ലണ്ടൻ: ബ്രിട്ടനിൽ ഭരണപ്പാർട്ടിയിൽ പ്രതിസന്ധിക്കൾ മൂർച്ഛിക്കുന്നു. അധികാരമേറ്റ നാൾ മുതൽ എങ്ങനെയും പാർട്ടിയിലെ തീവ്ര വലതു വിഭാഗത്തെ കയ്യിലെടുക്കണം എന്ന ചിന്തയിലാണ് മുൻ ആഭ്യന്തര സെക്രട്ടറി സ്യുവേല ബ്രെവർമാൻ ഭരണം തുടങ്ങിയത്. അതിനായി അവർ കണ്ടെത്തിയ ഏറ്റവും എളുപ്പവഴി സെൻസിറ്റീവ് വിഷയമായ കുടിയേറ്റം തന്നെ ആയിരുന്നു. പെരുകി കയറിയ ലീഗൽ മൈഗ്രെഷൻ എന്നറിയപ്പെട്ട മലയാളികൾ ഉൾപ്പെടെയുള്ളവർ തൊഴിൽ വിസകളിൽ എത്തുന്നതും കുടിയേറ്റ ഭീഷണി തന്നെ ആണെന്നായിരുന്നു സ്യുവേലയുടെ കണ്ടെത്തൽ.

അതിൽ ഏറെക്കുറെ ശരിയും ഉണ്ടായിരുന്നു എന്നാണ് പിന്നീട് ഹോം ഓഫിസ് വെളിപ്പെടുത്തിയ കണക്കുകൾ ബോധ്യപ്പെടുത്തിയത്. സർക്കാർ കരുതിയതിന്റെ പത്തിരട്ടി ആളുകൾ ഒരൊറ്റ വർഷം എത്തിയതോടെ തിരഞ്ഞെടുപ്പ് വർഷത്തിൽ പ്രതിപക്ഷ വിമർശനത്തിൽ പിടിച്ചു നിൽക്കാനാകില്ലെന്നു റിഷി മന്ത്രിസഭയ്ക്കും ബോധ്യമായി. ഇതോടെ കർക്കശക്കാരിയുടെ രീതിയിലേക്ക് സ്യുവേല കടന്നതാണ് ഇപ്പോൾ മലയാളികൾ അടക്കമുള്ളവരുടെ യുകെ മോഹങ്ങൾക്ക് കനത്ത തിരിച്ചടി നൽകിയിരിക്കുന്നത്. നിർഭാഗ്യവശാൽ വരാനിരിക്കുന്നവരുടെയും വന്നവരുടെയും കാര്യം ഒരുപോലെ ഗതികേടിലാക്കിയിരിക്കുന്നത്.

സ്യുവേല നടത്തിയ സകല നീക്കങ്ങൾക്കും വലംകൈ ആയി കൂടെ നിന്ന മന്ത്രിയാണ് കുടിയേറ്റ വകുപ്പിന്റെ ചുമതലക്കാരനായിരുന്ന റോബർട്ട് ജെന്റിക് .സ്യുവേലയുടെ നിർദേശങ്ങൾ റിഷിയുടെ മേശപ്പുറത്തു എത്തുമ്പോൾ തൊട്ടുപിന്നാലെ ശക്തമായ പിന്തുണയുമായി റോബർട്ട് ജെന്റിക്കിന്റെ നിർദേശങ്ങൾ അടങ്ങിയ കത്തുകൾ കുടിയേറ്റ വകുപ്പിൽ നിന്നും പ്രധാനമന്ത്രിയുടെ ഓഫിസിലേക്ക് എത്തിക്കൊണ്ടിരുന്നു. പക്ഷെ കുടിയേറ്റ നയം പ്രഖ്യാപിക്കും മുൻപ് തന്നെ ഫലസ്തീൻ വിഷയത്തിൽ പൊലീസിനെ കുറ്റപ്പെടുത്തിയ മന്ത്രിക്ക് സ്വന്തം കസേര തെറിക്കുക ആയിരുന്നു.

സ്യുവേളക്ക് രാജി വയ്ക്കാൻ റിഷി രണ്ടു നാളത്തെ സാവകാശം നൽകിയെങ്കിലും പിടിച്ചു നില്ക്കാൻ നോക്കിയ അവരെ അവസാനം ചെവിക്ക് പിടിച്ചു പുറത്തെറിയുക ആയിരുന്നു. തുടർന്ന് നടത്തിയ മന്ത്രിസഭാ അഴിച്ചു പണിയിൽ മുൻ പ്രധാനമന്ത്രി ഡേവിഡ് കാമറോൺ അടക്കം ഉള്ളവർ എത്തിയതോടെ അധികാരം നഷ്ടമായവർ കൂടി വിമത പക്ഷത്തേക്ക് നീങ്ങിയിരിക്കുകയാണ് . സ്വാഭാവികമായും റിഷിയോടു എതിർപ്പുള്ളവരുടെ എണ്ണവും ഇതോടെ വർധിച്ചിരിക്കുകയാണ്.

