ലണ്ടൻ: പ്രധാനമന്ത്രി പദത്തിലേക്കുള്ള മത്സരത്തിൽ നിന്നും ബോറിസ് ജോൺസൺ നാടകീയമായി പിന്മാറിയതോടെ ഇന്ത്യൻ വംശജനായ ഋഷി സുനാകിനെ ഇന്ന് ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ഗ്രാൻ ഷാപ്‌സിനെ പോലുള്ള മുതിർന്ന നേതാക്കൾ ഋഷിക്ക് പിന്തുണയുമായി രംഗത്തെത്തുകയും ചെയ്തു കഴിഞ്ഞു.

പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ ലിസ് ട്രസ് പരാജയപ്പെടുത്തിയ ഇന്ത്യൻ വംശജൻ ഋഷി സുനാക്കിനു നേർക്കാണ് ഏവരുടെയും കണ്ണുകൾ നീളുന്നത്. അടുത്ത പ്രധാനമന്ത്രിയായി അദ്ദേഹം വരുമോ എന്നറിയാൻ ഇന്ത്യക്കാർക്കും വലിയ താൽപര്യമുണ്ട്.

പ്രധാനമന്ത്രി സ്ഥാനം ആർക്ക് നൽകണമെന്ന് നിശ്ചയിക്കാൻ കൺസർവേറ്റീവ് പാർട്ടിക്കുള്ളിൽ നടന്ന തിരഞ്ഞെടുപ്പിൽ ട്രസിന് പിന്നിലായി രണ്ടാമതെത്തിയത് സുനാക്ക് ആയിരുന്നു. അടുത്ത പ്രധാനമന്ത്രിയായി സുനാക്ക് തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ സ്ഥാനത്ത് എത്തുന്ന ആദ്യ ഇന്ത്യൻ വംശജനാകും 42കാരനായ സുനാക്ക്.

ഇൻഫോസിസ് സഹ സ്ഥാപകൻ എൻ ആർ നാരായണമൂർത്തിയുടെ മരുമകൻ എന്ന നിലയിലാണ് ബ്രിട്ടീഷ് ധനമന്ത്രിയായി രണ്ട് വർഷം മുമ്പ് റിഷി സുനക് നിയമിതനായപ്പോൾ മാധ്യമങ്ങൾ വിശേഷിപ്പിച്ചത്. എന്നാൽ ഓരോ ഭാരതീയനും അഭിമാനകരമായ മുഹൂർത്തമായിരുന്നു അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞാ നിമിഷങ്ങൾ.

ബ്രിട്ടീഷ് ധനമന്ത്രിയായി സ്ഥാനമേറ്റപ്പോൾ ഭഗവത്ഗീതയിൽ തൊട്ടാണ് ഋഷി സത്യപ്രതിജ്ഞ ചെയ്തത്. മഹത്തായ ഇന്ത്യയുടെ സംസ്‌കാരത്തെ മാനിച്ചുകൊണ്ടാണ് ലോകം മുഴുവൻ കോളനി ആക്കിയിരുന്ന ബ്രിട്ടന്റെ ധനമന്ത്രി പദത്തിൽ അന്ന് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്. ബ്രിട്ടന്റെ പ്രധാനമന്ത്രിയായി ഋഷി സുനാക് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കുമ്പോൾ സമാനമായ രീതിയിൽ ഭഗവത്ഗീതയെ സാക്ഷിയാക്കുമോ എന്നാണ് ഇന്ത്യൻ ജനത ഉറ്റുനോക്കുന്നത്. അതൊരമൊരു ചരിത്ര മുഹൂർത്തത്തിനാണ് രാജ്യം കാത്തിരിക്കുന്നത്. ബ്രിട്ടീഷ് കോളനി ആയിരുന്ന ഇന്ത്യക്കും ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന മുഹൂർത്തമാണത്.

ബ്രീട്ടീഷ് പാർവലമെന്റ് അംഗമായിരുന്ന അദ്ദേഹം പ്രമുഖനായ ബാങ്കർ കൂടെയാണ്. ഫ്‌ളോറൻസ് നൈറ്റിംഗേലിന്റെ ജന്മദിനം പങ്കിടുന്ന 42 കാരൻ ഋഷി സുനക് ഗോൾഡ്മാൻ സാച്ചസിൽ ആയിരുന്നു നേരത്തെ പ്രവർത്തിച്ചിരുന്നത്. 2015 ലാണ് അദ്ദേഹം പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.

യുകെ ട്രഷറിയുടെ ചീഫ് സെക്രട്ടറി എന്ന നിലയിലും പ്രവർത്തിച്ചിരുന്ന അദ്ദേഹം ബിസിനസ്, ഇൻഡസ്ട്രിയൽ സ്ട്രാറ്റജി തുടങ്ങിയ വിഭാഗത്തിന്റെ പാർലമെന്ററി പ്രൈവറ്റ് സെക്രട്ടറി എന്ന നിലയിലും പ്രവർത്തിച്ചിട്ടുണ്ട്. റിച്ച്മണ്ടിൽ നിന്നുള്ള കൺസർവേറ്റീവ് പാർട്ടി എംപിയാണ് സുനക്. പാർട്ടിയുടെ പ്രചാരണ പരിപാടികളുടെ സമയത്ത് ടിവി ഷോകളിൽ ഉൾപ്പെടെ പ്രത്യക്ഷപ്പെടാറുണ്ട്.

