- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാരത് മാതാ കീ ജയ്; നരേന്ദ്ര മോദിയുടെ ഇടപെടലാണ് ഞങ്ങളെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചത്
ന്യൂഡൽഹി: ഖത്തറിൽ നിന്ന് രാജ്യത്ത് മടങ്ങിയെത്താൻ സഹായിച്ച കേന്ദ്രസർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നന്ദി പറഞ്ഞ് മുൻ ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥർ. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന എട്ട് ഇന്ത്യക്കാരെയാണ് ഖത്തർ സ്വതന്ത്രരാക്കിയത്. ഇവരിൽ ഏഴ് പേരും നാട്ടിൽ മടങ്ങിയെത്തി. ഇന്ത്യൻ നയതന്ത്ര വിജയമെന്നാണ് പൊതുവേ ഇത് വിലയിരുത്തുന്നത്.
ഖത്തറിൽ നിന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് ഉദ്യോഗസ്ഥർ നന്ദി പ്രകടിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടലാണ് ഞങ്ങളെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചത്. ഖത്തർ ഭരണകൂടവുമായി കേന്ദ്രസർക്കാർ നിരന്തരം ഇടപെട്ടിരുന്നു, ഈ പരിശ്രമമാണ് ഇന്ന് ഞങ്ങളെ സ്വതന്ത്രരാക്കിയത്. നിയമപരമായ എല്ലാ സഹായങ്ങളും ഇന്ത്യൻ ഭരണകൂടം ഒരുക്കിയിരുന്നു. നാവികരിൽ ഒരാൾ പ്രതികരിച്ചു.
'ഭാരത് മാതാ കീ ജയ്' എന്ന് ഉറക്കെപ്പറഞ്ഞാണ് മോചിതരായ എട്ടു പേരിൽ ഏഴു പേർ ഡൽഹി വിമാനത്താവളത്തിൽ എത്തിയത്. 18 മാസത്തെ കാത്തിരിപ്പിന് ശേഷമാണ് ഭാരതത്തിലേക്ക് ഞങ്ങൾ മടങ്ങിയെത്തിയത്. മടങ്ങിയെത്താൻ കാരണക്കാരനായ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അങ്ങേയറ്റം നന്ദിയും കടപ്പാടുമുണ്ട്. അദ്ദേഹത്തിന്റെ നേരിട്ടുള്ള ഇടപെടലും ഖത്തറുമായുള്ള നയതന്ത്ര ഇടപെടലുമാണ് ഞങ്ങളുടെ മോചനം സാധ്യമാക്കിയത്. മോചനത്തിനായി നടത്തിയ എല്ലാ പരിശ്രമങ്ങൾക്കും കേന്ദ്രസർക്കാരിന് നന്ദി. നിങ്ങളുടെ പരിശ്രമമില്ലെങ്കിൽ ഇങ്ങനെയൊരു ദിവസം ഉണ്ടാകുമായിരുന്നില്ലെന്നും മടങ്ങിയെത്തിയ നാവികരിൽ ഒരാൾ പറഞ്ഞു.
ഖത്തർ അമീറിന്റെ ഇടപെടൽ മൂലം നാവികരെ വിട്ടയച്ച വിവരം കേന്ദ്രസർക്കാർ ഇന്നു രാവിലെയാണു പുറത്തുവിട്ടത്. 'എട്ട് ഇന്ത്യക്കാരെ മോചിപ്പിച്ച നടപടിയെ സ്വാഗതം ചെയ്യുന്നു. ഏഴു പേർ മടങ്ങിയെത്തി. ഖത്തർ അമീറിന്റെ നടപടിയെ ശ്ലാഘിക്കുന്നു.' - ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിന്റെ കുറിപ്പിൽ വ്യക്തമാക്കിയ കാര്യം ഇങ്ങനെയാണ്.
#WATCH | Delhi: Qatar released the eight Indian ex-Navy veterans who were in its custody; seven of them have returned to India. pic.twitter.com/yuYVx5N8zR
— ANI (@ANI) February 12, 2024
ഇന്ത്യൻ നാവിക സേനയിലെ ഉദ്യോഗസ്ഥരായിരുന്ന പൂർണേന്ദു തിവാരി, സുഗുണാകർ പകല, അമിത് നാഗ്പാൽ, സഞ്ജീവ് ഗുപ്ത, നവതേജ് സിങ് ഗിൽ, ബീരേന്ദ്ര കുമാർ വർമ, സൗരഭ് വസിഷ്ത്, മലയാളിയായ രാഗേഷ് ഗോപകുമാർ എന്നിവരാണ് ഖത്തറിലെ ജയിലിൽ കഴിഞ്ഞിരുന്നത്. ഖത്തർ അമീർ എട്ടുപേരെയും വിട്ടയക്കാനുള്ള ഉത്തരവ് നൽകുകയായിരുന്നു. നേരത്തെ ഇവരുടെ വധശിക്ഷ റദ്ദാക്കി തടവുശിക്ഷ കോടതി നൽകിയിരുന്നു.
2022 ഓഗസ്റ്റിൽ 8 പേരും അറസ്റ്റിലായതു മുതൽ ഇന്ത്യ നടത്തിവരുന്ന നയതന്ത്ര ഇടപെടലുകളുടെ വിജയം കൂടിയാണ് ഇപ്പോഴത്തെ വിധി. ദുബായ് കാലാവസ്ഥാ ഉച്ചകോടിക്കിടെ, ഡിസംബർ ഒന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയും കൂടിക്കാഴ്ച നടത്തിയിരുന്നു.