെന്നുമാണ് നെടുമാരൻ പറയുന്നു. ലോകമെമ്പാടുമുള്ള തമിഴ് മക്കളോട് പിന്തുണ അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട് നെടുമാരൻ.
അതേസമയം, പ്രഭാകരൻ മരണപ്പെട്ടതായി 2009, മെയ് 18ന് എൽ.ടി.ടി.ഇയുടെ രാജ്യാന്തര നയതന്ത്ര തലവൻ ശെൽവരശ പത്മനാഥൻ ബി ബി സിയോട് സമ്മതിച്ചിരുന്നു. പ്രഭാകരൻ വെടിയേറ്റ് മരിച്ചതായാണ് ശ്രീലങ്കൻ സൈന്യം അവകാശപ്പെട്ടിട്ടുള്ളത്. യുദ്ധമേഖലയിൽ തെരച്ചിൽ നടത്തുകയായിരുന്ന സൈന്യത്തിൽ നിന്ന് വാഹനത്തിൽ രക്ഷപ്പെടുമ്പോൾ വെടിവയ്ച്ചു കൊല്ലുകയായിരുന്നുവെന്ന് സൈന്യം അവകാശപ്പെട്ടിരുന്നു. ആംബുലൻസിലും ചെറിയ വാനിലുമായിരുന്നു പ്രഭാകരനും അടുത്ത അനുയായികളും രക്ഷപ്പെടാൻ ശ്രമിച്ചത്. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സൈന്യം കൊലപ്പെടുത്തുകയുമായിരുന്നു.
പ്രഭാകരനൊപ്പം വാഹനത്തിലുണ്ടായിരുന്ന ഭാര്യ മതിവദനി, മകൾ ദ്വാരക എന്നിവരും കൊല്ലപ്പെട്ടു എന്നതായിരുന്നു വാർത്തകൾ. ഇളയമകൻ 12 വയസ്സുകാരൻ ബാലചന്ദ്രനെ ലങ്കൻ സൈന്യം കസ്റ്റഡിയിൽവെച്ച് നിഷ്ഠുരമായി കൊലപ്പെടുത്തുകയാണ് ഉണ്ടത്. പ്രഭാകരന്റെ മകൻ ചാൾസ് ആന്റണി അടക്കം എൽടിടിഇയുടെ മുതിർന്ന ആറു നേതാക്കളുടെ മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു.
മറുനാടന് ഡെസ്ക്