- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നാം ലോക മഹായുദ്ധത്തിന് ഒരു പടി മാത്രം അകലെയാണിപ്പോൾ: പുടിൻ
മോസ്‌കോ: റഷ്യൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയം വ്‌ളാദിമിർ പുടിന് തന്നെ. ഇതോടെ അഞ്ചാം തവണയും പുടിൻ റഷ്യയുടെ അധികാരത്തിലെത്തി. 87.97 ശതമാനം വോട്ടുകൾ നേടിയാണ് പുടിന്റെ വിജയം. 2030 വരെ ആറ് വർഷം ഇനി പുടിന് റഷ്യയുടെ അധികാരം കയ്യാളാം. ഇതോടെ സ്റ്റാലിന് ശേഷം ഏറ്റവുമധികകാലം ഭരണത്തിലിരിക്കുന്ന നേതാവാകുകയാണ് പുടിൻ.
വിജയത്തിന് പിന്നാലെ ലോകത്തെ ഭീഷണിപ്പെടുത്തുന്ന പ്രസ്താവനയാണ് പുടിന്റെ ഭാഗത്തു നിന്നും ഉണ്ടായതും. മൂന്നാം ലോക മഹായുദ്ധം ഒരു കാൽപ്പാടകലം പുടിൻ പറഞ്ഞു. തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങൾ തന്റെ മേൽ അർപ്പിച്ച വിശ്വാസത്തിനും പിന്തുണയ്ക്കും നന്ദി അറിയിക്കുന്നതായി പുടിൻ പറഞ്ഞു. നമ്മെ ഭീഷണിപ്പെടുത്തുന്നവരേയും അടിച്ചമർത്തുന്നവരേയും കാര്യമാക്കേണ്ടതില്ല. നമ്മുടെ തീരുമാനങ്ങളും കാഴ്ചപ്പാടുകളുമാണ്. ഇതുപോലൊരു വിജയം ചരിത്രത്തിൽ ഉണ്ടായിട്ടില്ല- പുടിൻ പറഞ്ഞു.
റഷ്യയും യു.എസ്. നേതൃത്വം നൽകുന്ന നാറ്റോ സൈനിക സഖ്യവും തമ്മിലുള്ള ബന്ധം വഷളാവുകയാണെങ്കിൽ മൂന്നാം ലോക മഹായുദ്ധത്തിന്റെ സാധ്യതയുണ്ടെന്നും പുതിൻ മുന്നറിയിപ്പ് നൽകി. മൂന്നാം ലോക മഹായുദ്ധത്തിന് ഒരുകാല്പാടകലം മാത്രമാണെന്നും അത്തരത്തിൽ ഒരു സാഹചര്യം ഉണ്ടാകാതിരിക്കട്ടെ എന്നും പുടിൻ കൂട്ടിച്ചേർത്തു.
യുക്രൈനിനെതിരേ റഷ്യയ്ക്ക് ജയം സാധ്യമല്ലെന്നും ഭാവിയിൽ യുക്രൈനിൽ സൈന്യത്തെ വിന്യസിച്ച് ഭരിക്കാൻ പുതിന് കഴിയില്ലെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പുതിന്റെ പ്രതികരണം. ആധുനിക ലോകത്ത് എല്ലാം സാധ്യമാണെന്നും മൂന്നാം ലോക മഹായുദ്ധത്തിന് ഒരു കാല്പാടകലം മാത്രമാണെന്ന് എല്ലാവർക്കുമറിയാമെന്നും പുതിൻ പ്രതികരിച്ചു.
വ്‌ലാദിമിർ പുടിന് അഞ്ചാം ഭരണകാലം ഉറപ്പു നൽകിക്കൊണ്ടായിരുന്നു റഷ്യയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അവസാനിച്ചത്. രാത്രി വൈകി പുറത്തുവിട്ട എക്‌സിറ്റ് പോൾ ഫലത്തിൽ 87.97% വോട്ട് പുതിൻ നേടി. ഔദ്യോഗിക ഫലപ്രഖ്യാപനം മേയിലേ ഉണ്ടാകൂ. എന്നാൽ, വോട്ടെടുപ്പിനു പിന്നാലെയെത്തുന്ന എക്‌സിറ്റ് പോളിൽനിന്ന് ഏറെ വ്യത്യസ്തമാകാറില്ല അത്.
