സനാ: ചെങ്കടലിൽ കപ്പലുകൾക്ക് നേരെ വീണ്ടും മിസൈൽ ആക്രമണവുമായി യെമനിലെ ഹൂതികൾ രംഗത്തിറങ്ങിയതോടെ യുഎസ് ആക്രമണവും കടുപ്പിക്കും. രണ്ട് കപ്പലുകൾക്ക് നേരെ ആറ് ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തതായി യു.എസ് സെൻട്രൽ കമാൻഡ് റിപ്പോർട്ട് ചെയ്തു. ഗ്രീക്ക് ഉടമസ്ഥതയിലുള്ള ഒരു കപ്പലിന് മിസൈൽ പതിച്ച് കേടുപാട് സംഭവിച്ചെങ്കിലും യാത്ര തുടർന്നു. ഹൂതി വിമതരുടെ ശക്തികേന്ദ്രങ്ങളിൽ യുഎസ് വ്യോമാക്രമണം നടത്തിയതിന് പിന്നാലെയാണ് കപ്പലുകൾക്ക് നേരെ വീണ്ടും ആക്രമണം ഉണ്ടായത് എന്നതും ശ്രദ്ധേയമാണ്.

മാർഷൽ ദ്വീപുകളുടെ പതാകയുള്ള ഗ്രീക്ക് ഉടമസ്ഥതയിലുള്ള കപ്പലായ എം.വി സ്റ്റാർ നാസിയ എന്ന കപ്പലിനാണ് കേടുപാട് സംഭവിച്ചത്. രണ്ട് മിസൈലുകൾ കപ്പലിന് തൊട്ടടുത്താണ് പതിച്ചത്. കപ്പലിന് ചെറിയ തകരാറാണ് സംഭവിച്ചതെന്നും ആർക്കും പരിക്കില്ലെന്നും യു.എസ് സെൻട്രൽ കമാൻഡ് അറിയിച്ചു.

യു.കെ ഉടമസ്ഥതയിലുള്ള എം.വി മോണിങ് ടൈഡ് കപ്പലിന് നേരെയാണ് യമനിൽ നിന്ന് രണ്ടാമത് ആക്രമണമുണ്ടായത്. കപ്പലിന് സമീപത്ത് സമുദ്രത്തിലാണ് മൂന്ന് മിസൈലുകളും പതിച്ചത്. തകരാറുകളോ പരിക്കോ ഇല്ലെന്നും യു.എസ് സെൻട്രൽ കമാൻഡ് റിപ്പോർട്ട് ചെയ്തു. കപ്പലുകളെ ആക്രമിക്കുന്ന പശ്ചാത്തലത്തിൽ യെമനിലെ ഹൂതി കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് യു.എസും യു.കെയും ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ചെങ്കടലിൽ കപ്പലാക്രമണം.

ജനുവരി 28ന് ജോർദാനിലെ യുഎസ് സൈനിക താവളത്തിന് നേരെയുണ്ടായ ആക്രമണത്തിന് അമേരിക്ക തിരിച്ചടി നൽകിയിരുന്നു. ഇറാൻ റെവല്യൂഷണറി ഗാർഡുമായി ബന്ധമുള്ള ഇറാഖിലെയും സിറിയയിലെയും കേന്ദ്രങ്ങൾ ആക്രമിച്ചായിരുന്നു യു.എസ്. മറുപടി. ഇതിന് തൊട്ടുപിന്നാലെയാണ് യെമനിലെ ഹൂതികേന്ദ്രങ്ങൾക്കു നേരെയുള്ള ആക്രമണം.

ചെങ്കടലിലെ കപ്പൽനീക്കത്തിനു നേരെ ഹൂതികൾ തുടർച്ചയായ ആക്രമണം നടത്തുന്നുണ്ട്. ഇതിന് മറുപടി എന്ന നിലയ്ക്കാണ് അമേരിക്കയുടെയും ബ്രിട്ടന്റെയും സൈനികനടപടി. ആഗോള വ്യാപാരത്തെയും നിരപരാധികളായ നാവികരുടെ ജീവനെയും അപകടത്തിലാക്കാനുള്ള ഹൂതികളുടെ ശേഷി തകർക്കലാണ് ആക്രമണത്തിലൂടെ ലക്ഷ്യമാക്കിയതെന്ന് ആക്രമണത്തിന് പിന്നാലെ പുറത്തുവിട്ട പ്രസ്താവനയിൽ അമേരിക്കയും ബ്രിട്ടനും വ്യക്തമാക്കി. ഹൂതികളുടെ ആയുധ സംഭരണ കേന്ദ്രങ്ങൾ, മിസൈൽ സംവിധാനങ്ങൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ തുടങ്ങിയവയ്ക്ക് നേരെയാണ് അമേരിക്ക- ബ്രിട്ടൻ ആക്രമണം നടന്നത്.

ഗസ്സയിലെ ഇസ്രയേൽ യൂദ്ധത്തിന് പതികാരമായി ചെങ്കടലിലെ ഇസ്രയേൽ ബന്ധമുള്ളതും ഇസ്രയേലിനെ പിന്തുണക്കുന്ന രാഷ്ട്രങ്ങളുടെയും കപ്പലുകൾ ആക്രമിക്കുമെന്ന് ഹൂതി സംഘം പ്രഖ്യാപിച്ചിരുന്നു. ഗസ്സക്കെതിരായ ഇസ്രയേൽ ആക്രമണം അവസാനിപ്പിക്കുകയും ഫലസ്തീൻ ഉപരോധം അവസാനിപ്പിക്കുകയും ചെയ്യുന്നത് വരെ അന്താരാഷ്ട്ര കപ്പൽപ്പാതയിൽ ഇസ്രയേൽ ബന്ധമുള്ള കപ്പലുകൾ ആക്രമിക്കുമെന്നാണ് ഹൂതികൾ പ്രഖ്യാപിച്ചത്.