എന്നാൽ തികച്ചും അപ്രതീക്ഷിതമായി കടൽ കടന്നെത്തുന്ന അഭയാർഥികളുടെ കാര്യത്തിൽ സർക്കാർ തീരുമാനത്തോട് വകുപ്പ് മന്ത്രിയെന്ന നിലയിൽ തനിക്ക് യോജിക്കാനാകില്ല എന്ന് വ്യക്തമാക്കിയാണ് ലീഗൽ മൈഗ്രെഷൻ തടയാൻ അരയും തലയും മുറുക്കി നിന്ന കുടിയേറ്റ മന്ത്രി റോബർട്ട് ജെന്റിക്കും രണ്ടു നാൾ മുൻപേ രാജി വച്ചിരിക്കുന്നത്. ഇതോടെ മലയാളികളുടെ വരവിനു തടയിട്ട രണ്ടു മന്ത്രിമാരും ഇപ്പോൾ മന്ത്രിസഭയ്ക്ക് പുറത്തായിരിക്കുകയാണ്. പതിനായിരക്കണക്കിന് മലയാളികളെ ആശങ്കയിൽ ആക്കിയ നിയമ മാറ്റം മൂലം അവരുടെയൊക്കെ ശാപമാണോ സ്യുവേലയുടെയും റോബെർട്ടിന്റെയും കസേര തെറിപ്പിച്ചത് എന്നാണ് ഇപ്പോൾ യുകെ മലയാളികൾക്കിടയിലെ സരസ സല്ലാപം. ചുരുക്കത്തിൽ മലയാളികളെ പോലെ പ്രധാനമന്ത്രി റിഷിയും കുഴപ്പത്തിലേക്ക് തന്നെ നീങ്ങുകയാണ് അടിക്കടി മന്ത്രിമാർ വിട്ടു പോകുന്ന കാഴ്ചകൾ വ്യക്തമാക്കുന്നത്.

പരസ്യമായും രഹസ്യമായും ആക്രമണം നേരിടുകയാണ് റിഷി സുനക്

ആവശ്യത്തിലേറെ എതിരാളികൾ ഉള്ളപ്പോഴാണ് പാർട്ടിയിലെ മുതിർന്ന നേതാവ് ആയിരുന്ന നദീൻ ഡോറിസ് റിഷിയുമായുള്ള അഭിപ്രായ വ്യത്യാസത്തിൽ രാജി വച്ച് പുറത്തു പോകുന്നത്. രാജി വച്ച ശേഷം കടുത്ത ഭാഷയിലാണ് അവർ റിഷിയെ വിമർശിച്ചതും. തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ കൺസർവേറ്റീവുകൾക്ക് മൃഗീയ ഭൂരിപക്ഷം ഉള്ള സീറ്റ് മുഖ്യ എതിരാളി ലേബർ പിടിച്ചെടുക്കുകയും ചെയ്തു. ഇതൊക്കെ പാർട്ടിയിൽ റിഷിക്ക് സൃഷ്ടിച്ച എതിർപ്പുകൾ സമാനതകൾ ഇല്ലാത്തതാണ്. ഒരേ സമയം സർക്കാർ നേരിടുന്ന പ്രയാസങ്ങളും പാർട്ടിയിലെ വെല്ലുവിളികളും തരണം ചെയ്യുക എന്ന അനിതര സാധാരണമായ പ്രതിസന്ധിയാണ് റിഷി സുനക് ഇപ്പോൾ നേരിടുന്നത്.