മൂന്നു ദിവസത്തെ തിരഞ്ഞെടുപ്പിന്റെ അവസാനദിനമായ ഞായറാഴ്ച റഷ്യയിലെ ബൂത്തുകളിൽ പ്രതീകാത്മക പ്രതിഷേധം നടന്നു. 74 പേർ അറസ്റ്റിലായി. അവസാനദിവസം ഉച്ചയ്ക്ക് കൂട്ടമായി പോളിങ് ബൂത്തിലെത്തി പ്രതിഷേധിക്കണമെന്ന്, കഴിഞ്ഞമാസം ദുരൂഹസാഹചര്യത്തിൽ തടവറയിൽ മരിച്ച പ്രതിപക്ഷനേതാവ് അലക്‌സി നവൽനി ആഹ്വാനംചെയ്തിരുന്നു. അതേസമയം, നവൽനിയുടെ മരണം ദുഃഖകരമെന്ന് പുടിൻ പ്രതികരിച്ചു. ഇതാദ്യമായാണ് നവൽനിയുടെ പേര് പരസ്യമായി പറഞ്ഞ് അദ്ദേഹം അനുശോചനം രേഖപ്പെടുത്തിയത്.
പുടിൻ പ്രസിഡന്റാകുന്നതിനെതിരെ റഷ്യയിൽ വലിയ പ്രതിഷേധം നടന്നിരുന്നു. പുടിനെതിരെ നൂൺ എഗെയ്ൻസ്റ്റ് പുടിൻ എന്ന പേരിലാണ് പ്രതിഷേധം നടന്നത്. റഷ്യയിലെ പോളിങ് സ്റ്റേഷനുകൾക്ക് മുന്നിൽ പ്ലക്കാർഡുകളുയർത്തിയും മുദ്രാവാക്യം വിളിച്ചുമാണ് പ്രതിഷേധിച്ചത്. ജയിലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച പ്രതിപക്ഷ നേതാവ് അലക്‌സി നവൽനിയുടെ ഭാര്യ യുലിയ ബെർലിനിൽ റഷ്യൻ എംബസിക്ക് മുന്നിൽ പ്രതിഷേധത്തിൽ പങ്കെടുത്തു. കൈയടികളോടെയാണ് പ്രതിഷേധക്കാർ യൂലിയയെ സ്വീകരിച്ചത്.
മരിക്കുന്നതുവരെയും പുടിന്റെ ഏകപക്ഷീയ വിജയങ്ങൾക്കെതിരെ നവൽനി പോരാട്ടം നടത്തിയിരുന്നു. ഈ പോരാട്ടത്തിന്റെ തുടർച്ചയാണ് നൂൺ എഗെയ്ൻസ്റ്റ് പുടിൻ. പ്രതിഷേധക്കാർ ബാലറ്റ് നശിപ്പിക്കുകയോ, പുടിന്റെ മൂന്ന് എതിർ സ്ഥാനാർത്ഥികളിലൊരാൾക്ക് വോട്ട് ചെയ്യുകയോ ചെയ്തു. വോട്ടെടുപ്പിൽ പങ്കെടുത്ത് നവൽനിയുടെ അനുയായികൾ സമാധാനപരമായി പ്രതിഷേധത്തിന്റെ ഭാഗമായ വീഡിയോകളും പുറത്തുവന്നിട്ടുണ്ട്.
