ലണ്ടൻ: തെരഞ്ഞെടുപ്പ് നിയമങ്ങളിലും കാര്യമായ മാറ്റങ്ങൾക്ക് ശ്രമിക്കുകയാണ് ബ്രിട്ടീഷ് സർക്കാർ. 15 വർഷത്തിലേറെ കാലം ബ്രിട്ടന് വെളിയിൽ താമസിക്കുന്ന ബ്രിട്ടീഷ് പൗരന്മാർക്കും വോട്ടവകാശം ലഭിക്കുന്ന രീതിയിൽ നിയമങ്ങളിൽ ഭേദഗതി വരുത്താനാണ് നീക്കം. വരുന്ന പൊതു തെരഞ്ഞെടുപ്പിന് ഇത്തരക്കാർക്ക് വോട്ടവകാശം ലഭിക്കുന്ന രീതിയിൽ, അതിനു മുൻപായി ഇത് പാർലമെന്റിൽ പാസ്സാക്കി നിയമമാക്കുവാനാണ് നീക്കം.

യു കെ പ്രവാസികൾക്ക് വോട്ടവകാശം നൽകുന്ന നിയമത്തിന്റെ കരട് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ജനുവരിയിലെ പാർലമെന്റ് സമ്മേളനത്തിൽ ഇത് പാസ്സാക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് യാഥാർത്ഥ്യമാവുകയാണെങ്കിൽ, 2024 ശരത്ക്കാലത്ത് നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ വോട്ടുചെയ്യാനായി, വോട്ടർപട്ടികയിൽ പേർ റെജിസ്റ്റർ ചെയ്യുവാൻ പ്രവാസി ബ്രിട്ടീഷുകാർക്ക് ആവശ്യത്തിന് സമയം ലഭിക്കുമെന്ന് ചില കൺസർവേറ്റീവ് വൃത്തങ്ങൾ അവകാശപ്പെടുന്നു.

ഇത് അന്തരിച്ച ഹാരി ഷിൻഡ്ലർ, കഴിഞ്ഞ 20 വർഷമായി നടത്തിവന്ന പോരാട്ടത്തിന്റെ അന്തിമഫലമാണെന്ന് പറയാം. വിദേശങ്ങളിൽ താമസമാക്കിയ ബ്രിട്ടീഷ് പൗരന്മാർക്ക് വോട്ടവകാശം ലഭിക്കുന്നതിനുള്ള 15 വർഷ കാലാവധിക്കെതിരെ അദ്ദേഹം നിരന്തരം പോരാട്ടം നടത്തിയിരുന്നു. അവസാനം ഇതിനെതിരെ 2016 -ൽ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. മാറിമാറി വന്ന സർക്കാരുകൾ, അവരുടെ മാനിഫെസ്റ്റോയിൽ വാഗ്ദാനം ചെയ്ത ഇക്കാര്യം നടപ്പാക്കാതെ വന്നപ്പോൾ അവസാനം യൂറോപ്യൻ കോർട്ട് ഓഫ് ജസ്റ്റിസിനെയും ഷിൻഡ്ലർ സമീപിച്ചിരുന്നു.

ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ, തന്റെ 101-ാം വയസ്സിൽ ഷിൽഡ്ലർ പക്ഷെ പോരാട്ടത്തിൽ വിജയം കാണാതെ ഈ ലോകത്തുനിന്നും യാത്രയാവുകയായിരുന്നു. എല്ലാ ബ്രിട്ടീഷുകാർക്കും വോട്ടവകാശം ലഭിക്കുന്നതു വരെ ബ്രിട്ടീഷ് ജനധാപത്യം ഒരു സമ്പൂർണ്ണ ജനാധിപത്യമല്ല എന്നായിരുന്നു ഷിൻഡ്ലറുടെ വാദം. അവസാനം സർക്കാർ ഇക്കാര്യത്തിൽ അനുകൂലമായ ഒരു തീരുമാനത്തിലെത്തിയിരിക്കുകയാണെന്നും ഇതിനായി നമ്മൾ ഷിൻഡ്ലറോട് ഏറെ കടപ്പെട്ടിരിക്കുന്നു എന്നുമായിരുന്നു, ഇതിനായി പ്രചാരണം നടത്തിയ ജെയ്ൻ ഗോൾഡിങ് പ്രതികരിച്ചത്.

നിലവിലെ ചട്ടങ്ങൾ അനുസരിച്ച്, ഇപ്പോൾ പുറത്തിറക്കിയ കരട് രേഖ പാർലമെന്റിലെ ജനപ്രതിനിധി സഭയിലും പിന്നീട് പ്രഭു സഭയിലും സമർപ്പിക്കണം. ഇന്നത്തെ സാഹചര്യത്തിൽ ഇരു സഭകളിലും ഈ ബിൽ പാസ്സാകാനാണ് സാധ്യത. ഇതിനായി ആറു മുതൽ എട്ട് ആഴ്‌ച്ചവരെ സമയമെടുത്തേക്കാം. ഇത് നിയമമായാൽ, 15 വർഷക്കാലത്തിൽ അധികമായി ബ്രിട്ടന് വെളിയിൽ താമസിക്കുന്നവർക്കും ബ്രിട്ടീഷ് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ കഴിയും. അവർ ഏറ്റവും അവസാനം വോട്ട് ചെയ്ത നിയോജകമണ്ഡലത്തിലായിരിക്കും വോട്ടിനുള്ള അവകാശം ലഭിക്കുക. അതല്ലെങ്കിൽ, നേരത്തേ ഏത് മണ്ഡലത്തിലായിരുന്നുവോ താമസിച്ചിരുന്നത്, ആ മണ്ഡലത്തിൽ വോട്ടവകാശം ലഭിക്കും.

വോട്ട് അവകാശം ലഭിക്കുന്നതിന് മുൻപായി ബ്രിട്ടൻ വിട്ടുപോയ യുവ തലമുറക്ക് സ്‌കൂൾ രേഖകളോ, പി 45, പി 60 എന്നിവയോ ഹാജരാക്കാം. എന്നാൽ, ഇത് അത്ര ലളിതമായ പ്രക്രിയയായിരിക്കില്ല എന്നാണ് വിവിധ കോണുകളിൽ നിന്നുള്ള പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. 3 മില്യണിലധികം വോട്ടർമാർ നേരത്തെ ഏത് നിയോജകമണ്ഡലത്തിലായിരുന്നു റെജിസ്റ്റർ ചെയ്തത് എന്ന് കണ്ടുപിടിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. പ്രവാസി ബ്രിട്ടീഷുകാർക്കിടയിൽ നടത്തിയ സർവേയിൽ 18 ശതമാനത്തോളം പേർ പറഞ്ഞത്, ഐഡന്റിറ്റി തെളിയിക്കാൻ പരിമിതമായ രേഖകൾ മാത്രം അനുവദിച്ചതിനാൽ അതിന് ഒരു പക്ഷെ കഴിഞ്ഞേക്കില്ല എന്നാണ്.