- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അൽഷിഫ ആശുപത്രിക്ക് കീഴിൽ 55 മീറ്റർ നീളമുള്ള തുരങ്കമെന്ന് ഇസ്രയേൽ; വീഡിയോ പുറത്തുവിട്ടു; ഹമാസ് ബന്ദികളെ ഭൂഗർഭ അറയിലായിരിക്കാം സൂക്ഷിച്ചിരിക്കുന്നതെന്നും ആരോപണം; രോഗികളുടെ ജഡങ്ങൾ ആശുപത്രിയിൽ കുഴിയുണ്ടാക്കി കൂട്ടിയിട്ട് സംസ്ക്കരിച്ചെന്ന് ഹമാസും
ഗസ്സ: ഹമാസിനെതിരേ രൂക്ഷമായ ആക്രമണം നടത്തുന്നതിനിടയിൽ ഗസ്സ മുനമ്പിലെ ഏറ്റവും വലിയ ആശുപത്രിക്ക് കീഴിൽ ഫലസ്തീൻ തീവ്രവാദികൾ തുരങ്കം നിർമ്മിച്ചു എന്ന ആരോപണം ഉയർത്തി ഒരു കുഴിയുടെ വീഡിയോ ഞായറാഴ്ച ഇസ്രയേൽ പുറത്തുവിട്ടു. തങ്ങളുടെ ആക്രമണ ഉദ്ദേശ്യം ശരിയാണെന്ന് സമർത്ഥിച്ചു കൊണ്ടാണ് ഇസ്രയേൽ വീഡിയോയുമായി രംഗത്തു വന്നിരിക്കുന്നത്.
ഫലസ്തീൻ മേഖലകളിൽ നൂറുകണക്കിന് കിലോമീറ്ററുകൾ വരുന്ന രഹസ്യ തുരങ്കങ്ങളും ബങ്കറുകളും ആയുധ അറകളുമുണ്ടെന്ന് ആരോപണം ഉയർത്തിയതിന് പിന്നാലെയാണ് അൽ ഷിഫ ആശുപത്രിയേക്കുറിച്ചുള്ള ആരോപണങ്ങളിൽ തുരങ്ക വീഡിയോയും വന്നിരിക്കുന്നത്. തുരങ്കങ്ങൾ ആശുപത്രികൾ പോലുള്ള സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളിലാണ് ഫലസ്തീൻ വെച്ചിരിക്കുന്നതെന്നാണ് ആക്ഷേപം. ഗസ്സ സിറ്റിയിലെ അൽ ഷിഫ ഹോസ്പിറ്റലിലെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ഒരു അപ്‌ഡേറ്റിൽ, ഇസ്രയേൽ സൈന്യം തങ്ങളുടെ എഞ്ചിനീയർമാർ 10 മീറ്റർ ആഴമുള്ള ഒരു തുരങ്കം കണ്ടെത്തിയതായും സ്‌ഫോടനാത്മക വാതിലിലേക്ക് 55 മീറ്റർ ഇത് നീളുന്നതായും പറഞ്ഞു.
ഹമാസ് ബന്ദികളെ ഭൂഗർഭ അറയിലായിരിക്കാം സൂക്ഷിച്ചിരിക്കുക എന്ന ഇസ്രയേലിന്റെ ആരോപണം നില നിൽക്കേയാണ് വീഡിയോ വന്നിരിക്കുന്നത്. ഇസ്രയേലിന്റെ ആരോപണം ഹമാസ് നിഷേധിച്ചിട്ടുണ്ട്. എന്നാൽ കമാൻഡ് സെന്ററുകളിലേക്കും ഹമാസിന്റെ ഭൂഗർഭ സ്വത്തുക്കളിലേക്കും ഇസ്രയേൽ സേന പ്രവേശിക്കുന്നത് തടയാൻ ഹമാസ് ഭീകര സംഘടന ഇത്തരത്തിലുള്ള വാതിലുകൾ ഉപയോഗിക്കുന്നതായി ചാരനിറത്തിൽ കമാനങ്ങളുള്ള കോൺക്രീറ്റ് മേൽക്കൂരയുള്ള ഇടുങ്ങിയ പാത കാണിക്കുന്ന വീഡിയോ സഹിതമുള്ള സൈനിക പ്രസ്താവനയിൽ ഇസ്രയേൽ പറയുന്നു. വാതിലിനപ്പുറം എന്താണെന്ന് പ്രസ്താവനയിൽ പറഞ്ഞിട്ടില്ല. ഷിഫ കോമ്പൗണ്ടിലെ ഒരു ഷെഡിൽ നിന്ന് യുദ്ധോപകരണങ്ങൾ അടങ്ങിയ ഒരു ഷാഫ്റ്റിലൂടെയാണ് തുരങ്കത്തിലേക്ക് പ്രവേശിച്ചത്.
