- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെങ്കടൽ ആക്രമണത്തിനിടെ ഇന്ത്യൻ സമുദ്രാതിർത്തിയിലുള്ള ചരക്ക് കപ്പലിനെയും ആക്രമിച്ച് ഹൂത്തികൾ; ഗുജറാത്തിലെ വീരവലിൽ നിന്നും 300 നോട്ടിക്കൽ മൈൽ അകലെ വെച്ച് ഡ്രോൺ ആക്രമണം നടത്തിയത് സൗദിയിൽ നിന്നും ഗുജറാത്തിലേക്കുള്ള കപ്പലിന് നേരെ
റിയാദ്: ഗുജറാത്തിനടുത്ത് ഇന്ത്യൻ സമുദ്രാതിർത്തിക്കുള്ളിൽ വെച്ച് ചരക്കു കപ്പലിന് നേരെ ഹൂത്തികളുടെ ഡ്രോൺ ആക്രമണം. ലൈബീരിയൻ പതാക വഹിക്കുന്ന കെമിക്കൽ പ്രൊഡക്ട് ടാങ്കറിന് ഇസ്രയേലുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്നു. സൗദി അറേബ്യയിൽ നിന്നും ഇന്ത്യയിലേക്കുള്ള യാത്രാ മദ്ധ്യേയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തെ തുടർന്ന് കപ്പലിൽ തീപിടുത്തം ഉണ്ടായെങ്കിലും ഉടൻ അണയ്ക്കാൻ ആയതിനാൽ ആർക്കും പരിക്കില്ല.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഹൂത്തി വിമതർ ചെങ്കടലിൽ കപ്പലുകൾക്ക് നേരെ ഡ്രോൺ ആക്രമണങ്ങളും റോക്കറ്റ് ആക്രമണങ്ങളും നടത്തുന്ന പശ്ചാത്തലത്തിലാണ് ഈ ആക്രമണം നടന്നത് എന്നത് ഇതിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. ഇറാന്റെ പിന്തുണയുള്ളവരാണ് ഹൂത്തി വിമതർ. യമന്റെ ഭൂരിഭാഗം പ്രദേശങ്ങളുടെയും നിയന്ത്രണം കൈയിലുള്ള വിമതർ ഇതുവരെ 10 കപ്പലുകളിലായി നൂറോള്ളം ഡ്രോൺ - മിസൈൽ ആക്രമണങ്ങൾ നടത്തിയതായി ഒരു അമേരിക്കൻ വക്താവ് അറിയിച്ചു. ഗസ്സ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രയേലിനെ ഉന്നം വച്ചാണ് ആക്രമണം എന്നും വക്താവ് പറയുന്നു.
ആക്രമണം വർദ്ധിച്ചതോടെ പല പ്രധാന ഷിപ്പിങ് കമ്പനികളും ചെങ്കടൽ വഴിയുള്ള ചരക്ക് നീക്കം നിർത്തിവെച്ചിരിക്കുകയാണ്. എന്നാൽ, ഇന്നലെ ഇന്ത്യൻ സമുദ്രാതിർത്തിയിൽ നടന്ന ആക്രമണത്തിന് പുറകിൽ ആരെന്നത് ഇനിയും സംശയരഹിതമായി തെളിഞ്ഞിട്ടില്ല. വേരാവൽ നഗരത്തിൽ നിന്നും 200 നോട്ടിക്കൽ മൈൽ തെക്ക് പടിഞ്ഞാറായി ആണ് സംഭവം നടന്നതെന്ന് ബ്രിട്ടീഷ് സൈന്യത്തിന്റെ യു കെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് വ്യക്തമാക്കുന്നു.
ക്രൂഡ് ഓയിൽ ആയിരുന്നു കപ്പലിലെന്ന് ചില റിപ്പോർട്ടുകൾ പറയുന്നുണ്ട്. കപ്പലിന് കേടുപാടുകൾ സംഭവിച്ചതായും പറയപ്പെടുന്നു. ചെങ്കടലിൽ നിന്നും മാറി നടക്കുന്ന ആദ്യത്തെ ആക്രമണമാണ്. ഇറാനിയൻ ഡ്രോണുകളുടെ ആക്രമണ പരിധിക്കുള്ളിലാണ് സംഭവം നടന്ന സ്ഥലം എന്നതും ശ്രദ്ധേയമാണ്. ഇന്ത്യൻ നേവിയുടെ ഒരു കപ്പലും വിമാനവും സഹായത്തിനായി സംഭവസ്ഥലത്ത് എത്തുകയുണ്ടായി.
വാണിജ്യ കപ്പലുകൾക്ക് എതിരെ ചെങ്കടലിൽ നടക്കുന്ന ആക്രമണത്തിന് ഇറാന്റെ ഇടപെടലുകൾ ഉണ്ടെന്ന് നേരത്തെ അമേരിക്ക ആരോപിച്ചിരുന്നു. ഹൂത്തികൾക്ക് ദീർഘകാലമായി സഹായങ്ങൾ നൽകിക്കൊണ്ടിരിക്കുന്ന രാജ്യമാണ് ഇറാൻ. ഇത് ഈ മേഖലയിൽ രാഷ്ട്രീയ അസ്ഥിരതക്ക് കാരണമാകുന്നുമുണ്ട്. അതേസമയം, അമേരിക്കയും സഖ്യകക്ഷിക്ലും ഗസ്സയിൽ ആക്രമണം തുടങ്ങിയാൽ ചെങ്കടൽ ഒഴികെയുള്ള സമുദ്രപാതകൾ അടച്ചിടുമെന്ന് ഇറാൻ ഭീഷണി മുഴക്കിയിട്ടുണ്ട്.
മറുനാടന് ഡെസ്ക്