- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിനെ പുറത്താക്കാനുള്ള നീക്കത്തിൽ നിന്നും ടോറി വിമതർ പിന്മാറുന്നു
ലണ്ടൻ: കൺസർവേറ്റീവ് പാർട്ടിയുടെ, കൗൺസിൽ തെരഞ്ഞെടുപ്പിലെ നിരാശാജനകമായ പ്രകടനം വിരൽ ചൂണ്ടുന്നത് വരുന്ന പൊതുതെരഞ്ഞെടുപ്പിൽ കനത്ത പരാജയം ആണ് കാത്തിരിക്കുന്നത് എന്നതിലേക്കാണ്. എന്നിട്ടും പ്രധാനമന്ത്രി ഋഷി സുനകിനെതിരെയുള്ള ഉപജാപങ്ങൾ ശക്തി പ്രാപിക്കുന്നില്ല എന്ന് മാത്രമല്ല കെട്ടടങ്ങാൻ തുടങ്ങുകയും ചെയ്യുന്നു. പരാജയത്തിന്റെ പടുകുഴിയിലും നേതാവിനെതിരെ ശബ്ദമുയരുന്നില്ല എന്നത് ഒരു വിരോധാഭാസമായി തോന്നാം. എന്നാൽ ഇപ്പോൾ സംഭവിക്കുന്നത് അതാണ്.
തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം നേതൃമാറ്റം എന്ന ആവശ്യത്തിന് ശക്തി കൂടും എന്ന് പ്രതീക്ഷിച്ചവരെയും പ്രവചിച്ചവരെയും ഞെട്ടിച്ചു കൊണ്ട്, രണ്ട് എം പി മാർ മാത്രമാണ് ഈ ആവശ്യം ഉന്നയിച്ചു കൊണ്ട് പരസ്യമായി രംഗത്ത് എത്തിയിരിക്കുന്നത്. ഇവർക്കൊപ്പം ചേരാൻ ആരും തന്നെ മുന്നോട്ട് വരുന്നുമില്ല. തെരഞ്ഞെടുപ്പിന് ഇനി മാസങ്ങൾ മാത്രം അവശേഷിക്കെ ഇപ്പോൾ ഒരു നേതൃമാറ്റം വിഢിത്തമാണ് എന്നാണ് ചില എം പിമാർ പറയുന്നത്.
ഏതായാലും, ഋഷി സുനക്കിനെതിരായ നീക്കങ്ങൾ ദുർബലപ്പെടുന്നു എന്ന സൂചനയാാണ് അദ്ദേഹത്തിന്റെ ക്യാമ്പും എതിർ ക്യാമ്പും നൽകുന്നത്. ടീസ് വാലീ മേയർ തെരഞ്ഞെടുപ്പിൽ ബെൻ ഹൗച്ചൻ വിജയിച്ചതോടെ ഒരു വിമത എം പി പറഞ്ഞത്, ഋഷി വിമതരെ അതിജീവിക്കും എന്നായിരുന്നു. കൺസർവേറ്റീവ് പാർട്ടിക്ക് ചെറിയ തോതിലെങ്കിലുമ്‌ന് ആത്മവിശ്വാസം പകരുന്ന ഒന്നായിരുന്നു ടീസ് വാലിയിലെ വിജയം. എന്നാൽ, അദ്ദേഹത്തിന്റെ വോട്ടിൽ വൻ കുറവുണ്ടായിട്ടുണ്ട് എന്നത് ആ മേഖലയിലെ എം പിമാരെ ആശങ്കപ്പെടുത്തുന്നുമുണ്ട്.
എന്നാൽ, തദ്ദേശീയനായ എതിർ സ്ഥാനാർത്ഥിയുടെ വ്യക്തിഗത വോട്ടുകളാണ് ഇത്തവണ ഹൗച്ചന്റെ വോട്ടുകളിൽ വിള്ളലുണ്ടാക്കിയതെന്ന് മറ്റു ചിലർ വിശ്വസിക്കുന്നു. മേയർ തെരഞ്ഞെടുപ്പിൽ മാത്രമല്ല, ചില കൗൺസിൽ സീറ്റുകളിലും ഇത്തരത്തിലുള്ള വ്യക്തിഗത പരിഗണനയിൽ വോട്ട് നൽകിയതായി ഫലം പരിശോധിച്ചാൽ മനസ്സിലാകും എന്നായിരുന്നു ഒരു മന്ത്രി പ്രതികരിച്ചത്.
കൺസർവേറ്റീവ് പാർട്ടിയുടെ നില പരുങ്ങലിലാണെങ്കിലും, ഒരു സർവ്വനാശത്തിലേക്ക് നീങ്ങില്ല എന്ന് ചില പാർട്ടി അംഗങ്ങൾ ഇപ്പോഴും വിശ്വസിക്കുന്നു. അതു തന്നെയാവാം, തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് മറ്റൊരു നേതൃമാറ്റം കൊണ്ട് ഉള്ള സാധ്യത ഇല്ലാതെയാക്കാൻ വിമതർ ശ്രമിക്കാത്തത്. അതേസമയം, ഋഷിക്കുള്ള ഭീഷണി പൂർണ്ണമായും ഒഴിഞ്ഞിട്ടില്ല എന്ന് വിശ്വസിക്കുന്ന എം പിമാരും ഉണ്ട്. കാത്തിരുന്നു കാണാം എന്ന സമീപനമാണ് പല എം പിമാരും സ്വീകരിച്ചിട്ടുള്ളത് എന്ന് ഇക്കൂട്ടർ പറയുന്നു. ഏത് നിമിഷവും ഒരു പൊട്ടെത്തെറി ഉണ്ടായിക്കൂടെന്നില്ല എന്നും ഇവർ പറയുന്നു.