ഗസ്സ സിറ്റി: ഗസ്സയിൽ ഹമാസ് തടവിലായിരുന്ന രണ്ട് അമേരിക്കൻ ബന്ദികളെ വിട്ടയച്ചു. ഹമാസ് ടെലിഗ്രാം ചാനലാണ് ഇക്കാര്യം പുറത്തുവിട്ടത്. ഒരു അമ്മയും മകളുമാണ് മോചിതരായതെന്ന് നയതന്ത്ര ചർച്ചകൾക്ക് നേതൃത്വം നൽകിയവരെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പറയുന്നു. ഇവരെ റെഡ് ക്രോസിന് കൈമാറിയിട്ടുണ്ട്. ഖത്തറിന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചകളിലാണ് വിട്ടയക്കാൻ തീരുമാനം ഉണ്ടായത്. 59, 18 വയസുകാരായ ഇരുവരെയും ഗസ്സയിലെ റെഡ് ക്രോസ് സംഘത്തിനാണ് ഹമാസ് കൈമാറിയത്.

ബന്ദികളുടെ വിഷയം അനുഗുണ മാർഗത്തിൽ കൈകാര്യം ചെയ്യാൻ ഒരുക്കമാണെന്നും അതിന് ഗസ്സയിലെ ഇസ്രയേൽ ബോംബുവർഷം അവസാനിപ്പിക്കണമെന്നും ഹമാസ് അറിയിച്ചു. മാനുഷിക വശം പരിഗണിച്ചാണ് വിട്ടയക്കുന്നതെന്നും പറഞ്ഞു. 200ഓളം ഇസ്രയേലി ബന്ദികളാണ് ഹമാസിന്റെ നിയന്ത്രണത്തിലുള്ളത്. ഏറെപ്പേരും ജീവനോടെയുണ്ടെന്ന് ഇസ്രയേലും പറയുന്നു.

അതേസമയം, ഗസ്സയിലെ അൽ ഖുദ്‌സ് ആശുപത്രിയിൽ നിന്ന് എല്ലാവരും ഒഴിഞ്ഞ് പോകണമെന്ന് ഇസ്രയേൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് ഫലസ്തീനിയൻ റെഡ് ക്രസന്റ് സൊസൈറ്റി അറിയിച്ചു. 400ഓളം ഗുരുതര രോഗികളും അഭയം തേടിയെത്തിയ 12,000 സാധാരണക്കാരും നിലവിൽ ആശുപത്രിയിൽ കഴിയുന്നുണ്ട്. എല്ലാവരും ഉടൻ ഒഴിയണമെന്നാണ് ഇസ്രയേൽ ആവശ്യപ്പെട്ടതെന്ന് റെഡ് ക്രസന്റ് പ്രതിനിധി പറഞ്ഞു. അൽ അഹ്ലി ആശുപത്രിയിൽ സംഭവിച്ചത് പോലൊരു കൂട്ടക്കൊല തടയാൻ ഉടനടി അടിയന്തര നടപടി സ്വീകരിക്കാൻ അഭ്യർത്ഥിക്കുന്നുവെന്നും അന്താരാഷ്ട്ര സമൂഹത്തോടായി റെഡ് ക്രസന്റ് പറഞ്ഞു.

കഴിഞ്ഞദിവസം ഗസ്സയിലെ ക്രൈസ്തവ ദേവാലയത്തിന് നേരെയും ജനവാസ കേന്ദ്രങ്ങൾക്ക് നേരെയും നടന്ന ബോംബ് ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടിരുന്നു. അൽ-സെയ്ടൂണിലെ ഗ്രീക്ക് ഓർത്തഡോക്സ് പള്ളിക്ക് നേരെയാണ് ആക്രണണം ഉണ്ടായത്. ക്രൈസ്തവ വിശ്വാസികൾക്ക് പുറമേ, അഭയാർത്ഥികളായി നിരവധി ഇസ്ലാം മത വിശ്വാസികളും പള്ളിക്കകത്ത് ഉണ്ടായിരുന്നു. പള്ളിയിൽ അഭയം തേടിയ നിരവധി പേർ കൊല്ലപ്പെട്ടെന്ന് ഫലസ്തീൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

പലരെയും ആശുപത്രിയിലേക്ക് മാറ്റുന്നതിനാൽ എത്ര പേർ കൊല്ലപ്പെട്ടെന്ന് ഇപ്പോൾ പറയാനാവില്ലെന്നാണ് ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തത്. ചിലർ ഇപ്പോഴും കെട്ടിട അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുകയാണെന്നും എപി റിപ്പോർട്ട് ചെയ്തിരുന്നു

