- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമരം രാഷ്ട്രീയ പ്രേരിതമെന്ന് പ്രധാനമന്ത്രി ഋഷി സുനക്
ലണ്ടൻ: പൊതു തെരഞ്ഞെടുപ്പിന് തൊട്ടു മുൻപായി, ഇംഗ്ലണ്ടിലെ 1 ലക്ഷത്തോളം രോഗികൾക്കാണ് അപ്പോയിന്റ്‌മെന്റും ചികിത്സയും നിഷേധിക്കപ്പെടുന്നത് എന്ന വിലയിരുത്തൽ പുറത്തുവന്നു. ജൂനിയർ ഡോക്ടർമാർ അഞ്ച് ദിവസത്തെ സമരത്തിന് ആഹ്വാനം നൽകിയതോടെയാണ് ഈ ആശങ്ക ഉയർന്നിരിക്കുന്നത്. സമരം തീർത്തും രാഷ്ട്രീയ പ്രേരിതമാണെന്നായിരുന്നു പ്രധാനമന്ത്രി ഋഷി സുനകിന്റെ പ്രതികരണം. റെക്കോർഡ് തലത്തിലെത്തിയ, വെയിറ്റിങ് ലിസ്റ്റ് തീർത്തുകൊണ്ടു വരാനുള്ള ശ്രമത്തിന് തിരിച്ചടിയാണ് അഞ്ച് ദിവസത്തെ സമരം എന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.
വരുന്ന ജൂൺ 27 രാവിലെ 7 മണിമുതൽ ജൂലായ് 2 രാവിലെ 7 മണിവരെ ആയിരിക്കും ജൂനിയർ ഡോക്ടർമാർ സമരം ചെയ്യുക എന്ന് ബ്രിട്ടീഷ് മെഡിക്കൽ അസ്സോസിയേഷൻ അറിയിച്ചിട്ടുണ്ട്. ജൂലാ 4 ന് ആണ് പൊതു റ്റെരഞ്ഞെടുപ്പ്. ഇത് ഋഷി സുനകിന്റെ മേൽ സമ്മർദ്ദം വർദ്ധിപ്പിക്കും എന്നതിൽ സംശയമില്ല. ഒരു തെരഞ്ഞെടുപ്പ് കാലത്ത് സമരം ഉണ്ടാവുക എന്നത് ഏതൊരു ഭരണാധികാരിക്കും ആലോചിക്കാൻ കൂടി കഴിയാത്തതാണ്. മാത്രമല്ല, ലക്ഷക്കണക്കിന് വരുന്ന എൻ എച്ച് എസ് ജീവനക്കാരുടെ പിന്തുണ നഷ്ടമാകാനും സാധ്യതയുണ്ട്., അതുകൊണ്ടു തന്നെ സമരം ഒഴിവാക്കേണ്ടത് ഇപ്പോൾ പ്രധാനമായും ഋഷി സുനകിന്റെയും കൺസർവേറ്റീവ് പാർട്ടിയുടെയും ആവശ്യമായി മാറിയിരിക്കുകയാണ്.
സമരത്തിനായി തെരഞ്ഞെടുത്ത സമയം തന്നെ അത് രാഷ്ട്രീയ പ്രേരിതമാണ് എന്ന് തെളിയിക്കുന്നതിനായി ഡെവണിൽ പ്രചാരണത്തിനിടെ ഋഷി സുനക് പറഞ്ഞു. പ്രശ്നത്തിന് പരിഹാരം കണ്ടെത്താൻ തയ്യാറാകാത്തത് ജൂനിയർ ഡോക്ടർമാർ ആണെന്നും ഋഷി ചൂണ്ടിക്കാട്ടി. 10 ശതമാനമ വർദ്ധനവ് സർക്കാർ വാഗ്ദാനം നൽകിക്കഴിഞ്ഞു. മാത്രമല്ല, കൂടുതൽ ചർച്ചകൾക്ക് സർക്കാർ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു. എൻ എച്ച് എസ്സിലെ മറ്റു വിഭാഗങ്ങളിൽ പെടുന്ന ജീവനക്കാരുടെ പ്രശ്നങ്ങൾ അവരുമായി ചർച്ച ചെയ്ത് പരിഹരിച്ച കാര്യവും ഋഷി എടുത്തു പറഞ്ഞു.
അതേസമയം ലേബർ പാർട്ടിയുടെ ഹെൽത്ത് ഡേ ദിവസം തന്നെ സമരം വെച്ചത് രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണം ബ്രിട്ടീഷ് മെഡിക്കൽ അസ്സോസിയേഷൻ തള്ളിക്കളഞ്ഞു. ചർച്ചക്ക് തങ്ങൾ തയ്യാറാണെന്നും ബി എം എ വക്താവ് പറഞ്ഞു. വിശ്വാസയോഗ്യമായതും, നീതിപൂർവ്വമായതുമായ ഒരു ഡീൽ വേണമെന്നാണ് തങ്ങൾ ആഗ്രഹിച്ചതെന്നും, സർക്കാരിൽ നിന്നും അത് ലഭിക്കാതെ ആയതോടെയാണ് സമരം അനിവാര്യമായതെന്നും ബി എം എ പറയുന്നു.