മോസ്‌കോ: വേലി തന്നെ വിളവ് തിന്നുന്ന വാർത്ത റഷ്യയിൽ നിന്നും വരുന്നു. റഷ്യൻ സ്പേസ് ഏജൻസി റോസ്‌കോസ്മോസ് ഡെപ്യുട്ടി ഡയറക്ടർ ലെഫ്റ്റനന്റ് ജനറൽ ഒലെഗ് ഫ്രോലോവ് അഴിമതി കേസിൽ അറസ്റ്റിലായി എന്നാണ് വാർത്ത. ഫ്രോലോവിനൊപ്പം മറ്റു രണ്ട് പേർ കൂടി ഇതേ കേസിൽ അറസ്റ്റിലായിട്ടുണ്ട്. ലോകമാകെ ഭയക്കുന്ന, സാത്താർ -2 മിസൈലിന്റെ ഇൻ ചാർജ്ജ് കൂടിയാണ് 61 കാരനായ ഫ്രോലോവ്.

പൊതു ഖജനാവിൽ നിന്നും 4 മില്യൻ പൗണ്ട് തട്ടിയെടുക്കുന്നതിൽ വഹിച്ച പ്ങ്കിന്റെ പേരിലാണ് അഴിമതി. മോസ്‌കോയിൽ നിരവധി ഉന്നതരുടെ മരണ പരമ്പരയ്ക്ക് ഒടുവിലാണ് ഇത് സംഭവിച്ചിരിക്കുന്നത്. ഭരണകൂടത്തിൽ ഏറെ സ്വാധീനമുള്ള നിരവധി ബിസിനസ്സുകാർ, സൈനിക ഉദ്യോഗസ്ഥർ, രാഷ്ട്രീയ നേതാക്കാൾ തുടങ്ങിയവർ യുക്രെയിൻ യുദ്ധം ആരംഭിച്ചതിനെ തുടർന്ന് കൊല്ലപ്പെടുകയോ അറസ്റ്റിലാവുകയോ ചെയ്തിട്ടുണ്ട്.

പുടിന്റെ മറ്റൊരു അതീവ രഹസ്യ പദ്ധതിയിൽ പ്രവർത്തിച്ചിരുന്ന ബഹിരാകാശ ശാസ്ത്രജ്ഞൻ ഈവ്ജെനി പോസ്ട്രിഗാന്റെ ദുരൂഹമായ മരണത്തിന് ശേഷമാണ് ഫ്രോലോവിന്റെ അറസ്റ്റ് ഉണ്ടാകുന്നത്. റോസ്‌കോസ്മോസിൽ, അത്യാധുനിക ആയുധങ്ങളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് നിർണ്ണായക പങ്ക് വഹിക്കുന്ന വ്യക്തിയാണ് ഫ്രോലോവ്. മോസ്‌കോയിൽ സർമാറ്റ് എന്നറിയപ്പെടുന്ന സാത്താൻ 2 മിസൈലുകളുടെ പൂർണ്ണ ചുമതലയും ഇയാൾക്കായിരുന്നു.

പതിനാല് നിലക്കെട്ടിടത്തിന്റെ വലിപ്പമുള്ള സാത്താൻ 2 ഇതുവരെ ലോകം കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ മിസൈൽ ആയാണ് കണക്കാക്കുന്നത്. ഭൂമിയിൽ നിന്നും പറന്നുയർന്ന്, ബഹിരാകാശത്തുകൂടി സഞ്ചരിച്ച്, വീണ്ടും ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിച്ച് ലക്ഷ്യ സ്ഥാനത്തെത്തുന്ന സാത്താൻ 2 വിനെ, ആരാലും തടയാൻ കഴിയാത്ത മിസൈൽ എന്നായിരുന്നു പുടിൻ വിശേഷിപ്പിച്ചിരുന്നത്.

ഈ മാസം സൈന്യത്തിന്റെ ഭാഗമാകേണ്ടിയിരുന്ന മിസൈൽ പക്ഷെ ഇതുവരെ ശരിയായ രീതിയിൽ പരീക്ഷിച്ചിട്ട് പോലുമില്ല എന്നാണ് ചില കേന്ദ്രങ്ങളിൽ നിന്നും വരുന്ന വാർത്തകൾ. മാത്രമല്ല, ഇത് പൂർണ്ണമായും പ്രവർത്തനാവസ്ഥയിലെത്താൻ 2024 അവസാനം വരെ കാത്തിരിക്കേണ്ടി വരുമെന്നും പറയപ്പെടുന്നു. തന്റെ അധികാരം ഉപയോഗിച്ച്, മറ്റു രണ്ട് പങ്കാളികളുമൊത്ത് ഗൂഢാലോചന നടത്തി ഫ്രൊലോവ് 3.7 മില്യൻ പൗണ്ട് തട്ടിച്ചെടുത്തു എന്നാണ് റഷ്യൻ അന്വേഷണ ഏജൻസികൾ പറയുന്നത്. വിവിധ ഉപകരണങ്ങൾ വാങ്ങുവാനായി നീക്കി വെച്ച തുകയായിരുന്നത്രെ ഇത്.

ശബ്ദത്തേക്കാൾ 27 മടങ്ങ് വേഗത്തിൽ സഞ്ചരിച്ച് ലക്ഷ്യ സ്ഥാനത്തെത്തുന്ന അവൻഗാർഡ് മിസൈൽ പ്രൊജക്ടിലും ഫ്രൊലോവ് സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്. കേസ് തെളിഞ്ഞാൽ പത്ത് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ഫ്രൊലോവിനും കൂട്ടാളികൾക്കും എതിരെ ചുമത്തിയിരിക്കുന്നത്. മിസൈലുകളുടെ ഗൈഡൻസ് സിസ്റ്റം നിർമ്മിക്കുന്ന ജിയോഫിസിക്സ് കോസ്മോസ് ഡയറക്ടർ യെവ്ജനി ഫ്രോമിചേവ് ആണ് ഫ്രൊലോവിനൊപ്പം അറസ്റ്റിലായിരിക്കുന്ന മറ്റൊരു വ്യക്തി. അറസ്റ്റിലായ മൂന്നാമൻ ആരെന്ന കാര്യത്തിൽ വ്യക്തതയില്ല.