മാത്രമല്ല സ്വന്തം കസേരയും മന്ത്രിസഭയും രക്ഷിക്കുന്നതിന് ഒപ്പം അടുത്ത തിരഞ്ഞെടുപ്പിൽ ആടിയുലയും എന്ന് കരുതപ്പെടുന്ന പാർട്ടിയെ ആപത്തിൽ നിന്നും രക്ഷിച്ചെടുക്കുക എന്ന മഹാ ധൗത്യവും അദ്ദേഹം ഒറ്റയ്ക്ക് എന്ന വിധമാണ് ഏറ്റെടുക്കേണ്ടത്. താരതമ്യേന ജൂനിയറായ നേതാവ് പ്രധാനമന്ത്രി കസേരയിൽ എത്തിയത് ഇപ്പോഴും ദഹിക്കാത്ത പാർട്ടിക്കാരും ഒന്നര മാസത്തെ സമയം കൊണ്ട് പ്രധാനമന്ത്രി പദം കൈവിട്ടതിൽ അസൂയാലുവായ ലിസ് ട്രേസ് അടക്കം ഉള്ളവരും ഒരു ദയയും കാട്ടാതെയാണ് റിഷിയെ പരസ്യമായും രഹസ്യമായും ഒന്നിച്ചാക്രമിക്കുന്നത്.

മുറിവേറ്റ നിലയിൽ റിഷി തളരുമോ

അടിക്കടിയുള്ള പാർട്ടിയിലെ കലാപം റിഷിയുടെ ശക്തി ചോർത്തുമോ എന്ന ചോദ്യമാണ് ഇപ്പോൾ രാഷ്ട്രീയ വൃത്തങ്ങൾ ആകാംഷയോടെ നോക്കുന്നത്. പ്രത്യേകിച്ചും അടുത്ത ആഴ്ച പാർലമെന്റിൽ കടൽ കടന്നെത്തുന്ന അഭയാർത്ഥികളെ റ്വണ്ടയിലേക്ക് അയക്കുന്ന കാര്യത്തിൽ വോട്ടിങ് നടക്കുമ്പോൾ എത്ര പേർ റിഷിക്കൊപ്പം എന്നത് നിർണായകമാണ്. പാർട്ടിയിൽ വിശ്വസ്തർ ആയി ആരും കൂടെയില്ല എന്നതും റിഷി നേരിടുന്ന പ്രതിസന്ധിയാണ്. രണ്ടാഴ്ച മുൻപ് മിനി ബജറ്റ് അവതരണത്തിന് തൊട്ടു മുൻപ് ധന സെക്രട്ടറിയും പാർട്ടിയിലെ തല മുതിർന്ന നേതാവുമായ ജെറെമി ഹാന്റുമായും ഋഷി നേർക്ക് നേർ കൊമ്പു കോർത്തതും വാർത്തകളിൽ നിറഞ്ഞതാണ്.

രാജ്യത്തിന്റെ സമ്പദ് ഘടന മെച്ചമായ സാഹചര്യത്തിൽ നികുതി ഇളവിന് ജനങ്ങൾ അർഹരാണ് എന്ന റിഷിയുടെ വാദത്തോട് യോജിക്കാനാകാതെയാണ് ജെറെമി ഹാൻഡ് പാർലിമെന്റിൽ എത്തിയത്. ഇപ്പോൾ നികുതിയിളവ് സംസാരിക്കാനുള്ള സമയം അല്ലെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് കൂടെക്കൂടെ പറഞ്ഞതും. ഇതോടെ ഇരുവരും ഇരു തട്ടിലായി. മിനി ബജറ്റ് അവതരണത്തിൽ ജെറെമി പ്രധാനമന്ത്രിയുടെ ഇംഗിതത്തിനു എതിരായ നിലപാട് എടുക്കുമോ എന്ന് പോലും ആശങ്ക ഉയർന്നിരുന്നു.

ഇതേക്കുറിച്ചു വാർത്ത ലേഖകർ റിഷിയോട് ചോദ്യം ഉയർത്തിയപ്പോഴും ചാൻസലറുടെ പ്രഖ്യാപനം വരും വരെ ക്ഷമിക്കൂ എന്ന മട്ടിൽ പറഞ്ഞൊഴിയുകയാണ് ഋഷി ചെയ്തത്. തുടർന്ന് പാർലന്മെന്റിൽ എംപിമാരെ കയ്യിലെടുത്താണ് റിഷി തന്റെ വാദത്തിനു പിന്തുണ ഉറപ്പിച്ചെടുത്തത്. നികുതി ഇളവ് നൽകാതെ തിരഞ്ഞെടുപ്പിനെ നേരിട്ടാൽ എത്ര എംപിമാർ ജയിച്ചു കയറും എന്ന് പാർലിമെന്ററി യോഗത്തിൽ റിഷി ഉയർത്തിയ ചോദ്യത്തിലാണ് മിക്ക എംപിമാരും തകിടം മറിഞ്ഞു ഒപ്പം നിന്നത്. ഇത്തരത്തിൽ ഓരോ വിഷയത്തിലും തന്റേതായ നിലപാടുകൾ ഉറപ്പിച്ചെടുക്കുന്ന റിഷിയുടെ നിലപാടുകൾ ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ തന്നെ പുതുമയാണ്. പ്രധാനമന്ത്രിക്ക് സ്വന്തം അഭിപ്രായം ഉള്ളപ്പോഴും പാർട്ടിയിലെ ജൂനിയർ എംപിമാരെ പോലും അവഗണിച്ചു മുന്നോട്ട് പോകാനാകില്ല എന്നതാണ് ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ കാലങ്ങളായുള്ള ശീലം.