പ്രതിഷേധക്കാർ റഷ്യയിലെ അനേകം വോട്ടർമാരിൽ ന്യൂനപക്ഷമാണെങ്കിലും വോട്ടിങ്ങിലെ അവരുടെ സാന്നിധ്യം പുടിൻ ഭരണത്തോട് വർദ്ധിച്ചുവരുന്ന അതൃപ്തിയുടെ സൂചനയാണ്. പാശ്ചാത്ത്യ രാജ്യങ്ങൾക്ക് വേണ്ടി റഷ്യയെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്ന തീവ്രവാദികളെന്നാണ് നവൽനിയുടെ അനുയായികൾക്ക് നേരെ ക്രിംലിൻ ഉയർത്തുന്ന ആരോപണം. മോസ്‌കോ, യെക്കാറ്റെറിൻബർഗ് തുടങ്ങിയ നഗരങ്ങളിലെ നിരവധി പോളിങ് സ്റ്റേഷനുകളിൽ ഉച്ചയ്ക്ക് ശേഷം വോട്ടർമാരുടെ എണ്ണത്തിൽ നേരിയ വർധനയുണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
തടവിലിരിക്കെയാണ് റഷ്യൻ പ്രതിപക്ഷ നേതാവ് അലക്‌സി നവൽനി അന്തരിച്ചത്. അദ്ദേഹം തടവിൽ കഴിഞ്ഞിരുന്ന യമാലോ-നെനെറ്റ്‌സ് ജില്ലയിലെ ജയിലിലെ ഉദ്യോഗസ്ഥരാണ് വിവരം അറിയിച്ചത്. ആർക്ടിക് പ്രിസൺ കോളനിയിലെ ജയിലിൽ 19 വർഷത്തെ ജയിൽശിക്ഷ അനുഭവിക്കുകയായിരുന്നു അദ്ദേഹം. നടക്കാൻ പോയി വന്നതിന് ശേഷം അദ്ദേഹത്തിന് അസ്വസ്ഥത തോന്നി. ഉടൻ തന്നെ ബോധം നഷ്ടപ്പെട്ടു. എമർജൻസി മെഡിക്കൽ സ്റ്റാഫ് എത്തി അടിയന്തര വൈദ്യസഹായം നൽകിയെങ്കിലും രക്ഷിക്കാനായില്ല എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. അടിയന്തര ചികിത്സ നൽകാൻ എത്തിയ ഡോക്ടർമാരാണ് മരണവിവരം സ്ഥിരീകരിച്ചത്.
പുടിന്റേയും റഷ്യൻഭരണകൂടത്തിന്റേയും അഴിമതിക്കഥകൾ ബ്ലോഗിലൂടെ ജനങ്ങളുടെ മുന്നിലെത്തിച്ചായിരുന്നു നവാൽനി പൊതുരംഗത്ത് സജീവമായത്. പിന്നീട് രാഷ്ട്രീയത്തിലിറങ്ങിയതോടെ നവാൽനി പുടിന് കൂടുതൽ തലവേദനയായി. ജനപിന്തുണയേറുകയും ചെയ്തു. 2020-ൽ വിഷപ്രയോഗത്തിലൂടെ നവാൽനിയെ കൊലപ്പെടുത്താൻ ശ്രമം നടന്നെങ്കിലും ദൗത്യം വിജയിച്ചില്ല. വീണ്ടും അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയായിരുന്നു.
1999 ൽ പ്രസിഡന്റ് ബോറിസ് യെൽറ്റ്സിൻ പുടിനെ പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചു. അങ്ങനെ രാജ്യത്തിന്റെ രണ്ടാമത്തെ പരമാധികാര കേന്ദ്രം ആദ്യമായി പുടിനെ തേടിയെത്തി. 1999 ഡിസംബർ 31 ന് യെൽറ്റ്സിൻ രാജിവച്ചതോടെ പുടിൻ ആക്ടിങ് പ്രസിഡന്റായി. മാസങ്ങൾക്ക് ശേഷം 2000 മെയ് ഏഴിന് പുടിൻ റഷ്യൻ പ്രസിഡന്റായി. പിന്നീട് വീണ്ടും പ്രധാനമന്ത്രിയായും മൂന്ന് തവണ കൂടി പ്രസിഡന്റായും രണ്ട് പതിറ്റാണ്ടിലേറെയായി റഷ്യ കറങ്ങുന്നത് പുടിൻ എന്ന അച്ചുതണ്ടിലാണ്.
