- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊതുതെരഞ്ഞെടുപ്പ് അടുക്കുമ്പോൾ പ്രധാനമന്ത്രി ഋഷി സുനകിന് വീണ്ടും തിരിച്ചടി
ലണ്ടൻ: റിഫോം പാർട്ടിയെ പിന്തുണച്ചതിന് ഒരു ടോറി എം പി പുറത്താക്കപ്പെട്ടത് ഋഷി സുനകിന് വലിയൊരു തിരിച്ചടി ആയിരിക്കുകയാണ്. ടെൽഫോർഡ് മണ്ഡലത്തിലെ, റിഫോം യു കെ പാർട്ടി സ്ഥാനാർത്ഥിയായ അലൻ ആഡംസിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ലൂസി അല്ലൻ വിമത നീക്കം നടത്തിയത്. തനിക്ക് വർഷങ്ങളായി അലൻ ആഡംസിനെ അറിയാമെന്നും ടെൽഫോർഡിന്റെ അടുത്ത എം പിയാകാൻ എന്തുകൊണ്ടും യോഗ്യനാണെന്നും പറഞ്ഞ ലൂസി, അലന് പിന്തുണ നൽകാനായിട്ടാണ് താൻ കണസർവേറ്റീവ് പാർട്ടിയിൽ നിന്നും രാജിവെച്ചതെന്നും പറയുന്നു.
ടെൽഫോർഡിന് ഒരു മികച്ച എം പിയെ ലഭിക്കണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും, ലേബർ പാർട്ടി സ്ഥാനാർത്ഥിക്ക് ഒരു എളുപ്പ വിജയം സാധ്യമാകാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അവർ തുടർന്നു. 2019 ൽ ലൂസി അല്ലൻ 10,941 വോട്ടുകൾക്കായിരുന്നു ഇവിടെ നിന്നും ജയിച്ചത്. അധികാരത്തിനോ സ്ഥാനമാനങ്ങൾക്കോ ആയിട്ടല്ല അല്ലൻ ആഡംസ് മത്സരിക്കുന്നതെന്നും അദ്ദേഹത്തിന്റെ ഉദ്ദേശ്യശുദ്ധി മാനിക്കപ്പെടേണ്ടതാണെന്നും ലൂസി അലൻ കൂട്ടിച്ചേർത്തു. ടെൽഫോർഡിനോട് അദ്ദേഹം നീതി പുലർത്തുമെന്ന് ഉറപ്പുണ്ടെന്നും, എന്നും ടെൽഫോർഡിന് പ്രഥമ പരിഗണന നൽകുമെന്നും അവർ പറഞ്ഞു.
അതേസമയം, ലൂസി അല്ലനെ, ഉടനടി പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തതായി കൺസർവേറ്റീവ് പാർട്ടി വക്താവ് അറിയിച്ചു. ടെൽഫോർഡിലെ ജനങ്ങൾക്ക് ഇപ്പോൾ പുതിയൊരു സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യാനുള്ള അവസരം ലഭിച്ചിരിക്കുകയാണെന്നും വക്താവ് കൂട്ടിച്ചേർത്തു. മാത്രമല്ല, റിഫോം പാർട്ടിക്ക് ലഭിക്കുന്ന ഓരോ വോട്ടും കീർ സ്റ്റാർമർക്ക് ലഭിക്കുന്ന വോട്ടാണെന്നും വക്താവ് ഓർമ്മിപ്പിച്ചു.
അതേസമയം ലൂസി അല്ലെൻ പിന്തുണ പ്രഖ്യാപിച്ചതിൽ സന്തോഷമുണ്ടെന്ന് റിഫോം പാർട്ടി വക്താവ് അറിയിച്ചു. പരമ്പരാഗതമായ മധ്യവലതു മൂല്യങ്ങളാണ് റിഫോം പാർട്ടി ഉയർത്തിപ്പിടിക്കുന്നത് എന്ന കാര്യം അവരെ പോലെ കൂടുതൽ കൺസർവേറ്റീവുകൾ മനസ്സിലാക്കി വരുന്നതായും വക്താവ് പറഞ്ഞു. കൺസർവേറ്റീവ് പാർട്ടി എന്നോ മറന്ന മുൻഗണനാ ക്രമമാണ് ഇപ്പോൾ റിഫോം പാർട്ടി മുന്നോട്ട് വയ്ക്കുന്നതെന്നും വക്താവ് പറഞ്ഞു.