അതേസമയം ഇസ്രയേൽ കരയുദ്ധത്തിന് നീക്കം ശക്തമാക്കുകയാണ്. ഗസ്സയിൽ കരവഴിയുള്ള അധിനിവേശത്തിന് സജ്ജമാകാൻ ഇസ്രയേൽ പ്രതിരോധമന്ത്രി യോവ് ഗാലന്റ് സൈന്യത്തോട് ഉത്തരവിട്ടു. വടക്കൻ ഗസ്സയിലും സുരക്ഷിതമെന്നുകരുതി ജനങ്ങൾ പലായനംചെയ്‌തെത്തിയ തെക്കൻ മേഖലകളിലും ഇസ്രയേൽ വ്യോമാക്രമണം ശക്തമാക്കിയതിനുപിന്നാലെയാണിത്. വടക്കൻ ഇസ്രയേലിലെ ലെബനീസ് അതിർത്തിപട്ടണവും സൈന്യം ഒഴിപ്പിക്കുകയാണ്. ഹമാസിന് പിന്തുണപ്രഖ്യാപിച്ച് ലെബനീസ് സായുധസംഘടനയായ ഹിസ്ബുള്ള ആക്രമണം കടുപ്പിച്ചതോടെ ഇസ്രയേൽസൈന്യം ഇവിടെ പോർമുഖം തുറന്നിരുന്നു. കരയുദ്ധത്തിലേക്ക് കടന്നാൽ ഈ മേഖലകളിൽ ആക്രമണം കനക്കുമെന്നതിനാലാണ് ഒഴിപ്പിക്കൽ.

ഗസ്സ മുനമ്പിനെ ഹമാസിൽനിന്ന് മോചിപ്പിക്കുകയാണ് ലക്ഷ്യമെങ്കിലും അത് പൂർത്തിയായിക്കഴിഞ്ഞാൽ ആ മേഖലയുടെ നിയന്ത്രണം കൈയാളാൻ താത്പര്യമില്ലന്ന് ഇസ്രയേലി പ്രതിരോധമന്ത്രി പറഞ്ഞു. തെക്കൻഗസ്സ നഗരമായ ഖാൻ യൂനുസിൽ ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം ഒട്ടേറെപ്പേർക്ക് പരിക്കേറ്റു. ഗസ്സയിലെ രണ്ടാമത്തെ വലിയ ആശുപത്രിയായ നാസ്സെറിൽ പരിക്കേറ്റവരെ ചികിത്സയ്ക്കാൻ ഇടമില്ലാതായി. ഭൂഗർഭതുരങ്കങ്ങൾ, ആയുധസംഭരണശാലകൾ എന്നിവയടക്കം നൂറിലധികം ഹമാസ് താവളങ്ങൾ ആക്രമണത്തിലൂടെ തകർത്തെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു.

വ്യാഴാഴ്ച ഗസ്സയിലെ അൽ സെയ്തൂണിലുള്ള സെയ്ന്റ് പോർഫിറസ് ഗ്രീക്ക് ഓർത്തഡോക്‌സ് പള്ളിക്കുനേരെയും ആക്രമണമുണ്ടായി. ഇവിടെ സ്ത്രീകളും കുട്ടികളുമടക്കം എട്ടുപേർ കൊല്ലപ്പെട്ടു. ഒട്ടേറെപ്പേർക്ക് പരിക്കേറ്റു. കൂടുതലും അഭയാർഥികളാണ്. 11 ദിവസമായി സമ്പൂർണ ഉപരോധം തുടരുന്ന ഗസ്സയിൽ മാനുഷികപ്രതിസന്ധി രൂക്ഷമായി. സാംക്രമികരോഗ മുന്നറിയിപ്പുണ്ടെങ്കിലും മലിനജലം കുടിക്കുകയല്ലാതെ വേറെ മാർഗമില്ല. മിക്ക പലചരക്കുകടകളിലും ബേക്കറികളിലും ഭക്ഷണസാധനങ്ങളില്ല. ശൗചാലയങ്ങളടക്കമുള്ള അടിസ്ഥാനസൗകര്യങ്ങളെല്ലാം ആക്രമണത്തിൽ തകർന്നിരിക്കയാണ്. ഗസ്സയിലേക്ക് മാനുഷികസഹായമെത്തിക്കാൻ ആദ്യഘട്ടമെന്നനിലയിൽ 20 ട്രക്കുകൾ റാഫ അതിർത്തിവഴി കടത്തിവിടാമെന്ന് ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദേൽ ഫത്താ അൽ സിസി അറിയിച്ചെങ്കിലും അതിർത്തി തുറന്നിട്ടില്ല. വ്യോമാക്രമണത്തിൽ തകർന്ന അതിർത്തിയിലെ റോഡുകൾ ഗതാഗതയോഗ്യമല്ലാത്തതിനാലാണിത്.

റോഡുകളിൽ രൂപപ്പെട്ട ഗർത്തങ്ങളും മറ്റും അടച്ച് സഹായമെത്തിക്കാൻ രണ്ടുദിവസമെടുക്കുമെന്നാണ് സൂചന. വൈദ്യുതിവിതരണം പൂർണമായും നിലച്ചതോടെ ജനറേറ്ററിന്റെ സഹായത്താലാണ് ആശുപത്രികൾ പ്രവർത്തിക്കുന്നത്. നിലവിൽ പല ആശുപത്രികളിലും ജനറേറ്റർ പ്രവർത്തിപ്പിക്കാൻ വേണ്ട ഇന്ധനമില്ല.