റിയാദ്: ഗസ്സയിൽ ഇസ്രയേൽ ശക്തമായ ആക്രമണത്തിന് ഒരുങ്ങവേ സമാധാന ചർച്ചകൾക്ക് മുൻകൈയെടുത്ത് സൗദി അറേബ്യ കിരീടാവകാശ് മുഹമ്മദ് ബിൻ സൽമാൻ. സംഘർഷ വിഷയത്തിൽ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമായും മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ടെലഫോണിൽ സംസാരിച്ചു.

ഫലസ്തീൻ ജനതയുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനായി കൂടെയുണ്ടാകുമെന്ന് ആവർത്തിച്ച് സൗദി അറേബ്യ പിന്നാലെ രംഗത്തുവന്നു. കെയ്റോ ഉച്ചകോടിയ്ൽ സൗദി ആവശ്യപ്പെട്ടത് ഗസ്സയിലെ ജനങ്ങളെ കുടിയിറക്കുന്നത് നിർത്തണമെന്നാണ്. ഗസ്സയിൽ സംഘർഷം അവസാനിപ്പിക്കാൻ കൂട്ടായ ശ്രമം വേണമെന്ന് ഫ്രഞ്ച് പ്രസിഡന്റ്, കനേഡിയൻ പ്രധാനമന്ത്രി എന്നിവരോട് സൗദി കിരീടാവകാശി ആവശ്യപ്പെട്ടു.

ഗസ്സയിലെ ജനങ്ങളെ കുടിയിറക്കാനുള്ള ഇസ്രയേലിന്റെ ശ്രമങ്ങളെ ഒരു നിലക്കും അംഗീകരിക്കില്ലെന്ന് സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു. ഇസ്രയേൽ സൈന്യത്തിന്റെ സാന്നിധ്യം നിയന്ത്രിക്കണമെന്നും , ഗസ്സയിൽ വെടിനിർത്തൽ നടപ്പിലാക്കണമെന്നും സൗദി ആവശ്യപ്പെട്ടു. നിയമങ്ങൾ പാലിക്കാൻ ഇസ്രയേലിനെ പ്രേരിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം മുന്നോട്ട് വരണം. ഫലസ്തീൻ ജനതയുടെ അവകാശങ്ങൾ നേടിയെടുക്കാൻ സൗദി കൂടെയുണ്ടാകുമെന്നും ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു.

ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൾ ഫത്താഹ് അൽസീസി വിളിച്ച് ചേർത്ത സമാധാന സമ്മേളനത്തിൽ യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്, ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് തുടങ്ങിയ ലോക നേതാക്കൾ സംബന്ധിച്ചു. അതേസമയം ഹമാസ് ബന്ദികളാക്കിയവരിൽ രണ്ട്‌പേരെ വിട്ടയച്ച സംഭവത്തിൽ ഖത്തറിന് നന്ദി പറഞ്ഞ് അമേരിക്കയും ഐക്യരാഷ്ട്രസഭയും രംഗത്തുവന്നു.

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ഖത്തറിലെ അമേരിക്കൻ അംബാസഡർ ടിമ്മി ടി. ഡേവിസ്, ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് എന്നിവരാണ് ഖത്തറിന്റെ ഇടപെടലിന് നന്ദി അറിയിച്ചത്. 59 വയസ്സുള്ള അമ്മ ജൂഡിത് തായ് റാനൻ, 17 വയസ്സുകാരി മകൾ നതാലി എന്നിവരെയാണ് മാനുഷിക വശം പരിഗണിച്ച് ഹമാസ് കഴിഞ്ഞ ദിവസം മോചിപ്പിച്ചത്.

ഖത്തറിന്റെ അഭ്യർത്ഥനയെ തുടർന്ന് മോചിപ്പിച്ചതായി ഹമാസ് വക്താവ് വ്യക്തമാക്കിയിരുന്നു. പിന്നാലെ, അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ഖത്തറിന്റെ ഇടപെടലിന് നന്ദി അറിയിച്ചു. 'എക്‌സിൽ' പ്രസിഡന്റിന്റെ പോസ്റ്റ് പങ്കുവച്ചാണ് ഖത്തറിലെ അമേരിക്കൻ അംബാസഡർ ടിമ്മി ഡേവിസ് നന്ദി അറിയിച്ചത്.

രണ്ട് അമേരിക്കൻ പൗരന്മാരുടെ മോചനത്തിൽ പങ്കുവഹിച്ച ഖത്തറിന്റെ ഇടപെടലിന് നന്ദിയും അഭിനന്ദനവും അറിയിക്കുന്നതായി അദ്ദേഹം പറഞ്ഞു. മേഖലയിൽ സംഘർഷം വ്യാപിക്കുന്നത് തടയാനും നയതന്ത്ര ഇടപെടലിനുമായി ഖത്തർ വഹിക്കുന്ന പങ്കിനെ അഭിനന്ദിച്ചു കൊണ്ട് വാർത്തസമ്മേളനത്തിൽ പറഞ്ഞ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ വാക്കുകളും അദ്ദേഹം പങ്കുവെച്ചു. അന്താരാഷ്ട്ര വിഷയങ്ങളിൽ മധ്യസ്ഥതയുമായി ഇടപെടുന്ന ഖത്തറിന്റെ പ്രവർത്തനങ്ങളുടെ പട്ടികയിലെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഈ സംഭവം. കഴിഞ്ഞയാഴ്ചയായിരുന്നു റഷ്യൻ കസ്റ്റഡിയിലുള്ള നാലു യുക്രെയ്ൻ കുട്ടികളുടെ മോചനം മോസ്‌കോയിലെ ഖത്തർ എംബസി വഴി സാധ്യമാക്കിയത്.

ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്ക് നന്ദി അറിയിച്ചു. അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ആൽഥാനിയെ ഫോണിൽ വിളിച്ച് ബന്ദിമോചനത്തിലെ ഇടപെടലിന് നന്ദി അറിയിച്ചു. അമേരിക്കയുമായും മറ്റ് അന്താരാഷ്ട്ര പങ്കാളികളുമായും സഹകരിച്ച് കൂടുതൽ ബന്ദികളുടെ മോചനത്തിനായുള്ള ശ്രമങ്ങൾ തുടരുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.