- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലണ്ടൻ പൊലീസിന് ഫലസ്തീൻ പക്ഷപാതമെന്ന് ലേഖനം; ഇന്ത്യൻ വംശജയായ ബ്രിട്ടീഷ് ആഭ്യന്തര മന്ത്രി സുവെല്ല ബ്രേവർമാനെ ഋഷി സുനക് പുറത്താക്കി; വിദേശ കാര്യമന്ത്രി ജെയിംസ് ക്ലവേർലി പകരം ചുമതല ഏറ്റെടുക്കും
ലണ്ടൻ: ഇന്ത്യൻ വംശജയായ ബ്രിട്ടീഷ് ആഭ്യന്തര മന്ത്രി സുവെല്ല ബ്രേവർമാനെ പ്രധാനമന്ത്രി ഋഷി സുനക് പുറത്താക്കി. പകരം വിദേശ കാര്യ മന്ത്രി ജെയിംസ് ക്ലവേർലി ആ ചുമതല ഏറ്റടുക്കും. അപ്പോൾ ക്ലെവർലിക്ക് പകരം ആരു വരും? മുൻ പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ ഡൗണിങ് സ്ട്രീറ്റിലേക്ക് എത്തിയത് റിപ്പോർട്ട് ചെയ്ത ബിബിസി അദ്ദേഹം വിദേശകാര്യ മന്ത്രിയുടെ ചുമതല ഏറ്റെടുത്തേക്കാമെന്നും പറയുന്നു.
സുവെല്ല ബ്രേവർമാനെ പുറത്താക്കുന്നതിന് പ്രധാനമന്ത്രി ഋഷി സുനകിനുമേൽ സമ്മർദം ശക്തമായിരുന്നു. ഫലസ്തീൻ അനുകൂല പ്രതിഷേധക്കാരോട് ലണ്ടൻ പൊലീസ് പക്ഷപാതപരമായ സമീപനമാണ് കാണിക്കുന്നതെന്നാരോപിച്ച് ബുധനാഴ്ച ബ്രിട്ടീഷ് ദിനപത്രമായ 'ദി ടൈംസി'ൽ സുവെല്ലയെഴുതിയ ലേഖനമാണ് രോഷത്തിനുകാരണം. എന്നാൽ, ഇന്ത്യൻ വംശജ കൂടിയായ സുവെല്ലയിൽ തനിക്ക് പൂർണ വിശ്വാസമുണ്ടെന്ന് അന്ന് സുനകിന്റെ ഓഫീസ് പ്രസ്താവനയിറക്കിയിരുന്നു.
''ഈ പ്രതിഷേധമാർച്ചുകൾ ഗസ്സയ്ക്ക് സഹായമെത്തിക്കാനുള്ള മുറവിളികളാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. വടക്കൻ അയർലൻഡിൽ കണ്ടുവരുന്നതുപോലെ ചില പ്രത്യേക ഗ്രൂപ്പുകളുടെ-ഇസ്‌ലാമിസ്റ്റുകളുടെ-പ്രാമുഖ്യത്തിനുവേണ്ടിയുള്ള അവകാശവാദമാണത്'' -ഇങ്ങനെയാണ് സുവെല്ലയെഴുതിയത്. ചില മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ ഫലസ്തീൻ അനുകൂലനിലപാട് സ്വീകരിക്കുകയാണെന്നും അവർ കുറ്റപ്പെടുത്തിയിരുന്നു.
ഇസ്രയേൽ-ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് നടക്കുന്ന വിദ്വേഷപ്രചാരണങ്ങൾക്കും അക്രമങ്ങൾക്കുമെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സുനകും സുവെല്ലയും നേരത്തേ വ്യക്തമാക്കിയിരുന്നു. ബിബിസിയിൽ വന്ന ഒരുലേഖനപ്രകാരം, ബ്രേവർമാന് സർക്കാരിൽ മറ്റൊരു പദവി വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാൽ, അവർ അതുസ്വീകരിക്കാൻ സാധ്യതയില്ല.
ഇതുരണ്ടാം വട്ടമാണ് ബ്രേവർമാൻ പകുതിക്ക് വച്ച് മന്ത്രിസഭയിൽ നിന്ന് പുറത്താകുന്നത്. 2022 ൽ ലിസ് ട്രസ് സർക്കാരിന്റെ കാലത്തും ബ്രേവർമാൻ ആഭ്യന്തര മന്ത്രിയായിരുന്നു. എന്നാൽ, തന്റെ പേഴ്‌സണൽ ഇ മെയിലിൽ നിന്ന് ഔദ്യോഗിക രേഖ അയച്ചെന്ന ആരോപണം നേരിട്ടതോടെ പുറത്തുപോകേണ്ടി വന്നു. പിന്നീട് കൺസർവേറ്റീവ് പാർട്ടിയുടെ പുതിയ പ്രധാനമന്ത്രിയായി ഋഷി സുനക് അധികാരമേറ്റതോടെ, ആറ് ആഴ്ചകൾക്ക് ശേഷം അവരെ മടക്കി കൊണ്ടുവരികയായിരുന്നു.
എന്തായാലും ബ്രീട്ടീഷ് ഡെയിലിയായ ദി ടൈംസിൽ എഴുതിയ ലേഖനം വീണ്ടും ബ്രേവർമാൻ കുരുക്കായി. ഇടതു-പക്ഷ പ്രക്ഷോഭത്തോട് മെട്രോപോളിറ്റൻ പൊലീസ് മൃദുസമീപനം സ്വീകരിക്കുന്നെന്ന പ്രസ്താവന വിവാദമായതോടെ വീണ്ടും പുറത്തായിരിക്കുകയാണ്.
മറുനാടന് ഡെസ്ക്