ബാക്ക് ബെഞ്ചേഴ്‌സ് എന്നറിയപ്പെടുന്ന വിപ്ലവകാരികളായ എംപിമാർ മുൻ പ്രധാനമന്ത്രിമാർക്ക് വരുത്തിയിട്ടുള്ള തലവേദനകളും ചെറുതല്ല. ഇപ്പോൾ ആ വിഭാഗത്തിന്റെ കൂടി പിന്തുണ വിഷയാടിസ്ഥാനത്തിൽ തേടിയാണ് റിഷി പിടിച്ചു നില്കുന്നത്. എന്നാൽ എത്രകാലം അദ്ദേഹം ഇത്തരത്തിൽ ഓരോ വിഷയത്തിലും അഭിപ്രായ ്വ്യത്യാസം നേരിട്ട് പിടിച്ചു നില്കും എന്നതാണ് മാധ്യമങ്ങൾ ഇപ്പോൾ ഉയർത്തുന്ന പ്രധാന ചോദ്യം. കലാപക്കൊടി ഉയർത്തി 30 എംപിമാർ റിഷിയെ തളർത്താൻ തയാറാണ് എന്ന് വ്യക്തമാക്കിയതോടെ വിപ് നിർബന്ധമാക്കി അവരെ നേരിടാൻ ഒരുങ്ങുകയാണ് റിഷിയും പാർട്ടിയിലെ അനുകൂല വിഭാഗവും. ഒളിഞ്ഞും തെളിഞ്ഞും സ്യുവേലയും റോബർട്ട് ജെന്റിക്കും തങ്ങളുടെ എതിർപ്പ് പ്രകടിപ്പിക്കുന്നതും ഈ സാഹചര്യത്തിൽ നിർണായകമാണ്. പാർട്ടിയെ പിന്തുണക്കുന്ന ബാഹ്യ ഘടകങ്ങൾ കൂടി ലോബിയിങ് നടത്താൻ തയാറായതോടെ ഒരു വർഷ കാലാവധി പിന്നിട്ട റിഷി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് റുവാണ്ടൻ വിഷയം എന്നുറപ്പായിക്കഴിഞ്ഞു.


എന്നാൽ ഈ പ്രതിസന്ധിയും തരണം ചെയ്തു മുന്നേറും എന്നാണ് റിഷിയുടെ നിലപാട്. ബ്രെക്സിറ്റ് വിഷയത്തിൽ താൻ ഒറ്റപ്പെട്ടു പോയ വിഷമത്തിൽ റഫറണ്ടത്തിന് ശേഷം രാജി വച്ച് പിൻവാങ്ങിയ ഡേവിഡ് കാമറോണിന്റെ പാത ആയിരിക്കുമോ ഇപ്പോൾ റിഷിയെയും കാത്തിരിക്കുന്നത് എന്ന ചോദ്യവും പ്രസക്തമാവുകയാണ്. പ്രത്യേകിച്ചും ഡേവിഡ് കാമറോൺ മന്ത്രിസഭയിൽ മടങ്ങി എത്തിയ സാഹചര്യത്തിൽ. ഇതോടെ റിഷിക്ക് രാജി വയ്‌ക്കേണ്ടി വന്നാൽ ഉടൻ ഇടക്കാല തിരഞ്ഞെടുപ്പാണോ അതോ ഏതാനും മാസത്തേക്ക് ഒരിക്കൽ കൂടി രാജ്യം ഡേവിഡ് കാമറോണിനെ പ്രധാനമന്ത്രി കസേരയിൽ കാണുമോ തുടങ്ങി ഊഹാപോഹങ്ങൾ ഏറെയാണ്. എന്ത് സംഭവിച്ചാലും അത് കൺസർവേറ്റികളുടെ മുൻപോട്ടുള്ള യാത്രയിൽ സമാനതകൾ ഇല്ലാത്ത പുത്തൻ പ്രതിസന്ധികൾ കൂടി സൃഷ്ടിക്കുന്ന ദിവസങ്ങളാണ് മുന്നിൽ എത്തിയിരിക്കുന്നത് എന്ന് വ്യക്തം.