ടൊറന്റോ: കാനഡയിൽ ഖലിസ്ഥാൻ വാദികൾ ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് മൂർച്ച കൂട്ടിയിരിക്കുകയാണ്. വാൻകോവറിൽ ഇന്ത്യൻ കോൺസുലേറ്റ് സംഘടിപ്പിച്ച പതിവ് ലൈഫ് സർട്ടിഫിക്കറ്റ് ക്യാമ്പ് തടസ്സപ്പെടുത്തിയതിന് പിന്നാലെ അത്തരം കൂടുതൽ പ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്നാണ് ഖലിസ്ഥാൻ അനുകൂലികളുടെ ഭീഷണി.

തിങ്കളാഴ്ച ഇന്ത്യൻ സർക്കാരിന്റെ പെൻഷൻ വാങ്ങുന്നവർക്ക് ലൈഫ് സർട്ടിഫിക്കറ്റ് നൽകുന്ന ക്യാമ്പാണ് വാൻകൂവറിൽ സംഘടിപ്പിച്ചത്. ബ്രിട്ടീഷ് കൊളംബിയയിലെ ആബട്‌സ്‌ഫോഡിൽ ഖൽസ ദിവാൻ സൊസൈറ്റിയുടെ ഗുരുദ്വാരയിലായിരുന്നു ക്യാമ്പ്. എന്നാൽ, പ്രതിഷേധക്കാർ ഗുരുദ്വാരയ്ക്ക് പുറത്ത് തടിച്ചുകൂടിയതോടെ, കോൺസുലേറ്റ് ഉദ്യോഗസ്ഥരെ പൊലീസ് അകമ്പടിയോടെയാണ് പുറത്തേക്ക് എത്തിച്ചത്. ഇന്ത്യൻ ഹൈക്കമ്മീഷന്റെയും കോൺസുലേറ്റുകളുടെയും പ്രവർത്തനം ഖലിസ്ഥാൻ അനുകൂലികൾ തടസ്സപ്പെടുത്തുന്നതായി ഇന്ത്യ ഔദ്യോഗികമായി തന്നെ കനേഡിയൻ സർക്കാരിനെ അറിയിച്ചിരുന്നു. എന്നാൽ, കാനഡയുടെ ഭാഗത്ത് നിന്ന് കർശന നടപടികൾ ഉണ്ടാകുന്നില്ല.

എവിടെയെല്ലാം ഇന്ത്യൻ ഉദ്യോഗസ്ഥർ പോയാലും അവിടെയെല്ലാം ഖലിസ്ഥാൻ അനുകൂലികൾ വെല്ലുവിളി ഉയർത്തുമെന്നാണ് വിഘടനവാദി സംഘടനയായ സിഖ്‌സ് ഫോർ ജസ്റ്റിസിന്റെ ഭീഷണി. സാമൂഹിക സേവന പരിപാടികളുടെ മറവിൽ ഇന്ത്യൻ നയതന്ത്രപ്രതിനിധികൾ ചാരശൃംഖല കെട്ടിപ്പടുക്കുകയാണെന്നാണ് എസ്എഫ്‌ജെ ജനറൽ കൗൺസൽ ഗുർപത് വന്ത് പന്നൂൻ പ്രസ്താവനയിൽ പറഞ്ഞത്.

നവംബർ 18 നും, 19 നും ഗ്രേറ്റർ ടൊറന്റോ മേഖലയിൽ സംഘടിപ്പിക്കാനിരിക്കുന്ന അത്തരം ഇന്ത്യൻ ക്യാമ്പുകൾ അടച്ചുപൂട്ടുമെന്ന ഭീഷണിയുമായി സിഖ്‌സ് ഫോർ ജസ്റ്റിസ് പോസ്റ്ററുകൾ ഇറക്കിയിട്ടുണ്ട്. ക്യാമ്പുകളിൽ ഒന്നിന്റെ വേദി ഒരു ഗുരുദ്വാരയും, മറ്റുരണ്ടെണ്ണം ഹിന്ദുക്ഷേത്രങ്ങളുമാണ്. നവംബർ 19 ന് രണ്ട് ഗുരുദ്വാരകളിൽ ക്യാമ്പുകൾ നടക്കാനിരിക്കുന്ന മെട്രോ വാൻകോവർ മേഖലയിലും സമാന പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു.

തിങ്കളാഴ്ച വാൻകോവർ ക്യാമ്പിൽ നടന്ന സംഭവത്തിൽ ഒരു പെൻഷൻകാരനെ പ്രതിഷേധക്കാൻ ഗുരുദ്വാര കവാടത്തിന് പുറത്ത് തടയുന്നതും, അദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്ന യുവാവ് പ്രതിഷേധക്കാർ വലിച്ചെറിഞ്ഞ ഇന്ത്യൻ പതാക കയ്യിലെടുക്കുന്നതുമായ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഗുരുദ്വാരയ്ക്ക് പുറത്ത് ഏകദേശം 20 ഓളം പേരാണ് പ്രതിഷേധവുമായി എത്തിയത്. കോൺസുലാർ സേവനങ്ങൾ തേടിയെത്തിയവരെ ഇക്കൂട്ടർ അസഭ്യം പറഞ്ഞു. എന്നാൽ, ക്യാമ്പിന് മുടക്കമുണ്ടായില്ലെന്നും, സംഘാടകർ പൊലീസ് സാന്നിധ്യം ഉറപ്പാക്കിയിരുന്നെന്നും മുതിർന്ന ഇന്ത്യൻ ഉദ്യോഗസ്ഥൻ പറഞ്ഞു.

പെൻഷൻ, ഇൻഷുറൻസ്, ബാങ്ക് എന്നിങ്ങനെ വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന മുതിർന്ന പൗരന്മാർക്ക് വേണ്ട രേഖകൾ നൽകാനാണ് ഇന്ത്യൻ ഹൈക്കമ്മീഷനും, കോൺസുലേറ്റുകളും ഇത്തരം ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. സെപ്റ്റംബർ 21 ന് കനേഡിയൻ പൗരന്മാർക്ക് വിസ നൽകുന്നത് നിർത്തി വയ്ക്കാൻ കാരണം ഖലിസ്ഥാൻ അനുകൂലികളുടെ ഇത്തരം പ്രവർത്തനങ്ങളാണ്. ഒക്ടോബർ 25 ന് നാല് വിഭാഗങ്ങളിലെ വിസ വിതരണം പുനരാരംഭിച്ചെങ്കിലും ടൂറിസ്റ്റ്, ഇ-വിസ അടക്കം 9 ഇനം വിസകൾ ഇപ്പോഴും നൽകുന്നില്ല.

കാനഡയിലെ സുരക്ഷാ സാഹചര്യം മെച്ചപ്പെട്ടിട്ടില്ലെന്നും ഭീഷണികൾ ഉള്ളതുകൊണ്ട് പരിമിതമായ പ്രവർത്തനങ്ങൾ നടത്താൻ മാത്രമേ കഴിയുന്നുള്ളുവെന്നും ഇന്ത്യയുടെ ഒട്ടാവയിലെ ഹൈക്കമ്മീഷണർ സഞ്ജയ് കുമാർ വർമ പറഞ്ഞു. സ്ഥിതിഗതികൾ സാധാരണനിലയിലേക്ക് മടങ്ങുന്നചത് വൈകുമെന്നാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങൾ സൂചിപ്പിക്കുന്നത്. ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തോടെയാണ് ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം വഷളായത്.