- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചൈനയോട് മുഖം തിരിച്ച് തായ് വാനിലെ വോട്ടർമാർ; ഭരണകക്ഷിയായ ഡിപിപി മൂന്നാം വട്ടവും ജയിച്ചുകയറി; അമേരിക്കൻ അനുകൂലിയായ ലായ് ചിങ് തേ പ്രസിഡന്റായതോടെ മുഖം കറുപ്പിച്ച് ചൈനീസ് ഭരണകൂടം; തായ്വാൻ കടലിടുക്കിൽ കൂടുതൽ പ്രകോപനത്തിന് മുതിരാനും സാധ്യത
തായ്പേയ്: തായ് വാൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ, ഭരണകക്ഷിയായ ചൈനാ വിരുദ്ധ പാർട്ടിക്ക് ജയം. യുദ്ധത്തിനും സമാധാനത്തിനും ഇടയിലുള്ള തിരഞ്ഞെടുപ്പ് എന്ന് ചൈന വിശേഷിപ്പിച്ച തിരഞ്ഞെടുപ്പിൽ ലായ് ചിങ് തെയാണ് ജയിച്ചുകയറിയത്. തായ് വാനിലെ മുഖ്യപ്രതിപക്ഷ കക്ഷിയായ കുമിന്താങ്ങിന്റെ( കെ എം ടി) ഹോ യു ഇഹ് പരാജയം സമ്മതിച്ചു.
അമേരിക്കൻ അനുകൂലിയായ ലായ് യുടെ ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി, ചൈനീസ് ആധിപത്യം അംഗീകരിക്കാത്ത. തായ്വാന്റെ പ്രത്യേക അസ്തിത്വത്തിന് വേണ്ടി വാദിക്കുന്ന പാർട്ടിയാണ്. ചൈനയുമായി വീണ്ടും കൂട്ടിച്ചേർക്കുമെന്ന ഭീഷണികൾക്കിടയിലാണ് പുതിയ പ്രസിഡന്റിനെയും പാർലമെന്റിനെയും തിരഞ്ഞെടുക്കാൻ തയ്വാനിൽ തിരഞ്ഞെടുപ്പ് നടന്നത്.
കെ എം ടിയുടെ ഹോവിനെ കൂടാതെ, മുൻ തായ്പേയ് മേയർ കോ വെൻ ജെയും( 2019 ൽ രൂപീകൃതമായ സ്പോൾ തായ്വാൻ പീപ്പിൾസ് പാർട്ടി) പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ലായ് യുടെ എതിരാളികളായിരുന്നു. തായ്വാനിൽ ജനാധിപത്യം നിലനിൽക്കാൻ ഓരോ വോട്ടും സുപ്രധാനമെന്ന് ലായ് വോട്ടെടുപ്പിന് മുമ്പ് ജനങ്ങളോട് പറഞ്ഞിരുന്നു.
തിരഞ്ഞെടുപ്പിന് മുന്നോടിയായി ചൈനയെ ലായ് യെ പരമാവധി ഇകഴ്ത്തി കാട്ടാൻ ശ്രമിച്ചിരുന്നു. അപകടകാരിയായ വിഘടനവാദി എന്നാണ് ലായ് ചൈനീസ് ഭരണകൂടം വിശേഷിപ്പിച്ചത്. ചർച്ചകൾക്കായി ആവർത്തിച്ച് ആവശ്യപ്പെട്ട ലായ് യെ ചൈനീസ് നേതാക്കൾ കേട്ടതായി പോലും ഭാവിച്ചില്ല. തായ്വാനിൽ സമാധാനം നിലനിർത്താനും, ദ്വീപിന്റെ പ്രതിരോധം മെച്ചപ്പെടുത്താനും താൻ പ്രതിജ്ഞാബദ്ധനാണെന്ന് ലായ് പലവട്ടം പറഞ്ഞിട്ടുണ്ട്. തദ്ദേശീയമായി മുങ്ങിക്കപ്പലുകൾ വികസിപ്പിച്ചെടുക്കാൻ ഇനി ശ്രമങ്ങളുമുണ്ടാകും. യുഎസിലെ മുൻ സ്ഥാനപതി ഹിസിയാവോ ബി കിം ആണു ഡിപിപിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി.
തായ്വാന് ഏതെല്ലാം തരത്തിൽ ഈർഷ്യ ഉണ്ടാക്കാമോ, അതെല്ലാം ചൈന ചെയ്യുന്നുണ്ട്. ശനിയാഴ്ച രാവിലെ തായ്വാൻ കടലിടുക്കിൽ ചൈനീസ് ബലൂണുകൾ പറത്തിയായിരുന്നു പ്രകോപനം. വ്യോമയാന സുരക്ഷയ്ക്ക് ഭീഷണിയാണ് ഈ ബലൂണുകളെന്നും, മന: ശാസ്ത്രപരമായ യുദ്ധമാണ് കഴിഞ്ഞ ഒരുമാസമായി ചൈന നടത്തുന്നതെന്നും തായ്വാൻ പ്രതിരോധ മന്ത്രാലയം കുറ്റപ്പെടുത്തിയിരുന്നു.
കെ എം ടിയുടെ ഹോയും, ലായും തമ്മിൽ വാക്പോരും അടങ്ങുന്നില്ല. ചൈനീസ് ജനതയും, തായ്വാനീസ് ജനതയും തമ്മിൽ സമ്പർക്കം പുനരാരംഭിക്കണമെന്ന പക്ഷക്കാരനാണ് ഹോ. എന്നാൽ, ലായ് തായ്വാന്റെ ഔപചാരികമായ സ്വാതന്ത്ര്യമാണ് കാംക്ഷിക്കുന്നതെന്ന് ചൈന ആരോപിക്കുന്നു. ഹോ ചൈനാ അനുകൂലിയാണെന്ന് ലായ് ആരോപിക്കുമ്പോൾ ഹോ അത് നിഷേധിക്കുന്നു.
മുൻ തായ്പേയ് മേയർ കോ വെൻ ജെയാകട്ടെ യുവ വോട്ടർമാരുടെ ഇഷ്ടം പിടിച്ചുപറ്റിയ നേതാവാണ്. ചൈനയുമായി ബന്ധം പുലർത്തണമെന്നാണ് കോയുടെ താൽപര്യമെങ്കിലും, അതിനു വേണ്ടി തായ്വാന്റെ ജനാധിപത്യത്തെ പണയം വയ്ക്കരുതെന്ന അഭിപ്രായക്കാരനാണ്.
തായ്വാനിൽ ആധിപത്യം ഉറപ്പിക്കാനുള്ള ചൈനീസ് ശ്രമങ്ങൾ ഈ തിരഞ്ഞെടുപ്പോടെ അവസാനിക്കും എന്നൊന്നും കരുതാനാവില്ല. ഒരുപക്ഷേ കൂടുതൽ ശക്തമായ പ്രകോപനം തുടർന്നേക്കാം. രാജ്യാന്തര ചരക്ക് ഗതാഗതത്തിലെ മുഖ്യകേന്ദ്രമെന്ന നിലയിൽ തയ്വാൻ കടലിടുക്കിന്റെ സുരക്ഷ അമേരിക്ക അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങൾക്കും സുപ്രധാനമാണ്. അതുകൊണ്ട് തന്നെ തായ്വാനെ ചൊല്ലി യുഎസും ചൈനയും തമ്മിലുള്ള പിടിവലി ഇനിയും തുടരും.
മറുനാടന് മലയാളി ബ്യൂറോ