പാർട്ടിയിലെ ഒരു താരം തന്നെയാണ് സുനക്. രാഷ്ട്രീയത്തിൽ എത്തുന്നതിന് മുമ്പ് വൻകിട നിക്ഷേപക കമ്പനിക്ക് നേതൃത്വം നൽകുകയായിരുന്നു അദ്ദേഹം. ഒക്‌സ്‌ഫോർഡിൽ നിന്ന് പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്‌സ് തുടങ്ങിയ വിഷയങ്ങളിലെ പഠനത്തിന് ശേഷം യുഎസിലെ സ്റ്റാൻഫോർഡ് സർവ്വകലാശാലയിൽ നിന്നും എംബിഎ നേടി.

വിൻചെസ്റ്റർ കോളേജിലെ ബെസ്റ്റ് സ്റ്റുഡന്റ്. ലിങ്കൻ കോളേജ്,ഓക്സ്ഫോർഡിൽ നിന്നും പൊളിറ്റിക്സ്, ഫിലോസഫി, ഇക്കണോമിക്സ് ബിരുദങ്ങൾ. അമേരിക്കയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് എംബിഎ. ലോകപ്രശസ്തമായ ഫുൾ ബ്രൈറ്റ് സ്‌കോളർഷിപ്പ്.

രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനുമുമ്പ് അദ്ദേഹം നിക്ഷേപ ബാങ്കായ ഗോൾഡ്മാൻ സാച്ച്‌സിനും ഒരു ഹെഡ്ജ് ഫണ്ടിനും വേണ്ടി പ്രവർത്തിച്ചു, തുടർന്ന് ഒരു നിക്ഷേപ സ്ഥാപനം സ്ഥാപിച്ചു. ജോലിയെടുക്കാൻ പോയ ചിൽഡ്രൻസ് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് മാനേജ്‌മെന്റിൽ പങ്കാളിയായി മാറിയ ചരിത്രവും ഋഷിക്കുണ്ട്. പകരം വയ്ക്കാൻ ഇല്ലാത്ത ടാലെന്റിനു ഒപ്പം ഒട്ടേറെ ബഹുമതികൾ സ്വന്തമാക്കിയിട്ടുണ്ട്.

കോവിഡ് കാലത്ത് ലോകമാകെയുള്ള ബിസിനസുകൾ ആടിയുലഞ്ഞപ്പോൾ, ഗംഭീരമായ തീരുമാനങ്ങളിലൂടെ ബ്രിട്ടീഷ് ബിസിനസുകൾക്ക് പോറൽപോലുമേൽക്കാതെ കാത്തുസൂക്ഷിച്ചു. ബ്രിട്ടീഷ് രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും കൂടുതൽ റേറ്റിങ് നേടിയ വ്യക്തി കൂടിയാണ് ഋഷി.

റിച്ച്മണ്ട്ൽ നിന്നുള്ള കൺസർവേറ്റീവ് നേതാവ് അദ്ദേഹത്തെ 'അസാധാരണ വ്യക്തി' എന്നാണ് വിശേഷിപ്പിച്ചത്. സുനകിന്റെ അച്ഛൻ യശ് വീർ ഡോക്ടറായിരുന്നു, അമ്മ ഉഷ ഒരു കെമിസ്റ്റ് ഷോപ്പ് നടത്തിയിരുന്നു.

730 മില്യൺ പൗണ്ടിന്റെ സമ്പാദ്യത്തിനു ഉടമ,എലിസബത്ത് രാജ്ഞിയെക്കാൾ ധനികൻ ആണ് ഒരിക്കൽ സെക്കൻഡ് ഹാൻഡ് യൂണിഫോം ധരിച്ച് സ്‌കൂളിൽ പോയിരുന്ന, ഹോട്ടലിൽ വെയിറ്റർ ആയി ജോലിയെടുത്തിട്ടുള്ള ഋഷി. എംപയർ സ്‌ട്രൈക്ക് ബാക്... അദ്ദേഹത്തിന്റെ ഫേവറിറ്റുകളിൽ ഒന്നായത് യാദൃശ്ചികം ആവാം.

മറ്റൊരു ഇന്ത്യൻ അഭിമാനമായ ഇൻഫോസിസ് സ്ഥാപകൻ, കോടീശ്വരൻ നാരായണമൂർത്തിയുടെ മകളായ,സഹപാഠിയായിരുന്ന അക്ഷതാ മൂർത്തിയാണ് അദ്ദേഹത്തിന്റെ ഭാര്യ. രണ്ടു പെൺമക്കൾ കൃഷ്ണയും,അനുഷ്‌കയും.

ഒരു ഇന്ത്യൻ വംശജൻ ലോകം മുഴുവൻ കോളനി ആക്കിയിരുന്ന ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ പ്രഥമ പൗരൻ ആകുന്നത് കാണുക എന്നത് ഓരോ ഇന്ത്യക്കാരനെ സംബന്ധിച്ചിടത്തോളം ആഹ്ലദകരമായ നിമിഷങ്ങളാണ്.