അതേസമയം ഗസ്സയിലെ പ്രധാന ആശുപത്രിയിൽ മരിച്ച നിരവധി രോഗികളെ കൂട്ടമായി വലിയൊരു കുഴിയിൽ അടക്കം ചെയ്യാൻ നിർബന്ധിതരായി ആശുപത്രി അധികൃതർ നേരത്തേ ആരോപണം ഉന്നയിച്ചിരുന്നു. ഭൂഗർഭ അറയിലാണ് ബന്ദികളെ ഇട്ടിരിക്കുന്നതെന്ന ആരോപണം ഉന്നയിക്കുന്ന ഇസ്രയേൽ സൈന്യം ആയിരക്കണക്കിന് ആളുകളെ ഭയാനകമായ അവസ്ഥയിൽ എത്തിച്ചിരിക്കുന്നതായി ഡോക്ടർമാർ പറഞ്ഞു. 179 മൃതദേഹങ്ങൾ സംസ്‌കരിച്ചതായി അവർ കൂട്ടിച്ചേർത്തു.
''ആശുപത്രി സമുച്ചയത്തിൽ മൃതദേഹങ്ങൾ ചപ്പുചവറുകൾ പോലെ നിറഞ്ഞു. മോർച്ചറികളിൽ വൈദ്യുതി ഇല്ല. ആശുപത്രിയിലെ ജനറേറ്ററിന്റെ ഇന്ധനം തീർന്നതിനെ തുടർന്ന് മരിച്ചവരിൽ ഏഴ് കുഞ്ഞുങ്ങളും 29 തീവ്രപരിചരണ രോഗികളും ഉൾപ്പെടുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു. എല്ലായിടത്തും ചീഞ്ഞ മാംസഗന്ധമാണെന്നും പറഞ്ഞു.
അതേസമയം ഇസ്രയേലും ഹമാസും തമ്മിലുള്ള താത്കാലിക വെടിനിർത്തൽ ചർച്ചകൾ ഫലപ്രാപ്തിയിലേക്കെന്നാണ് ഖത്തർ പറയുന്നത്. ചർച്ചകൾ അന്തിമ ഘട്ടത്തിലാണെന്ന് വാഷിങ്ടൺ പോസ്റ്റും റിപോർട്ട് ചെയ്തു. ഇതിന് പിന്നാലെ ഗസ്സയിലെ അൽശിഫ ആശുപത്രിയിൽ നിന്നും 31 നവജാത ശിശുക്കളെ തെക്കൻ ഗസ്സയിലേക്ക് മാറ്റി.
അഞ്ചുദിവസത്തെ വെടിനിർത്തലിന് പകരമായി 70ഓളം ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള ഹമാസ്-ഇസ്രയേൽ കരാർ ചർച്ചൾ അന്തിമഘട്ടത്തിലാണെന്നാണ് വാഷിങ്ടൺ പോസ്റ്റ് റിപോർട്ട് ചെയ്തു. ഖത്തറിന്റെ മധ്യസ്ഥതയിൽ സിഐ.എയുടെ നേതൃത്വത്തിൽ ഇതിനായി ആറ് പേജുള്ള രേഖാമൂലമുള്ള കരാർ തയ്യാറാണെന്നും റിപോർട്ടുണ്ട്.
ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽതാനിയും ചർച്ചകളിൽ ശുഭപ്രതീക്ഷ പങ്കുവെച്ചു. ചർച്ചകളിൽ ഇനി അവശേഷിക്കുന്ന വെല്ലുവിളികൾ വളരെ ചെറുതാണെന്നും കരാർ ഉടൻ പ്രാബല്യത്തിൽ വരുമെന്നും യൂറോപ്യൻ യൂണിയൻ വിദേശ നയ മേധാവി ജോസഫ് ബോറലുമായി നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഇതിനിടെ ഇസ്രയേൽ ഭീഷണിയെ തുടർന്ന് ഗസ്സയിലെ അൽശിഫ ആശുപത്രിയിലെ 31 നവജാത ശിശുക്കളെ തെക്കൻ ഗസ്സയിലെ ആശുപത്രിയിലേക്ക് മാറ്റി. ഇതിനിടെ രണ്ട് കുഞ്ഞുങ്ങൾ മരിച്ചു. ഗുരുതരാവസ്ഥയിലുള്ള 120 രോഗികൾ ഇപ്പോഴും അൽശിഫ ആശുപത്രിയിലുണ്ടെന്ന് ഫലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു.
അടിസ്ഥാനസൗകര്യങ്ങളെല്ലാം നിലച്ചതിനാൽ ഈ മാസം 11-ന് അൽ ശിഫ ആശുപത്രി പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. ഇൻക്യുബേറ്ററിൽ കഴിഞ്ഞിരുന്ന എട്ടുകുഞ്ഞുങ്ങൾ മരിക്കുകയുംചെയ്തു. ഈ പശ്ചാത്തലത്തിൽ ശനിയാഴ്ച ആശുപത്രി സന്ദർശിച്ച ലോകാരോഗ്യ സംഘടനാ (ഡബ്ല്യു.എച്ച്.ഒ.) സംഘം 'മരണ മേഖല' എന്നാണ് അൽ ശിഫയെ വിളിച്ചത്.