ടെൽ അവീവ്: ഹമാസുമായുള്ള യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഇസ്രയേലിലെത്തി. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനത്തെി പിന്തുണ അറിയിച്ചതിന് പിന്നാലെയാണ് സുനകും ഇസ്രയേലിൽ എത്തിയത്. 'തീവ്രവാദമെന്ന തിന്മയ്ക്കെതിരേ ഇസ്രയേലിനൊപ്പം നിൽക്കും' - എന്നാണ് ടെൽ അവീവിലെത്തിയതിന് തൊട്ടുപിന്നാലെ ഋഷി സുനക് എക്സിൽ കുറിച്ചത്.

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവു, പ്രസിഡന്റ് ഐസക് ഹെർസോഗ് എന്നിവരുമായി സുനക് കൂടിക്കാഴ്ച നടത്തും. പ്രശ്നപരിഹാരത്തിനുള്ള നയതന്ത്ര ശ്രമങ്ങളുടെ ഭാഗമായി ഇസ്രയേലിന്റെ അയൽ രാജ്യങ്ങളും ഋഷി സുനക് സന്ദർശിക്കും. യുദ്ധത്തിൽ ഇസ്രയേലിലും ഫലസ്തീനിലും ജീവൻ നഷ്ടപ്പെട്ടവർക്ക് ഋഷി സുനക് അനുശോചനം അറിയിക്കുമെന്നും യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ മുന്നറിയിപ്പ് നൽകുമെന്നും സന്ദർശനത്തിന് മുന്നോടിയായി അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചിരുന്നു.

ഗസ്സയിലേക്ക് കൂടുതൽ മാനുഷിക സഹായങ്ങൾ എത്തിക്കാൻ വഴി തുറക്കണമെന്നും സുനക് കൂടിക്കാഴ്ചയിൽ ആവശ്യപ്പെടും. അതേസമയം, യുദ്ധത്തിൽ ഇസ്രയേലിനെ കുറ്റപ്പെടുത്തി ഓസ്ട്രേലിയൻ ഭരണകൂടം രംഗത്തെത്തി. ഹമാസുമായുള്ള യുദ്ധത്തിൽ ഫലസ്തീൻ ജനതയെ ഇസ്രയേൽ കൂട്ടമായി ശിക്ഷിക്കുകയാണെന്ന് ഓസ്ട്രേലിയ ആരോപിച്ചു.

ഗസ്സയിലെ ആശുപത്രിക്ക് നേരേയുള്ള ആക്രമണത്തിൽ നൂറുകണക്കിന് പേർ കൊല്ലപ്പെട്ടതിന് പിന്നാലെ ഗസ്സയിലേക്ക് മാനുഷിക സഹായങ്ങൾ എത്തിക്കാൻ അനുവാദം നൽകുമെന്ന് കഴിഞ്ഞ ദിവസം ഇസ്രയേൽ അറിയിച്ചിരുന്നു. ഇതിനുപിന്നാലെ റഫാ അതിർത്തി വഴി അടിയന്തര സഹായമായി മരുന്നും ഭക്ഷണവും ഉൾപ്പെടെ എത്തിക്കും. ആദ്യ ഘട്ടത്തിൽ 20 ട്രക്കുകൾ ഇതുവഴി ഗസ്സയിലേക്കെത്തും.

കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി ചർച്ചചെയ്തതിന് പിന്നാലെയാണ് റഫാ അതിർത്തി തുറക്കാൻ ഈജിപ്ത് പ്രസിഡന്റ് അബ്ദേൽ ഫത്താഹ് അൽ-സിസി സമ്മതം അറിയിച്ചത്. അതേസമയം ഗസ്സയിലെ ആളുകളെ റഫാ അതിർത്തി വഴി ഈജിപ്തിലേക്ക് കടക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

ഈജിപ്തിലെ സിനായി ഉപദ്വീപിൽ നിന്ന് വരുംദിവസങ്ങളിൽ 20 ട്രക്കുകളിലായി ഗസ്സയിലേക്ക് മാനുഷിക സഹായമെത്തുമെന്ന് വൈറ്റ്ഹൗസ് വക്താവ് അറിയിച്ചു. റഫാ അതിർത്തയിലൂടെയുള്ള സഹായം തടയില്ലെന്ന് ഇസ്രയേലും അറിയിച്ചിട്ടുണ്ട്. നിലിവൽ 20 ട്രക്കുകൾ കടത്തിവിടാൻ മാത്രമാണ് ഈജിപ്ത് സമ്മതം അറിയിച്ചിട്ടുള്ളത്. ആവശ്യമെങ്കിൽ കൂടുതൽ സഹായങ്ങൾ അനുവദിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, 23 ലക്ഷത്തോളം ആളുകൾ വസിക്കുന്ന ഗസ്സയിൽ ഇസ്രയേലിന്റെ അഭൂതപൂർവമായ ബോംബാക്രമണവും ഉപരോധവും കാരണം ആളുകൾ കൂട്ടത്തോടെ കുടിയേറാനുള്ള നീക്കങ്ങളിൽ ഈജിപ്തിന് ആശങ്കയുണ്ട്. അത്തരത്തിൽ കൂട്ടത്തോടെയുള്ള കുടിയേറ്റം ഈജിപ്ഷ്യൻ ഉപദ്വീപായ സിനായിയെ ഇസ്രയേലിനെതിരായ ആക്രമണങ്ങളുടെ താവളമാക്കിമാറ്റുമെന്ന് അബ്ദേൽ ഫത്താഹ് അൽ-സിസി ബൈഡനോട് ആശങ്കയറിയിച്ചു.

ഗസ്സ നിവാസികളെ അഭയാർഥികളാക്കാനും ഈജിപ്തിലേക്ക് കുടിയേറാനും നിർബന്ധിതരാക്കുന്ന ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും അബ്ദേൽ ഫത്താഹ് പറഞ്ഞു. 'സൈനിക മാർഗങ്ങളിലൂടെയോ മറ്റു ബലപ്രയോഗങ്ങളിലൂടെയോ ഫലസ്തീനികളെ അവരുടെ ഭൂമിയിൽ നിന്ന് നിർബന്ധിതമായി കുടിയിറക്കുന്നതിലൂടെ ഫലസ്തീൻ പ്രശ്നം പരിഹരിക്കാനുള്ള ഏതൊരു ശ്രമവും ഈജിപ്ത് തള്ളുന്നു. മേഖലയിലെ രാജ്യങ്ങളുടെ ചെലവിൽ ഇത് നടപ്പാകില്ല', അദ്ദേഹം കൂട്ടിച്ചേർത്തു.