പ്രസിഡന്റെന്ന നിലയിൽ റഷ്യയെ ആദ്യമായി അഭിസംബോധന ചെയ്ത പുടിൻ ജനങ്ങളിലുണ്ടാക്കിയ പ്രതീക്ഷ വാനോളമായിരുന്നു. തുറന്ന് പറയാനുള്ള ജനങ്ങളുടെ അവകാശം, മാധ്യമ സ്വാതന്ത്ര്യം, ജനാധിപത്യത്തോടുള്ള ഉത്തരവാദിത്തം എന്നിങ്ങനെ പോകുന്നു അന്ന് പുടിൻ നൽകിയ ഉറപ്പുകൾ. എന്നാൽ അധികാരത്തിലേറി അധികം വൈകാതെ ജനാധിപത്യം ജനങ്ങൾക്ക് സ്വപ്നം മാത്രമായി. സ്വതന്ത്ര ടെലിവിഷൻ നെറ്റ്‌വർക്കുകളെ സ്റ്റേറ്റിന് കീഴിൽ കൊണ്ടുവന്നു. മറ്റ് വാർത്താ മാധ്യമങ്ങളെ പൂട്ടിച്ചു. ഗവർണർ തിരഞ്ഞെടുപ്പും സെനറ്റ് തിരഞ്ഞെടുപ്പും ഇല്ലാതാക്കി. നീതിന്യായ കോടതികളുടെ അധികാരം വെട്ടിച്ചുരുക്കി. പ്രതിപക്ഷ പാർട്ടികളെ നിരോധിച്ചു. തിരഞ്ഞെടുപ്പിലുടനീളം ക്രമക്കേടുകൾ നടക്കുന്നതായി പുറത്തുനിന്നുള്ള നിരീക്ഷകർ വിലയിരുത്തി. ജനാധിപത്യത്തെ പുടിൻ കശാപ്പ് ചെയ്തുവെന്ന് ലോകം ആരോപിച്ചു.
രാജ്യത്തിന്റെ പരമാധികാരം തന്റെ കൈയിലൊതുക്കാൻ ചെയ്യേണ്ടതെല്ലാം ഇതിനോടകം ചെയ്തു കഴിഞ്ഞു പുടിൻ. റീജിയണൽ ഗവർണർമാരെ നിയമിക്കാൻ പ്രസിഡന്റിന് അധികാരം നൽകികൊണ്ടുള്ള നിയമത്തിൽ 2004ൽ പുടിൻ ഒപ്പുവച്ചു. 2008 ൽ പുടിൻ പ്രസിഡന്റ് സ്ഥാനത്തുനിന്നിറങ്ങി ദിമിത്രി മെദ്ദേവ് പ്രസിഡന്റായി. പ്രധാനമന്ത്രിയായി പുടിൻ വീണ്ടുമെത്തി. എന്നാൽ അധികാരം പുടിന്റെ കൈയിൽ തുടരുന്നതും പ്രസിഡന്റ് പുടിന്റെ പാവയാകുന്നതുമാണ് പിന്നീട് കണ്ടത്.
2012 ൽ വീണ്ടും പ്രസിഡന്റിന്റെ അധികാര കസേരയിലേക്ക് തിരിച്ചുവന്ന പുടിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 2036 വരെ അധികാരത്തിൽ തുടരാൻ അനുവദിച്ചുകൊണ്ടുള്ള നിയമത്തിൽ ഒപ്പുവച്ചുകൊണ്ട് തന്റെ പരമാധികാരം പുടിൻ ഊട്ടിയുറപ്പിച്ചു. ഇതിന്റെയെല്ലാം തുടർച്ചയാണ്, പ്രതിഷേധങ്ങളും എതിർസ്വരങ്ങളും ഉയരുമ്പോഴും മൂക്കാൽ ശതമാനത്തിലേറെ വോട്ട് നേടിയുള്ള പുടിന്റെ വിജയം.