- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്‌ലാദിമിർ പുടിൻ മരിച്ചിട്ടില്ല; പ്രചരിക്കുന്നത് കിംവദന്തി, അസംബന്ധമായ കാര്യങ്ങൾ; പുടിന് ഔദ്യോഗിക വസതിയിൽ വെച്ച് ഹൃദയാഘാതം സംഭവിച്ചുവെന്ന് ടെലഗ്രാം ചാനൽ റിപ്പോർട്ടു തള്ളി റഷ്യ; യുക്രെയ്ൻ അധിനിവേശ കാലം മുതൽ പുടിന്റെ ആരോഗ്യത്തെ കുറിച്ചു കഥകൾ പലവിധം!
മോസ്‌കോ: യുക്രൈനിൽ റഷ്യ അധിനിവേശം നടത്തിയതിന് ശേഷം റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിനെ കുറിച്ചുള്ള കഥകൾ പലവിധത്തിലാണ് പ്രചരിക്കുന്നത്. പ്രധാനമായും അദ്ദേഹത്തിന്റെ ആരോഗ്യം സംബന്ധിച്ചായിരുന്നു പലവിധത്തിൽ പ്രചരണങ്ങൾ വന്നത. പുടിന് രക്താർബുധം ബാധിച്ചുവെന്ന വിധത്തിലായിരുന്നു വാർത്തകൾ. ഇതൊക്കെ റഷ്യ തള്ളുകയുണ്ടായി. ഇപ്പോൽ വീണ്ടും പ്രചരിക്കുന്നത് പുടിൻ മരിച്ചെന്ന വിധത്തിലുള്ള വാർത്തകളാണ്. റിപ്പോർട്ടുകൾ തള്ളി റഷ്യ വീണ്ടും രംഗത്തെത്തി.
പുടിന് ഔദ്യോഗിക വസതിയിൽ വെച്ച് ഹൃദയാഘാതം സംഭവിച്ചുവെന്ന് റിപ്പോർട്ട് ചെയ്ത ടെലഗ്രാം ചാനൽ ആയ ജനറൽ എസ്.വി.ആർ തന്നെയാണ് മരണവാർത്തയും പുറത്തുവിട്ടത്. 71 വയസുള്ള റഷ്യൻ പ്രസിഡന്റ് അന്തരിച്ചു; റഷ്യക്കെതിരെ വൻ അട്ടിമറി നീക്കം എന്ന തലക്കെട്ടിലാണ് ടെലഗ്രാം ചാനൽ വാർത്ത നൽകിയത്.
''ശ്രദ്ധിക്കുക. റഷ്യയിൽ അട്ടിമറി ശ്രമം നടക്കുന്നു. പ്രസിഡന്റ് വ്‌ലാദിമിർ പുടിൻ ഇന്ന് വൈകീട്ട് ഔദ്യോഗിക വസതിയിൽ വെച്ച് അന്തരിച്ചു. ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.''-എന്നായിരുന്നു വാർത്ത. പുടിന്റെ മൃതദേഹം കിടത്തിയ മുറി ഡോക്ടർമാർ പൂട്ടിയിരിക്കുകയാണ്. പുടിനുമായി അടുത്ത വൃത്തങ്ങൾക്ക് മാത്രമേ ആ മുറിയിലേക്ക് പ്രവേശനമുള്ളൂ.-എന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
എന്നാൽ ഈ റിപ്പോർട്ട് പൂർണമായി നിഷേധിച്ചിരിക്കുകയാണ് റഷ്യൻ പാർലമെന്റ് വക്താവ് ദിമിത്രി പെസ്‌കോവ്. പുടിനെ സംബന്ധിച്ച് തീർത്തും അസംബന്ധ കാര്യങ്ങളാണെന്ന് പ്രചരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. യുക്രെയ്ൻ അധിനിവേശം മുതൽ പുടിന്റെ ആരോഗ്യനിലയെ കുറിച്ചുള്ള നിരവധി അഭ്യൂഹങ്ങളാണ് പ്രചരിച്ചത്. അർബുദം ബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിയുന്ന പുടിന് സ്വന്തം നിലക്ക് നടക്കാൻ പോലും സാധിക്കില്ലെന്ന തരത്തിലുള്ള റിപ്പോർട്ടുകളുമുണ്ടായി. ഇതെല്ലാം റഷ്യ തള്ളുകയായിരുന്നു. 71 വയസുള്ള പ്രസിഡന്റ് പൂർണ ആരോഗ്യവാനാണെന്നാണ് റഷ്യൻ സർക്കാർ സ്ഥാപിക്കുന്നത്.
പുടിൻ അടുത്തിടെ നടത്തിയ എല്ലാ പ്രകടനങ്ങളും ഒരു ബോഡി ഡബിൾ ഉപയോഗിച്ചാണ് നടത്തിയതെന്ന വിധത്തിലും വാർത്തകൾ ഉണ്ടായിരുന്നു. യുക്രൈനുമായുള്ള യുദ്ധം ആരംഭിച്ച് മാസങ്ങൾക്ക് ശേഷം പുടിൻ പങ്കെടുത്ത യോഗങ്ങളിൽ അദ്ദേഹത്തിന് പാർക്കിൻസൺസ് രോഗ ലക്ഷണമുണ്ടെന്നും അദ്ദേഹത്തിന്റെ വലത് കൈയും കാലും നിയന്ത്രണാധീതമായി ചലിക്കുന്നുവെന്നും ചില വിദേശ മാധ്യമങ്ങൾ വീഡിയോ സഹിതം റിപ്പോർട്ട് ചെയ്തിരുന്നു. പിന്നാലെ പുടിന് ഉദരരോഗമുണ്ടെന്നും അദ്ദേഹം യുദ്ധത്തിനിടെ അതീവ രഹസ്യമായി ശസ്ത്രക്രിയയ്ക്ക് വിധേയനായെന്നും വാർത്തകൾ പുറത്ത് വന്നു.
