- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുക്രെയിൻ റഷ്യ യുദ്ധത്തിനിടെ നാറ്റോയുടെ 32 മത്തെ മെമ്പറായി ചേർന്ന് സ്വീഡൻ

നാറ്റോ
മോസ്‌കോ: വ്ളാഡിമിർ പുടിൻ ഉയർത്തിയ ഒന്നിലേറെ ഭീഷണികൾ... മറ്റ് അംഗരാജ്യങ്ങളുമായുള്ള വാക്കു തർക്കങ്ങൾ... സംഭവ ബഹുലമായ രണ്ട് വർഷങ്ങളോളം കാത്തിരുന്നതിന് ശേഷം സ്വീഡൻ നാറ്റോയിൽ ഔദ്യോഗികമായി അംഗത്വമെടുത്തു. രണ്ട് നൂറ്റാണ്ടായി രാജ്യം പിന്തുടർന്നിരുന്ന സൈനിക നിഷ്പക്ഷത ഉപേക്ഷിച്ചാണ് സ്വീഡൻ ഇപ്പോൾ പാശ്ചാതയ് ചേരിയിൽ നിലയുറപ്പിക്കുന്നത്.
2022 ഫെബ്രുവരിയിൽ റഷ്യ യുക്രെയിനെ ആക്രമിച്ചതോടെയാണ് സ്‌കാൻഡിനേവിയൻ രാജ്യമായ സ്വീഡനും, നോർഡിക് രാജ്യമായ ഫിൻലാൻഡും തങ്ങളുടെ ദീർഘകാലമായി നിലനിന്നിരുന്ന ദേശീയ സുരക്ഷാ നയം പുനർവിചിന്തനത്തിന് വിധേയമാക്കിയത്. രണ്ട് മാസത്തിന് ശേഷം നാറ്റോ സഖ്യത്തിൽ അംഗത്വത്തിനായി അപേക്ഷിക്കുകയും ചെയ്തു.
നീണ്ട ഇരുപത്തി രണ്ട് മാസത്തെ കാത്തിരിപ്പിന് ശേഷം അമേരിക്കൻ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്റണി ബ്ലിൻകൻ, സ്വീഡനെ നാറ്റോ അംഗമാക്കിയതിന്റെ ഔദ്യോഗിക രേഖകൾ സ്വീഡിഷ് പ്രധാനമന്ത്രി ഉൽഫ് ക്രിസ്റ്റേഴ്സണിന് ഇന്നലെ കൈമാറി. "ഇത് സ്വീഡനെ സംബന്ധിച്ച് ഒരു ചരിത്ര മുഹൂർത്തമാണ്." എന്നായിരുന്നു ആന്റണി ബ്ലിൻകൻ ആ നിമിഷത്തെ വിശേഷിപ്പിച്ചത്. ഇപ്പോൾ സ്വീഡൻ കൂടുതൽ സുരക്ഷിതമായ ഒരു രാജ്യമായിരിക്കുന്നു എന്നായിരുന്നു സ്വീഡിഷ് പ്രധാനമന്ത്രിയുടെ പ്രതികരണം.
നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോളൻബെർഗും ഈ ദിവസത്തെ ഒരു ചരിത്ര പ്രാധാന്യമുള്ള ദിവസമായിട്ടാണ് വിശേഷിപ്പിച്ചിരിക്കുന്നത്. നാറ്റോ നയങ്ങളിലും തീരുമാനങ്ങളിലും ഇനിമുതൽ നിർണ്ണായക പങ്ക് വഹിക്കാൻ സ്വീഡനും കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിങ്കളാഴ്‌ച്ച മുതൽ ബ്രസ്സൽസിലെ നാറ്റോ ആസ്ഥാനത്തിന് മുൻപിൽ സ്വീഡിഷ് പതാകയും പാറിപറക്കും.
റഷ്യയുമായി 1,340 കിലോമീറ്റർ അതിർത്തി പങ്കിടുന്ന സ്വീഡനേയും ഫിൻലാൻഡിനെയും നാറ്റോയിൽ അംഗങ്ങളാക്കിയതാണ് സമീപകാലത്ത് നാറ്റോയിൽ നടന്ന ഏറ്റവും സുപ്രധാനമായ വിപുലീകരണം എന്നതിൽ സംശയമില്ല. മാത്രമല്ല, നാറ്റോ സഖ്യം കൂടുതൽ ശക്തമാകാതിരിക്കാൻ എല്ലാ ഭീഷണികളും പുറത്തെടുത്ത റഷ്യൻ പ്രസിഡണ്ട് പുടിനേറ്റ ഒരു തിരിച്ചടി കൂടിയാണ് ഈ തീരുമാനം.
നാറ്റോയുടെ അംഗമെന്ന നിലയിൽ എല്ലാ നാറ്റോ അംഗങ്ങൾക്കും ലഭിക്കുന്ന സുരക്ഷ സ്വീഡനും ലഭിക്കും. സഖ്യത്തിന്റെ നീയമ പ്രകാരം, ഇതിലെ ഏതെങ്കിലും ഒരു അംഗരാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിക്കപ്പെട്ടാൽ അത് സഖ്യത്തിലെ മറ്റ് രാജ്യങ്ങൾക്ക് എതിരെയുള്ള യുദ്ധമായി പരിഗണിച്ച് അതിൽ ഇടപെടും. അതിനൊപ്പം അത്യാധുനിക അന്തർവാഹിനി സാങ്കേതിക വിദ്യയും അതുപോലെ തന്നെ കാര്യക്ഷമമായ ഗ്രിപെൻ ഫൈറ്റർ ജെറ്റുകളുടെ നിർമ്മാണവുമുള്ള സ്വീഡൻ നാറ്റോയിൽ ചേർന്നതോടെ നാറ്റോയുടെ സൈനിക ബലവും വർദ്ധിച്ചിരിക്കുകയാണ്.

