റിയാദ്: ഫലസ്തീൻ - ഇസ്രയേൽ വിഷയത്തിൽ നിലപാട് കടുപ്പിച്ചു സൗദി അറേബ്യ. ഫലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിക്കും വരെ ഇസ്രയേലുമായി നയതന്ത്ര ബന്ധമില്ലെന്ന് സൗദി അറേബ്യ പ്രഖ്യാപിച്ചു. ഫലസ്തീനികളുടെ ന്യായമായ അവകാശങ്ങൾ നേടിയെടുക്കുന്നതിൽ ഉറച്ചുനിൽക്കുന്നുവെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

1967-ലെ അതിർത്തിപ്രകാരമുള്ള സ്വതന്ത്ര ഫലസ്തീൻ യാഥാർഥ്യമാകണമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇസ്രയേൽ ബന്ധത്തെക്കുറിച്ച് അമേരിക്കയുമായി നടത്തിയ നിരവധി ചർച്ചകൾക്ക് ശേഷമാണ് സൗദി അറേബ്യയുടെ ശക്തമായ നിലപാട് അറിയിച്ചത് എന്നതും ശ്രദ്ധേയമാണ്. ഫലസ്തീൻ വിഷയത്തിൽ സൗദി അറേബ്യയുടെ നിലപാട് എല്ലായ്‌പ്പോഴും ഉറച്ചതാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

സഹോദരങ്ങളായ ഫലസ്തീൻ ജനത അവരുടെ നിയമാനുസൃതമായ അവകാശങ്ങൾ നേടിയെടുക്കേണ്ടതിന്റെ ആവശ്യകത വളരെ അധികമാണെന്ന് പ്രസ്താവനയിൽ പറയുന്നു. അറബ്-ഇസ്രയേൽ സമാധാനത്തിനായി യുഎസ് നടത്തുന്ന ശ്രമങ്ങളെ അംഗീകരിക്കുന്നതായി പ്രസ്താവനയിൽ പറയുന്നു. എന്നാൽ, കിഴക്കൻ ജറുസലേമിനെ തലസ്ഥാനമായി അംഗീകരിച്ച് 1967-ലെ അതിർത്തി പ്രകാരം സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ചില്ലെങ്കിൽ ഇസ്രയേലുമായി നയതന്ത്ര ബന്ധമില്ലെന്നും ഇസ്രയേൽ സൈന്യത്തെ പിൻവലിച്ച് ഗസ്സ യുദ്ധം അവസാനിപ്പിക്കാനും സൗദി ആഹ്വാനം ചെയ്തിട്ടുണ്ട്.

ഫലസ്തീൻ രാഷ്ട്രത്തിന്റെ അംഗീകാരം വേഗത്തിലാക്കാൻ യുഎൻ രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളോട് സൗദി ആവശ്യപ്പെട്ടു. ഇസ്രയേൽ-ഹമാസ് ആക്രമണം ആരംഭിക്കുന്നതിന് ആഴ്ചകൾക്ക് മുമ്പ് സൗദി അറേബ്യയും ഇസ്രയേലും പരസ്പരം ബന്ധം സാധാരണ നിലയിലാക്കാനുള്ള ഒരുക്കത്തിലായിരുന്നു. ഇതിനിടെയാണ് യുദ്ധത്തിന്റ വർധനവ്. ഗസ്സയിൽ യുദ്ധം ആരംഭിച്ചതോടെ സൗദി കരാർ താൽക്കാലികമായി മരവിപ്പിക്കുകയായിരുന്നു.

യുഎസുമായുള്ള പ്രതിരോധ ഉടമ്പടിക്ക് പകരമായി സൗദി അറേബ്യ ഇസ്രയേലുമായി ഒരു കരാറിന് തയ്യാറെടുത്തിരുന്നു. ഇതും ഗസ്സയിലെ ഇസ്രയേൽ ആക്രമണത്തെ തുടർന്ന് പിൻവലിച്ചിരുന്നു. ഗസ്സയിൽ ആക്രമണം ശക്തമാക്കിയതോടെ സൗദി അറേബ്യ ഇസ്രയേലിന്അന്തിമ മുന്നറിയിപ്പ് നൽകിയിരുന്നു. യുദ്ധം നാലു മാസം പിന്നിടുമ്പോൾ തെക്കൻനഗരമായ ഖാൻ യൂനിസിൽ യുദ്ധം രൂക്ഷമായിരിക്കുകയാണ്. ഒക്ടോബർ 7നുശേഷം ഇതുവരെ 27,585 ഫലസ്തീൻകാരാണു കൊല്ലപ്പെട്ടത്. 226 ഇസ്രയേൽ സൈനികരും കൊല്ലപ്പെട്ടു.

താൽക്കാലിക വെടിനിർത്തലിന് യുഎസ് മുൻകയ്യെടുത്തു തയാറാക്കിയ കരാറിനോടു ഹമാസ് അനുകൂലപ്രതികരണം അറിയിച്ചിട്ടുണ്ട്. കരാർ സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. ഖത്തർ പ്രധാനമന്ത്രി ജാസിം അൽ താനിയാണ് ഹമാസ് അനുകൂല പ്രതികരണം സ്വീകരിച്ചതായി അറിയിച്ചത്. നിലവിൽ ഹമാസിന്റെ പ്രതികരണം അവലോകനം ചെയ്യുകയാണെന്നാണ് ഇസ്രയേലും അമേരിക്കയും പ്രതികരിച്ചത്.

സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമാണ് കൂടിക്കാഴ്‌ച്ച നടത്തിയത്. റിയാദിൽ നടന്ന കൂടിക്കാഴ്ചയിൽ ഉഭയകക്ഷി ബന്ധത്തിന്റെ വശങ്ങളും സംയുക്ത സഹകരണത്തിനുള്ള സാധ്യതകളും അവലോകനം ചെയ്തു. യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി മിഡിൽ ഈസ്റ്റ് പര്യടനത്തിന് തുടക്കം കുറിച്ചാണ് റിയാദിലെത്തിയത്. നാല് മാസത്തിനിടെ മേഖലയിലെ അഞ്ചാമത്തെ സന്ദർശനമാണിത്. മേഖലയുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് ആക്കം കൂട്ടുന്നതിനായി ഈയാഴ്ച അവസാനം ഈജിപ്ത്, ഖത്തർ, ഇസ്രയേൽ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങൾ ബ്ലിങ്കൻ സന്ദർശിക്കും.

അതേസമയം ഗസ്സയിലേക്കുള്ള അടിയന്തര മാനുഷിക സഹായം വർധിപ്പിക്കുന്നതിനും അത് ഏറ്റവും ആവശ്യമുള്ളവരിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കാനുമുള്ള ശ്രമങ്ങൾ ചർച്ച ചെയ്യാൻ സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്ച നടത്തിയതായി യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി എക്‌സ് പ്ലാറ്റ്‌ഫോമിൽ ട്വീറ്റ് ചെയ്തു. സംഘർഷം വ്യാപിക്കുന്നത് തടയാൻ ഞങ്ങൾ മേഖലയിൽ നയതന്ത്ര ശ്രമങ്ങളിൽ ഏർപ്പെടുന്നത് തുടരുമെന്നും യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി സൂചിപ്പിച്ചിരുന്നു.