ഇതിന് ഏറ്റവും ഒടുവിലാണ് കഴിഞ്ഞ ഞായറാഴ്ച പുടിൻ ഹൃദയാഘാതത്തെ തുടർന്ന് ഔദ്ധ്യോഗിക വസതിയിൽ കുഴഞ്ഞ് വീണതായി റിപ്പോർട്ടുകൾ വന്നത്. എന്നാൽ ഇത്തരം പ്രചാരണങ്ങളെല്ലാം റഷ്യ തള്ളുകയാണ് ഉണ്ടായത്. ലോകത്തേറെ ശ്രദ്ധ നേടുന്ന നേതാക്കളിൽ മുൻനിരയിലുള്ളയാളാണ് പുട്ടിൻ. പ്രതിസന്ധികളെ നേരിട്ടു ഉരുക്കു പോലെ കരുത്തനായ രാഷ്ട്രീയക്കാരനാണ് പുടിൻ. 1952 ഒക്ടോബർ ഏഴിനാണു പുടിൻ സോവിയറ്റ് നഗരമായ ലെനിൻഗ്രാഡിൽ (ഇന്നത്തെ സെന്റ് പീറ്റേഴ്സ്ബർഗ്) പിറന്നത്. ഫാക്ടറി തൊഴിലാളിയായിരുന്നു പുടിന്റെ പിതാവ്. കൗമാരപ്രായക്കാരനായിരിക്കെ, 1968ൽ റഷ്യയിൽ പുറത്തിറങ്ങിയ 'ദ് ഷീൽഡ് ആൻഡ് സ്വോഡ്' എന്ന സിനിമ പല റഷ്യൻകുട്ടികളെയുമെന്നതുപോലെ പുടിനെയും സ്വാധീനിച്ചു.നാത്സികൾക്കെതിരെ പോരാടുന്ന ഒരു സോവിയറ്റ് ചാരന്റെ കഥയായിരുന്നു സിനിമ പറഞ്ഞത്.
ഭാവിയിൽ തനിക്കും ഒരു ചാരനാകണമെന്ന് പുടിന്റെ ഉള്ളിൽ ആഗ്രഹം വളർത്താൻ സിനിമ വഴിയൊരുക്കി.1975ൽ ലെനിൻഗ്രാഡ് സർവകലാശാലയിൽ നിന്നു ബിരുദം പാസായ പുടിനെ തങ്ങളുടെ ഇന്റലിജൻസ് വിഭാഗത്തിലേക്ക് കെജിബി നിയമിച്ചു.കിഴക്കൻ ജർമനിയിലെ ദ്രെസ്ഡെനിലായിരുന്നു പുടിന്റെ ആദ്യ രാജ്യാന്തര നിയമനം.1991ൽ കെജിബിയിൽ നിന്നു കേണൽ റാങ്കിൽ വിരമിച്ച പുടിൻ പിന്നീട് അധികാരത്തിന്റെ ഇടനാഴികൾ തേടി.
അനാറ്റോളി സോബ്ചാക് എന്ന റഷ്യൻ രാഷ്ട്രീയക്കാരന്റെ വലംകൈയായാണ് പുടിന്റെ രാഷ്ട്രീയ തുടക്കം. അനറ്റോളി വൈകാതെ ലെനിൻഗ്രാഡ് നഗരത്തിന്റെ മേയറായി. പുടിനെ അദ്ദേഹം 1994ൽ നഗരത്തിന്റെ ഡപ്യൂട്ടി മേയറായി നിയമിച്ചു.1996ൽ ക്രെംലിൻ ലക്ഷ്യം വച്ചുള്ള തന്റെ യാത്രയ്ക്ക് പുടിൻ തുടക്കമിട്ടു. അന്നു റഷ്യ ഭരിച്ചിരുന്നത് ബോറിസ് യെൽസിനായിരുന്നു. യെൽസിന്റെ പ്രസിഡൻഷ്യൽ സംഘത്തിൽ മാനേജ്മെന്റ് വിഭാഗത്തിൽ ഉപമേധാവിയായി മോസ്‌കോയിൽ പുടിൻ തന്റെ താവളം ഉറപ്പിച്ചു.തുടർന്ന് കുറച്ചുകാലം കെജിബിയുടെ പുതിയ രൂപമായ എഫ്എസ്ബിയുടെ സാരഥ്യം വഹിക്കാനുള്ള നിയോഗവും പുടിനെ തേടിയെത്തി.
1999 ആയപ്പോഴേക്കും ബോറിസ് യെൽസിൻ ജനങ്ങൾക്ക് അപ്രിയനായി മാറിയിരുന്നു. തുടർന്ന് 1999ൽ അദ്ദേഹം പ്രസിഡന്റ് സ്ഥാനം രാജിവച്ചു. തന്റെ പിൻഗാമിയായി അദ്ദേഹം നിർദേശിച്ചത് പുടിനെയാണ്. 2000 മാർച്ച് 26നു അദ്ദേഹം റഷ്യയുടെ പ്രസിഡന്റായി അവരോധിക്കപ്പെട്ടു. തുടർന്നിങ്ങോട്ട് ഏകാധിപതിയെ പോലെ റഷ്യ ഭരിക്കുകായണ് പുടിൻ ചെയ്തത്.
മറുനാടന് ഡെസ്ക്