- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗസ്സയിൽ തങ്ങളുടെ മൂന്ന് സൈനികരെ കൂടി ഹമാസ് കൊലപ്പെടുത്തിയതായി ഇസ്രയേൽ
ടെൽഅവീവ്: ഗസ്സയിൽ തങ്ങളുടെ മൂന്ന് സൈനികരെ കൂടി ഹമാസ് കൊലപ്പെടുത്തിയതായി ഇസ്രയേൽ. രണ്ട് സൈനികർക്ക് പരിക്കേറ്റതായും ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ് (ഐ.ഡി.എഫ്) അറിയിച്ചു. തെക്കൻ ഗസ്സയിൽ ഇസ്രയേലിന്റെ 630ാം ബറ്റാലിയനിലെ 36, 30, 27 വയസ്സുള്ള സൈനികരാണ് കൊല്ലപ്പെട്ടത്.
ഒക്ടോബർ 7 മുതൽ 227 ഇസ്രയേലി സൈനികർ കൊല്ലപ്പെട്ടതായാണ് ഇസ്രയേൽ പുറത്തുവിട്ട കണക്കിൽ പറയുന്നത്. ഇന്നലെ മരിച്ചവരുടെ എണ്ണം ഇതിൽ ഉൾപ്പെടുത്തിയതായി അറിയില്ല. അതിനിടെ, 10 അധിനിവേശ ഇസ്രയേൽ സൈനികരെ തങ്ങളുടെ പോരാളികൾ ഏറ്റുമുട്ടലിൽ വധിച്ചതായി ഹമാസ് സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡ് ഇന്നലെ അറിയിച്ചു. തെക്കൻ ഗസ്സയിലെ ഖാൻ യൂനിസിനടുത്ത അബസൻ അൽ കബീറയിലാണ് ഏറ്റുമുട്ടൽ നടന്നത്. നേരിട്ടുള്ള പോരാട്ടത്തിലാണ് സൈനികരെ വധിച്ചതെന്ന് ഖസ്സാം ബ്രിഗേഡ് അറിയിച്ചു.
കൂടാതെ രണ്ട് ദിവസങ്ങളിലായി അഞ്ച് ഇസ്രയേലി ബന്ദികൾ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായും ഖസ്സാം ബ്രിഗേഡ്സിന്റെ വക്താവ് അബു ഉബൈദ പറഞ്ഞു. എട്ടുപേർക്ക് പരിക്കേറ്റതായും ഇവരുടെ നില അതീവ ഗുരുതരാമാണെന്നും പ്രസ്താവനയിൽ പറഞ്ഞു. ശരിയായ ചികിത്സ നൽകാൻ കഴിയാത്തതിനാൽ ഓരോ ദിവസവും ബന്ദികളുടെ ജീവൻ അപകടത്തിലാവുകയാണെന്ന് ഹമാസ് വ്യക്തമാക്കി. പരിക്കേറ്റ ബന്ദികളുടെ ജീവൻ നഷ്ടമായാൽ, മരുന്നും അവശ്യവസ്തുക്കളും തടയുന്ന ഇസ്രയേൽ സൈന്യത്തിന് മാത്രമാണ് ഉത്തരവാദിത്തമെന്ന് മുതിർന്ന ഹമാസ് നേതാവ് പറഞ്ഞു.
അതിനിടെ ഒക്ടോബർ ഏഴിന് ഹമാസ് തടവിലാക്കിയ രണ്ടുപേരെ മോചിപ്പിച്ചതായി ഇസ്രയേൽ. ഫെർണാണ്ടോ സിമോൺ മർമാൻ, ലൂയിസ് ഹർ എന്നീ ബന്ദികളെ 50 പേരെ വധിച്ച നാടകീയമായ ഓപറേഷനിലൂടെ മോചിപ്പിച്ചതായാണ് ഇസ്രയേൽ അവകാശവാദം. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും സൈനിക നേതൃത്വം വ്യക്തമാക്കി. ഹമാസ് ഇതുസംബന്ധിച്ച് പ്രതികരിച്ചിട്ടില്ല. വിജയം വരെ സൈനിക സമ്മർദം തുടരുന്നതിലൂടെ ബന്ദികളെ മോചിപ്പിക്കാൻ കഴിയുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു മാധ്യമങ്ങളോട് പറഞ്ഞു.
ഒക്ടോബർ ഏഴിന് ഇസ്രയേലിൽ കടന്നുകയറി നടത്തിയ മിന്നലാക്രമണത്തിൽ 250ഓളം പേരെ ഹമാസ് ബന്ദിയാക്കിയെന്നാണ് റിപ്പോർട്ട്. ഇതിൽ 100 പേരെ ഡിസംബറിൽ വെടിനിർത്തൽ കരാറിന്റെ ഭാഗമായി മോചിപ്പിച്ചിരുന്നു. നാലുമാസത്തിനിടെ ആദ്യമായാണ് സൈനിക നടപടിയിലൂടെ ബന്ദികളെ മോചിപ്പിച്ചതായ അവകാശവാദം.